പാക്സ്കൾക്ക് ഗുണകരമായ പദ്ധതികൾക്ക് മുൻഗണന : എം .കെ കണ്ണൻ


'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന പേരിൽ കേരളാ ബാങ്ക് കടന്നുവന്നത് ഒരുപാട് പ്രതീക്ഷയോടും, അതോടൊപ്പം ആശങ്കയോടും കൂടിയായിരുന്നു. പ്രവർത്തനത്തിന്റെ  രണ്ട് വർഷങ്ങൾ പിന്നിട്ട  വേളയിൽ 
കേരളാ ബാങ്കിന്റെ വൈസ് പ്രസിഡന്റും മുതിർന്ന സഹകാരിയുമായ എം. കെ. കണ്ണൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.

കേരള ബാങ്ക് ആരംഭിക്കുന്ന സമയത്ത്‌ തന്നെ പറഞ്ഞിട്ടുണ്ട് ഗ്രാമീണ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്ന് അത് എത്രത്തോളം യാഥാർഥ്യമായിട്ടുണ്ട്..?

ഗ്രാമീണ മേഖലയുടെ  നിലനില്പിന്റെ അടിസ്ഥാനം തന്നെ കൃഷിയാണ് .അത് മനസ്സിലാക്കിക്കൊണ്ട് വലിയ രീതിയിൽ കേരള ബാങ്ക് ഗ്രാമീണ മേഖലയിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി കൂടുതൽ മൂല്യം നേടിക്കൊടുക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. വൈവിധ്യവതരണത്തിന്റെ ഭാഗമായി നബാർഡിന്റെ എസ് ആർ എഫ് പദ്ധതി ഇവിടെ കേരള ബാങ്ക് മുഖേന നടപ്പിലാക്കി വരികയാണ്. സഹകരണ ബാങ്കുകൾക്ക് ഇത്തരം  പദ്ധതികർക്കായി 4% പലിശയിൽ നബാർഡ് ലോൺ കൊടുക്കും. കൂടാതെ AIF പദ്ധതിയിലൂടെ  3% പലിശയിളവ് കിട്ടുന്നുണ്ട്. 2520 കോടി രൂപയാണ് AlF ൽ കേരളത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 47 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഒരുപാട് പ്രൊജക്ട് പ്രൊപ്പോസലുകൾ വന്നിട്ടുമുണ്ട്.
വെങ്ങിങ്ങിണിശ്ശേരി കോപ് മാര്‍ട്ട്, ആമ്പല്ലൂര്‍ മഞ്ഞള്‍, വെള്ളിക്കുളങ്ങര കദളി കേക്ക്, വാരപ്പെട്ടി കപ്പ എന്നിങ്ങനെ സഹകരണ വലിയ വിജയം നേടിയ പദ്ധതികൾ കാണാം.
 200 കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഫാര്‍മേഴ്്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിക്ക് 40 ലക്ഷം രൂപ തിരിച്ചടയ്ക്കാത്ത വായ്പ,
കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയിലൂടെ 5 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ തുടങ്ങി ഗ്രാമീണ വികസനം ലക്ഷ്യം വെച്ച്  നടത്തുന്ന മറ്റ് പദ്ധതികളുമുണ്ട്.

  PACS കളുടെ കോടിക്കണക്കിനു രൂപ ഷെയർ ഇനത്തിൽ ഉണ്ടെങ്കിലും അവർക്ക് തിരിച്ചു ഗുണകരമായി കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ഒന്നും ഇല്ല എന്ന് പരാതി ഉണ്ടല്ലോ ...?

 കേരള ബാങ്കിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന ആളുകൾ എല്ലാം തന്നെ സഹകാരികൾ ആണ്.അത് കൊണ്ട് ഇക്കാര്യത്തെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ട്. പിന്നെ ഷെയർ അങ്ങനെ തന്നെ തിരിച്ചു കൊടുക്കാനാവില്ലല്ലോ ,ഷെയർ കൊടുത്താൽ പിന്നെ ബാങ്ക് ഇല്ലല്ലോ . പാക്സ്കൾക്ക് ഗുണകരമായ പദ്ധതികളുടെ ആസൂത്രണം നടക്കുന്നുണ്ട്, പാക്‌സുകളുടെ കാര്യത്തിൽ കേരളാ ബാങ്കിന് മുൻഗണനയുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേ സമയം വ്യക്തികളുടെ ഷെയര്റുകൾ  മടക്കികൊടുത്തു കഴിഞ്ഞു . പാക്‌സ്കൾക്ക്   ഡിവിഡൻറ് കൊടുക്കാനായിട്ടില്ല .ഡിവിഡന്റ് അടുത്ത വര്ഷം തന്നെ  കൊടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ് കേരള ബാങ്ക്.


കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ സഹകരണ ബാങ്കുകളുടെ പ്രസക്തി ..?

കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ എന്ന് പറയാം.  സഹകരണ ബാങ്കുകള്‍ ഇവിടെ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍  ലോണും മറ്റ് കാര്യങ്ങളിലൂടെയുമായി  ഇവിടെത്തന്നെ പ്രയോജനപ്പെടുത്തുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇവിടെനിന്ന് നിക്ഷേപം സ്വീകരിച്ച് പുറത്ത്  കൊടുക്കുന്നു. ഉദാഹരണത്തിന് ഒരു സാധാരണക്കാരന് 20,000 രൂപ ആവശ്യം വന്നാല്‍ മറ്റ് ബാങ്കുകളില്‍ പോയാല്‍ നൂറ് കടമ്പകളും  ബുദ്ധിമുട്ടുകളുമാണ് . എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇത്  നിഷ്പ്രയാസം ലഭിക്കുന്നു. കേരളത്തില്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്ത സംസ്‌കാരമില്ല. കുടുംബശ്രീ ഒക്കെ എത്ര കോടിയാണ് എടുത്തിട്ടുള്ളത്. കൃത്യമായി    തിരിച്ചടയ്ക്കുന്നുമുണ്ട്. ഇവിടുത്തെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകൾ.

 റിസർവ് ബാങ്കിന്  കീഴില്‍ വരുമ്പോള്‍ സഹകരണ ബാങ്കുകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നല്ലോ...?


ആര്‍ ബി ഐയുടെ കണ്‍സപ്റ്റില്‍ വരുന്ന ബാങ്കല്ല സർവീസ്  സഹകരണ ബാങ്കുകള്‍. "സർവീസ്" എന്ന വാക്ക് തന്നെ ശ്രദ്ധിക്കൂ  ഇവിടെ ചെയ്യുന്നത് സേവനമാണ്. നീതി സ്റ്റോര്‍, വളം ഡെപ്പോ, സൂപ്പര്‍മാര്‍ക്കറ്റ്,മെഡിക്കൽ സ്റ്റോർ ,ലാബ്  തുടങ്ങിയ നിരവധി വൈവിധ്യവത്കരണ  പദ്ധതികൾ ഇവിടെ നടന്നു വരുന്നുണ്ട്. എങ്കിലും നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങള്‍ വരുന്നുണ്ട് . അത്   നിലവിൽ എല്ലാത്തരത്തിലുള്ള  ബാങ്കുകളെയും ബാധിക്കുന്നുണ്ടല്ലോ.

 കരുവന്നൂര്‍ പോലെയുള്ള സംഭവങ്ങൾ  ആവര്‍ത്തിക്കുന്നതിനെ പറ്റിയുള്ള അഭിപ്രായം ...?

ഒറ്റപ്പെട്ട സംഭവമാണത് .  ഒന്നോ രണ്ടോ സ്ഥലത്ത്
ഉണ്ടായ വിഷയത്തെ ഉയർത്തിപ്പിടിച്ച് സഹകരണ മേഖല തന്നെ ശരിയല്ല എന്ന് പറയുന്ന പ്രവണത ശരിയല്ല .പൊതു പ്രവർത്തകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .  ഉദ്യോഗസ്ഥര്‍ അറിയാതെ പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രം ഒന്നും ചെയ്യാനാകില്ല
ഒരു സഹകരണ സംഘം തകര്‍ന്നാല്‍ നാടിനെ മൊത്തത്തില്‍ ബാധിക്കും എന്നുള്ള കാര്യം എല്ലാവരും ഓർക്കേണ്ടതാണ്. ഇനി ഇത്തരം സംഭവങ്ങൾക്ക്  തടയിടാനുള്ള നിയമ ഭേദഗതി വരുന്നതോടെ  പരിഹാരം ഉണ്ടാകും.

 മലപ്പുറം ജില്ലാ ബാങ്ക്  കേരള ബാങ്കിൽ ലയിക്കുന്നതിന്റെ പുരോഗതി...?

അത് ഉടനെ ഉണ്ടാകും. അല്ലാതെ അവര്‍ക്കും പിടിച്ച് നില്‍ക്കാനാകില്ല. കേരള ബാങ്ക് വഴി കിട്ടുന്ന ആനൂകൂല്യങ്ങള്‍ ഒന്നും തന്നെ  ഇപ്പോള്‍ അവർക്ക്കിട്ടുന്നില്ല. ജീവനക്കാര്‍ക്ക് അനുകൂല നിലപാടാണ് ഉള്ളത്. കോടതി വിധിയും  നമുക്ക് അനുകൂലമാണ്. രാഷ്ട്രീയമായ ചില കുരുക്കുകളാണ് ഇത് ദീർഘിപ്പിക്കുന്നത് . താമസിയാതെ അത് യാഥാർഥ്യമാകും.

 ഭാവി ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ..?

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടുക, ചെറുകിട,വ്യവസായ  സംരംഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള  സാമ്പത്തിക പിന്തുണ നൽകുക എന്നതൊക്കെയാണ് പ്രധാനം. മലപ്പുറം ജില്ലയുടെ കൂടി പൂർണ്ണമായ സഹകരണം ഉണ്ടാവുക,അതോടൊപ്പം  
എന്‍ ആര്‍ ഐ നിക്ഷേപം കൂടി വന്നാല്‍  എല്ലാ അർത്ഥത്തിലും കേരള ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കാകും.


 തയ്യാറാക്കിയത് :സജീഷ് കെ .എസ്, അനീഷ .എം.ഹിന്ദ്
ബാങ്കിങ്ങ്  ഭേദഗതി നിയമം സഹകരണ ബാങ്കുകൾക്ക് തിരിച്ചടിയാകും

 ഡോ. എം. രാമനുണ്ണി- സഹകരണരംഗത്തെ  പകരക്കാരനില്ലാത്ത അതികായൻ. കൃഷിശാസ്ത്രം പഠിച്ച്  ബിസിനസ് മാനേജ്‌മെന്റിൽ പയറ്റി തെളിഞ്ഞ് സഹകരണ ബാങ്കിങ്ങിന് പുതിയ  സമവാക്യങ്ങൾ എഴുതിച്ചേർത്ത കർമനിരതൻ എന്ന് ഒറ്റവാചകത്തിൽ ഉൾകൊള്ളിക്കാവുന്ന ഇദ്ദേഹത്തിന്റെ ജീവിത സപര്യ അടിസ്ഥാന ജനവിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ കഥ കൂടിയാണ്. സഹകരണ മേഖലയിലും സഹകരണ ബാങ്കുകളുടെ ബാങ്കിങ്ങ്  ഇതര പ്രവർത്തനങ്ങളിലും വിപ്ലവകരമായ ഒട്ടേറെ  മാറ്റങ്ങൾക്കു വഴിയൊരുക്കി പുതിയൊരു ബാങ്കിങ്ങ് സംസ്കാരത്തിന് തുടക്കമിട്ട രാമനുണ്ണിയുടെ കരിയർഗ്രാഫിൽ  പറയാൻ നേട്ടങ്ങൾ ഒട്ടേറെ. 
കുടുംബശ്രീയുടെ ആദ്യഘട്ടത്തിൽ നേതൃത്വം നല്കിയിരുന്നവരിൽ ഒരാളായിരുന്ന ഇദ്ദേഹം തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ, ഐ.സി.ഡി.പി. ജനറൽ മാനേജർ  എന്നീ പദവികൾ വഹിച്ചിരുന്നപ്പോൾ  പ്രാഥമിക സഹകരണ സംഘങ്ങളിൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്.  കളക്ഷൻ ഏജൻറ്മാർക്കുള്ള കളക്ഷൻ പിരിക്കുന്നതിനുള്ള  ചെറിയ ഉപകരണം - സിമ്പ്യൂട്ടർ - കൊണ്ടുവന്നതോടൊപ്പം  ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കാൻ  സഹകരണ മേഖലയെ പ്രാപ്തമാക്കാൻ ഇ- ബാങ്കിങ്ങ് സർവത്രികമാക്കി. കൂട്ടുബാധ്യതാ സംഘങ്ങളിലൂടെ(JLG) വനിതാശാക്തീകരണവും സാമ്പത്തിക പരാധീനരായ നിരവധി പേർക്ക് തൊഴിലും  നൽകി സംഘശക്തിയുടെ  വിജയ മോഡൽ ആക്കി ജെ.എൽ.ജി.യെ  മാറ്റി. 
കില എക്സ്റ്റൻഷൻ ഫാക്കൽറ്റി, റബ്‌കോ മാനേജിങ്ങ്  ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് വിരമിച്ചത്. ഇപ്പോൾ തൃശൂർ ഹോളി ഗ്രേസ് ബിസിനസ് സ്കൂളിന്റെ അക്കാദമിക് ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്. സഹകരണ മേഖലയെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുകയും പരിശീലന പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തുവരുന്ന ഈ തൃശ്ശൂർകാരൻ  സഹകരണ പ്രസ്ഥാനത്തിന്റെ  ഇന്നത്തെ അവസ്ഥയെക്കുറിച്ച് സഹകരണരംഗം റിപ്പോർട്ടർ ദേവി ലിജീഷുമായി  സംസാരിക്കുന്നു.

കേന്ദ്ര ബാങ്കിങ് റെഗുലേഷൻ ആക്ടിനെ കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം ...?

ഇൻഡ്യ എന്ന വലിയ രാജ്യത്ത് എല്ലാ പ്രദേശത്തും  ഒരു പോലെയല്ല സഹകരണമേഖലയുടെ  പ്രവർത്തനങ്ങൾ നടക്കുന്നത്. ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. സഹകരണ നിയമപ്രകാരം അതാത് സർക്കാരുകളാണ് സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ആകട് പ്രകാരം ജനങ്ങളുടെ വിശ്വാസം പോവില്ലെങ്കിലും ബാങ്കിങ്ങ് സിസ്റ്റം എന്ന രീതിയിൽ കേരളത്തിൽ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഈ നിയമം ഏറെ ദോഷം ചെയ്യുമെന്നാണ് എൻ്റെ അഭിപ്രായം.

നമ്മുടെ ബാങ്കുകളെ ഈ നിയമം ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത്...?


ആക്ട് പ്രകാരം ബാങ്കിങ് നടത്തുവാനോ ബാങ്കിൻ്റെ ഭാഗമായുള്ള ഉപകരണങ്ങൾ ഉപയോഗിക്കുവാനോ പാടില്ല. ബാങ്ക് ബാങ്കിങ്ങ്, ബാങ്കർ എന്ന പ്രവർത്തന പരിധിയിൽ ഇനി വരുവാനോ ബാങ്ക് എന്ന പദവി ഉപയോഗിക്കാനോ സാധിക്കില്ല. അംഗത്വത്തിലെ ഗ്രെഡിങ്ങ്  സമ്പ്രദായം നിർത്തി ആക്ടീവ് മെമ്പർഷിപ്പിലേക്ക് മാറേണ്ടി വരും. അതായത് ബാങ്കിൽ നിരന്തരമായി ഇടപാടുകൾ നടത്തുന്ന അംഗങ്ങളെ മാത്രം ഉൾപ്പെടുത്തേണ്ടി വരും.

ഈ സാഹചര്യത്തിൽ സഹകരണബാങ്കിന് എന്ത് മുൻ കരുതൽ എടുക്കാൻ കഴിയും...?


സാശ്രയ സംഘങ്ങൾ,എൻ.ജി.ഒ., അയൽക്കൂട്ടം തുടങ്ങിയ കൂട്ടായ്മകളെ ബാങ്കിൻ്റെ ബിസിനസ് കറസ്പോണ്ടൻ്റ് ആയി പ്രവർത്തിപ്പിക്കാം. ചെറിയ മാർജിൻ ലഭിക്കും. പെ ടി എം, ഗൂഗിൾ പേ  എന്നിവപോലുള്ള ഡിജിറ്റൽ പെയ്മെൻ്റ് സൊല്യൂഷനിലേക്ക് പോവാം. ബാങ്കിലേക്ക് പോവാനാണെങ്കിൽ ഔദ്യോഗികമായ ലൈസൻസ് എടുത്തു ബാങ്കായി പ്രവർത്തിക്കാം. 200 കോടി മൂലധനം അതിന് കണ്ടത്തേണ്ടിവരും.

 സഹകരണ ബാങ്കുകൾ നേരിടുന്ന മറ്റു പ്രതിസന്ധികൾ.....?

സഹകരണ ബാങ്കുകളുടെ പ്രവർത്തന വിപുലീകരണം നടക്കാത്തത് ഒരു പ്രതിസന്ധിയാണ്. കൂടാതെ സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾ 40 - 50 വയസിനു മുകളിൽ ഉള്ളവരാണ് യുവജനങ്ങളെ  ആകർഷിക്കുവാൻ കഴിയുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിലും മനുഷ്യവിഭവം (ഹ്യൂമൻ റിസോഴ്സസ്) പ്രയോജനപെടുത്തുന്നതിലും വളരെ പിന്നിലാണ് സഹകരണ മേഖല. സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത കുറഞ്ഞു വരികയും ബാങ്കിന്റെ പ്രവർത്തനം  രാഷ്ട്രീയ പ്രവർത്തകരുടെയൊ, രാഷ്ട്രീയ അനുഭാവികളായ  ജീവനക്കാ രുടെയോ കൈകളിൽ ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. അതായത് അമിതമായ രാഷ്ട്രീയ ഇടപെടൽ സഹകരണ മേഖലയിലെ വലിയൊരു പ്രതിസന്ധി തന്നെയാണ്.

ബാങ്കുകൾ വൈവിധ്യവൽക്കരണത്തിലേയ്ക്ക്  പോകേണ്ടതിൻ്റെ ആവശ്യകത....?

എല്ലാ സഹകരണ സ്ഥാപനത്തിനും അതാത് പ്രദേശത്തെ ജനങ്ങളുമായി കൂടുതൽ ഇടപെഴുകാനും അവരുടെ ആവശ്യങ്ങളെ അടുത്തറിയാനും നോൺ ബാങ്കിങ്ങ്  പ്രവർത്തനങ്ങൾ സഹായിക്കും. ബാങ്കിന് ബിസിനസ് വിപുലീകരിക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ഏത് നോൺ ബാങ്കിങ്ങ്  പ്രവർത്തനങ്ങൾ നടത്തിയാലും അത് നടത്തി കൊണ്ട് പോകാനുള്ള കഴിവ് പ്രധാനമാണ്.

വിവിധ സഹകരണ സ്ഥാപനങ്ങളൊടൊപ്പം അങ്ങ് പ്രവർത്തിച്ചിട്ടുണ്ടല്ലോ. എതൊക്കെ സ്ഥാപനങ്ങളിലാണ് താങ്കൾ സേവനമനുഷ്ട്ടിച്ചിട്ടുള്ളത്...?

1996 ൽ ഐ.സി.ഡി.പി. തൃശൂർ ജില്ലാ ജനറൽ മാനേജരായിട്ടാണ് ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിലാണ് തൃശൂർ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യുട്ടറൈസേഷനൊക്കെ നടപ്പിലാക്കിയത്. കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ കൃഷി ഓഫീസറായി 3 വർഷം ജോലി ചെയ്തു. 2006 മുതൽ 2012 വരെയും 2018 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ തൃശൂർ ജില്ലാ സഹകരണ ബാങ്കിൻ്റെ ജനറൽ മാനേജരായിരുന്നു. 2016മുതൽ 2018 വരെ കൺസ്യൂമർ ഫെഡറേഷൻ്റെ മാനേജിങ്ങ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.


"കേരള സഹകരണ നിയമങ്ങളും ചട്ടങ്ങളും" പുസ്തക പ്രകാശനം ഏപ്രിൽ 30 ന്

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നിയമ സംഹിതയായ "കേരള സഹകരണ നിയമവും ചട്ടങ്ങളും "ഏറ്റവും പുതിയ ഭേദഗതിയടക്കം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുകയാണ്. നിയമത്തിന്റെയും ചട്ടങ്ങളുടെയും അന്തസത്ത ഒട്ടും ചോരാതെ സഹകാരികളിലേക്ക് എത്തിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്തെന്നു പുസ്തകം എഡിറ്റ്‌ ചെയ്ത അഡ്വ. ജോസ് ഫിലിപ്പ് പറഞ്ഞു.
" Co-operative Societies Act and Rules in Kerala "എന്ന പേരിലുള്ള പുസ്തകം ഏപ്രിൽ 30 ന് 4 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. കാർത്തികേയൻ നായർ ഗ്രന്ഥം ഏറ്റു വാങ്ങും. ആർ. കെ. മേനോൻ, അനിൽകുമാർ പരമേശ്വരൻ, അജിത്. കെ. ശ്രീധർ, വി. സീതമ്മാൾ ജോസ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ദിനേശ് ഫുഡ് പ്രൊഡക്ട്സ്: അതിജീവനത്തിന്റെ പാതയിൽ


 (തയ്യാറാക്കിയത് : അഞ്ജു വാസുദേവൻ )
             ഒരു കാലത്ത് സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. ബീഡിതെറുപ്പ് അന്ന് സാധാരണക്കാരന്റെ ഉപജീവനമാർഗമായിരുന്നു. എന്നാൽ ബീഡി വ്യവസായം പ്രതിസന്ധിയിലായപ്പോൾ  ദിനേശ് വൈവിധ്യവൽക്കരണത്തിന്റെ പുതിയ ചിറകുകൾ തേടി. അങ്ങനെയാണ് ദിനേശ്   ഫുഡ് പ്രൊഡക്ട്സ് എന്ന മഹാ സംരംഭത്തിന്റെ തുടക്കം. ദ്രുതഗതിയിലായിരുന്നു വളർച്ച. ഇന്ന് മലയാളി ദിനേശ് ഉൽപ്പന്നങ്ങളെ ചേർത്തുപിടിക്കുമ്പോൾ അത് സഹകരണ മേഖലയുടെ വിജയം കൂടിയാണ്. ദിനേശ് ഉൽപ്പന്നങ്ങളെ കുറിച്ച്, ദിനേശ് ബീഡിയുടെ പ്രതാപ കാലത്തെ കുറിച്ച്, അതിജീവന മാർഗങ്ങളെ കുറിച്ച് പങ്കുവെച്ച് ദിനേശ്  ഗ്രൂപ്പിന്റെ പുത്തൻ അമരക്കാരൻ ദിനേശ് ബാബു എം. കെ. സഹകരണ രംഗത്തോടൊപ്പം

? ദിനേശ് ബീഡി എന്ന തൊഴിലാളി സംരംഭത്തിൽ നിന്ന് ദിനേശ് ഫുഡ് പ്രൊഡക്ട്സ്
എന്ന വലിയ ശൃംഖലയിലേക്ക്.   കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ
ദിനേശ് ബീഡി നിർമ്മാണ സമയത്ത് 2500 തൊഴിലാളികളാണുണ്ടായിരുന്നത്. 90കളിൽ
അത് 42,000 തൊഴിലാളികളിലേക്ക് എത്തി. എന്നാൽ പുകയില വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മേഖല പ്രതിസന്ധിയിലായി. 1996 മുതൽ കേരള ദിനേശ് ബീഡി പരമാവധി തൊഴിലാളികളെ വ്യവസായ മേഖലകളിലേക്ക്
പുനരധിവസിപ്പിക്കുന്നതിന് ശ്രമമാരംഭിച്ചു. 1997ൽ ദിനേശ് ഫുഡ്സിന്റെ രണ്ട്
യൂണിറ്റുകൾ ആരംഭിച്ചു. തൊഴിൽ ഉറപ്പാക്കുകയും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ
പുറത്തിറക്കുക എന്നതുമായിരുന്നു ലക്ഷ്യം. ദിനേശ് ഫുഡ് പ്രൊഡക്ട്സിന്റെ
എല്ലാ യൂണിറ്റുകളിലും ഇന്ന് തൊഴിലെടുക്കുന്ന 90 ശതമാനം പേരും ബീഡി
വ്യവസായവുമായി ബന്ധപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് വരുന്നത്.

? വൈവിധ്യമാണ് ദിനേശ് ഫുഡ്സിന്റെ പ്രത്യേകത. എന്തൊക്കെ ഉൽപ്പന്നങ്ങളാണ്
ഇപ്പോൾ ദിനേശ് വിപണിയിലിറക്കുന്നത്

ദിനേശ് തേങ്ങാപ്പാൽ, കോക്കനട്ട് പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ,
ആയുർവേദിക് ഗ്രേഡ് ഫോർട്ടിഫൈഡ് കോക്കനട്ട് മിൽക്ക് ക്രീം, കോക്കനട്ട്
മിൽക്ക് പൗഡർ, ചിപ്സ്, കോക്കനട്ട് ലഡ്ഡു, manjog എന്ന പേരിൽ കോക്കനട്ട്
ചോക്ലേറ്റ്, സ്ക്വാഷ്, ജാം, സിറപ്പ്, അച്ചാറുകൾ,  അഗ്മാർക് കറിപ്പൊടികൾ,
മസാലകൾ എന്നിവയാണ് ദിനേശ് ഉൽപ്പാദിപ്പിക്കുന്നത്. പൂർണ്ണമായും മെഷീന്റെ
സഹായത്തോടെയാണ് നിർമ്മാണം. ഗുണനിലവാരവും  ഉറപ്പാക്കുന്നു.
ഡിസ്ട്രിബ്യൂട്ടേഴ്സ് വഴിയാണ് വിതരണം. ഓൺലൈൻ മാർക്കറ്റിങ്ങുമുണ്ട്.
ദിനേശ് തേങ്ങാപ്പാലിന് ആവശ്യക്കാരേറെയാണ്. വിദേശത്തേക്കും കയറ്റുമതി
ചെയ്യുന്നു. തേങ്ങാപ്പാലിന് ആഭ്യന്തര വിപണിയിലും വിദേശത്തും അന്വേഷണം
കൂടുതൽ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 1000 ലിറ്റർ
ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക ഉപകരണങ്ങളുള്ള യൂണിറ്റാണ് ദിനേശന്
ഉള്ളത്. കർഷകരിൽനിന്ന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകിയാണ്
നാളികേരം ശേഖരിക്കുന്നത്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുപുറമേ 1999 ദിനേശ് ഇൻഫോർമേഷൻ ടെക്നോളജി
സിസ്റ്റംസ് (ഡിറ്റ്) എന്ന സംരംഭവും രണ്ടായിരത്തിൽ ദിനേശ് അംബ്രല്ല എന്ന
പേരിൽ കുട നിർമ്മാണവും ആരംഭിച്ചു. മികച്ച ഗുണനിലവാരവും മറ്റ് കുടകളെ
അപേക്ഷിച്ച് താരതമ്യേനെയുള്ള വിലക്കുറവും ദിനേശ് അംബ്രല്ലക്ക്
ജനങ്ങൾക്കിടയിൽ കൂടുതൽ സീകാര്യത നേടിത്തന്നു. കുട വിപണനം തുടങ്ങിയ
കാലത്തുതന്നെ മൂന്ന് കോടിയിലധികം രൂപ വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ
കേരളത്തിൽ കണ്ണൂർ, ചാലാട്, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലായി നാല്
കുട നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. 2007ലാണ് വസ്ത്ര നിർമ്മാണ
രംഗത്തേക്ക് ദിനേശ് അപ്പാരൽസ് എന്ന പേരിൽ ദിനേശ് ചുവടുവെക്കുന്നത്.
കണ്ണൂരിലെ താണെ, കാസർഗോഡിലെ ചെറുവത്തൂർ, ചാല എന്നിവിടങ്ങളിൽ വസ്ത്ര
നിർമ്മാണ യൂണിറ്റുകളുണ്ട്. വിദേശത്തേക്കും വസ്ത്രങ്ങൾ കയറ്റുമതി
ചെയ്യുന്നു.

? ഒരു കാലത്ത് തൊഴിലാളികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സംരംഭമാണ്ദിനേശ് ബീഡി. ഒരു കാലത്തെ നാട്ടുചർച്ചകളിലെ നിറസാന്നിധ്യം. ദിനേശ്
ബീഡിയെക്കുറിച്ച്
ദിനേശ് സംരംഭ‌‌ങ്ങൾ തുടങ്ങിയത് ദിനേശ് ബീഡിയിലൂടെയാണ്. ബീഡി
തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യവും നൽകിവരുന്നു. തൊണ്ണൂറുകളിൽ ബീഡി
വ്യവസായം പച്ചപിടിച്ചുതുടങ്ങിയെങ്കിലും ദിനേശ് ബീഡിക്ക് വിപണിയിൽ അപരൻമാർ
എത്തി. ഇതിനോടൊപ്പം പുകയില വിരുദ്ധ കാമ്പയിൻ  കൂടിയായപ്പോൾ മേഖല
പ്രതിസന്ധിയിലായി. എങ്കിലും ഇന്നും 101 ബീഡി യൂണിറ്റുകൾ കേരളത്തിൽ
പ്രവർത്തിക്കുന്നു. 4500 പേർ ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നു. ഒരുമാസം
അഞ്ച് കോടിയോളം രൂപയുടെ ബീഡി വിൽപ്പന നടത്തുന്നുണ്ട്. മെച്ചപ്പെട്ട ജീവിത
സാഹചര്യം ഇന്ന് തൊഴിലാളികൾക്കുണ്ട്. 50 വർഷം പൂർത്തിയാക്കിയ വടക്കേ
മലബാറിന്റെ സഹകരണ മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണ് കേരള
ദിനേശ്.
? മിക്ക സംരംഭങ്ങളും പ്രതിസന്ധി നേരിട്ട ലോക്ക് ഡൗൺ കാലമാണ് കടന്നുപോയത്.
മിക്ക കമ്പനികളും അടച്ചുപൂട്ടി. ദിനേശിന്റെ അവസ്ഥ എന്തായിരുന്നു
ദിനേശിന്റെ എല്ലാ യൂണിറ്റിലുമായി ‌5000 പേർ തൊഴിലെടുക്കുന്നു. ഒരു വർഷം
ഏകദേശം 70 കോടി ടേൺ ഓവർ ഉണ്ട്. മറ്റെല്ലാ സംരംഭങ്ങളെയും പോലെ ഞങ്ങളും
പ്രതിസന്ധി നേരിട്ടിരുന്നു. രാജ്യത്തെ മിക്ക കമ്പനികളും
അടച്ചുപൂട്ടിയെങ്കിലും ദിനേശിന്റെ  തൊഴിലാളികളെ ഒപ്പം നിർത്താൻ
ദിനേശിനായി. ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ നേരിട്ടെത്തിച്ചുകൊടുത്താണ്
പ്രതിസന്ധി ഒരുവിധം മറികടന്നത്. കൊറോണ പ്രതിരോധ ഭാഗമായി മാസ്ക്,
സാനിറ്റൈസർ നിർമ്മാണവുമുണ്ട്. ഗുണനിലവാരമുള്ള, എന്നാൽ സാധാരണക്കാരന്റെ
പോക്കറ്റിന് താങ്ങാനാവുന്ന വിലയിലാണ് ഇവ വിപണിയിലെത്തിച്ചത്.
? ഐടി മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച്
1999 ദിനേശ് ഐടി സിസ്റ്റം സ്ഥാപിച്ചത്. കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാറ്റാ സെന്റർ നിർമ്മിച്ചുകൊണ്ട് സഹകരണ
ബാങ്കുകൾക്ക് ചെലവുകുറഞ്ഞതും സുരക്ഷിതവുമായ രീതിയിൽ സേവനം നൽകിവരുന്നു.
മലബാർ മേഖലയിലെ 32 പ്രമുഖ സഹകരണ ബാങ്കുകളും അവയുടെ 150ൽ പരം ബ്രാഞ്ചുകളും
നാല്  സൊസൈറ്റികളും കേരള ദിനേശിന്റെ 18 പ്രൈമറി സൊസൈറ്റികളും
ഡിറ്റ്സിന്റെ ഡാറ്റാ സെന്റർ വഴിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ
മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളുടെയും ഡാറ്റ സൂക്ഷിക്കാനുള്ള അടിസ്ഥാന
സൗകര്യവും ലഭ്യമാണ്. ദിനേശ് ഐടി സിസ്റ്റംസിന്റെ കോർ ബാങ്കിങ്ങ് സോഫ്റ്റ്
വെയർ ഇന്ന് കേരളത്തിലെ 50ലധികം പ്രമുഖ സഹകരണ ബാങ്കുകളിൽ വിജയകരമായി
പ്രവർത്തിച്ചുവരുന്നു. PACSWARE, PALMS, COIN PROJECT എന്നിവയും ദിനേശ്
സിസ്റ്റംസിന്റെ കീഴിൽ ഫലപ്രദമായി നടപ്പാക്കി.

? സഹകരണ വകുപ്പിലെ ജോലിക്ക് ശേഷം, റിട്ടയർമെന്റ് ജീവിതത്തിന്റെ നാളുകളി‍ൽ
ആണല്ലോ ദിനേശ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്? താങ്കൾ
നടപ്പിലാക്കിയ മാറ്റങ്ങളെ കുറിച്ച്
ദിനേശ് ബീഡിയുടെ കാലം മുതലേ ദിനേശ് സംരംഭത്തെ ആളുകൾക്കറിയാം. ബീഡി
വ്യവസായം പ്രതിസന്ധി നേരിട്ടപ്പോഴാണ് ദിനേശ് മറ്റ് സംരംഭങ്ങൾ ആരംഭിച്ചത്.
പല കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുമ്പോൾ വലിയ തോതിൽ
പരസ്യം ചെയ്യാറുണ്ട്. പരസ്യത്തിലൂടെയാണ് അവ ജനങ്ങൾ അറിഞ്ഞത്. എന്നാൽ
പരസ്യം ചെയ്യുക എന്നത് വലിയ ചെലവുള്ള സംഗതിയായതിനാൽ എല്ലാ
ഉൽപ്പന്നങ്ങൾക്കും പരസ്യം ചെയ്യുക എന്നത് അപ്രാപ്യമായിരുന്നു.
ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതിനായി
സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും കിയോസ്കുകൾ സ്ഥാപിച്ച് ഉൽപ്പന്നങ്ങൾ
പരിചയപ്പെടുത്തി. കൂടുതൽ ജില്ലകളിലേക്ക് ഈ പരിചയപ്പെടുത്തൽ പ്രകിയ
വ്യാപിപ്പിക്കുന്നുമുണ്ട്. ആരോഗ്യ മേഖലയിലേക്ക് ദിനേശിന്റെ പ്രവർത്തനങ്ങൾ
വ്യാപിപ്പിക്കണമെന്നുണ്ട്. ഐടി മേഖല കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ
നടക്കുന്നു. ഇതിലൂടെ നമ്മുടെ നാട്ടിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യത
ഉറപ്പാക്കാനാവും.

? ദിനേശിനെ തേടിയെത്തിയ അംഗീകാരങ്ങളെക്കുറിച്ച്
 ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര വികസന സംഘടനയായ ASSOCHAM 2004 ലെ
ഏറ്റവും നല്ല ചെറുകിട വ്യവസായത്തിന് നൽകുന്ന ഫെയർ ബിസിനസ് പ്രാക്ടീസ്
ദേശീയ അവാർഡിന് കേരള ദിനേശ് ബീഡി വ്യവസായ സഹകരണ സംഘത്തിനെ തെരഞ്ഞെടുത്തു.
തുടർന്നുള്ള അഞ്ചുവർഷങ്ങളിലും ഈ അവാർഡ് ലഭിക്കുകയുണ്ടായി.

മുറ്റത്തെ മുല്ലയുടെ അമരക്കാരൻ


  മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിനെ മറ്റു ബാങ്കുകൾക്ക്  മാതൃകയാക്കി മാറ്റിയെടുത്ത ബാങ്കിൻ്റെ സ്വന്തം സെക്രട്ടറി എം.പുരുഷോത്തമൻ. മനുഷ്യത്വമുള്ള, നന്മയുള്ള സഹകാരി എന്നു മാത്രമെ  അദ്ദേഹത്തെ വിശേഷിപ്പിക്കാനാവൂ, വട്ടിപലിശക്കാരിൽനിന്നും സാധാരണക്കാരെ രക്ഷിച്ചെടുക്കുവാൻ ആവിഷ്‌ക്കരിച്ച  'മുറ്റത്തെ മുല്ല' എന്ന പദ്ധതിയുടെ ശിൽപി. തൻ്റെ സഹജീവികൾക്ക് ജീവിക്കാൻ മെച്ചപ്പെട്ട സാഹചര്യം ഒരുക്കണമെന്ന് കരുതുന്ന അദ്ദേഹത്തിൻ്റെ എല്ലാ ആശയത്തിന് പുറകിലും വലിയൊരു നന്മ നമുക്ക് കാണാനാകും. മണ്ണാർക്കാട് സ്വദേശി കൂടിയായ പുരുഷോത്തമൻ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.സഹകരണ രംഗം റിപ്പോർട്ടർ  ദേവി  ലിജീഷ് നടത്തിയ  മുഖാമുഖത്തിൽ നിന്ന്...
  •  മുറ്റത്തെ മുല്ല എന്ന ലഘു ഗ്രാമീണ വായ്പ പദ്ധതി ഒരു നല്ല കാൽവയ്പായിരുന്നല്ലോ, ഈ ആശയം എങ്ങനെയാണ് ഉരുത്തിരിഞ്ഞത്?  
 പാലക്കാടിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ സ്വകാര്യ മൈക്രോ ഫിനാൻസിൻ്റെ കഴുത്തറപ്പൻ പലിശ നൽകാനാവാതെ 6 വ്യക്തികൾ ആത്മഹത്യ ചെയ്ത ദാരുണ സംഭവമുണ്ടായി. കൊള്ള പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാരുടെ വളർച്ചയെ തടയുന്നതിനുള്ള ബദൽ മാർഗ്ഗം തേടി ഈ ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അന്നുവരെ സാധാരണക്കാരുടെ ചെറുതായ ആവശ്യങ്ങൾക്കുള്ള തുക നൽകാൻ സാധിച്ചിരുന്നില്ല. മൈക്രോ ഫിനാൻസ് മേഖലയിലെ പ്രവേശനം നാട്ടിൻ പുറങ്ങളിലെ നാട്ടു നന്മയെ  മുൻനിർത്തി സാധാരണക്കാർക്ക് വീട്ടുമുറ്റത്ത് തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. കുടുംബശ്രീ മുഖേനയാണ് ഈ തുക നൽകുന്നത്.
  • കാർഷികം , വിപണനം ,വിദ്യാഭ്യാസം, ആരോഗ്യം  എന്നീ  രംഗങ്ങളിലെല്ലാം  ബാങ്കിൻ്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കുവാൻ വിവിധ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഈ പ്രവർത്തനങ്ങൾ ഒരേ പോലെ വിജയിപ്പിച്ചെടുക്കുവാൻ സാധിച്ചത് എങ്ങനെയാണ്? 
  1989 ൽ സഹകരണ ക്രഡിറ്റ് സൊസൈറ്റിയായി രജിസ്ടർ ചെയ്ത് ഏപ്രിൽ 13 ന് പ്രവർത്തനം ആരംഭിക്കുമ്പോൾ 305 അംഗങ്ങളും 30,000 രൂപയും മാത്രമായിരുന്നു ആസ്തി. ഒരു ലക്ഷം ആസ്തി ശേഖരിക്കാൻ പോലും അന്ന് ബാങ്കിനായില്ല. നിരവധി പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്താണ് ബാങ്ക് ഇന്ന് കാണുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്ത്  പ്രമോട്ടിങ് അംഗമായിരുന്നു. പിന്നീട്  ബാങ്ക് തുടങ്ങിയപ്പോൾ സെക്രട്ടറിയായി.  32 വർഷമായി  ബാങ്കിനൊപ്പം എല്ലാ തുടിപ്പുകളും ഏറ്റുവാങ്ങി സഞ്ചരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടന്നു ചെല്ലാൻ സാധിച്ചത് തന്നെ നാട്ടുകാർക്കിടയിൽ സഹകരണ മേഖലയ്ക്ക് ഉള്ള വിശ്വാസ്യത  കൊണ്ടാണ്. കൂടാതെ, ഓരോ പദ്ധതികളും ജനങ്ങൾ അവരുടെ സ്വന്തമായി കണ്ടു. ബാങ്കിനോട് ചേർന്ന് തന്നെയായിരുന്നു കാർഷിക  ഉൽപന്നങ്ങൾ വിറ്റിരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് ബാങ്കിൽ വന്നാൽ ധന ഇടപാടുകൾ മാത്രമല്ല വിപണന സാധ്യതയും ഉണ്ടായി.  ബാങ്കുമായി അടുപ്പമുണ്ടാക്കുന്ന ഇത്തരം രീതികൾ പദ്ധതികളുടെ വിജയത്തിന് മുതൽകൂട്ടായി. എനിക്കൊപ്പമുള്ള മികച്ച ഒരു ടീമും പദ്ധതികൾ വിജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  • . കോവിഡ് കാലത്ത് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് മണ്ണാർക്കാട്ടെ  ജനങ്ങൾക്ക് താങ്ങും തണലുമായി മാറുന്ന കാഴ്ച നാം കണ്ടു . എന്തെല്ലാം  പ്രവർത്തനങ്ങളാണ് താങ്കളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്? 
കോവിഡ് കാലത്ത്  നാട്ടു ചന്തയുടെ പ്രവർത്തനത്തിനാണ്  കൂടുതൽ ശ്രദ്ധ ചെലുത്തിയത്.  മായം ചേർക്കാത്ത പച്ചക്കറിയും മത്സ്യമാംസാദികളും ജനങ്ങൾക്ക് പ്രിയമായി. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. കുടുംബശ്രീ മുഖേന തദ്ദേശീയമായി വളർത്തിയെടുത്ത ഇറച്ചിക്കോഴിയാണ് ഇവിടെ വിൽക്കുന്നത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള സൗകര്യമുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇവിടെ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായമില്ല. ഒരു സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ കേന്ദ്രം. കോവിഡ് കാലത്ത് മറ്റിടങ്ങളിൽ പച്ചക്കറികൾക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിലെ ലോറി വരുന്നത് കാത്തിരുന്നപ്പോൾ മണ്ണാർക്കാട് നിവാസികൾക്ക് പച്ചക്കറിയും  മത്സ്യ മാംസാദികളും സുലഭമായിരുന്നു. മഹാമാരിയുടെ സമയത്ത് മറ്റൊരു പ്രവർത്തനം ബാങ്കിൻ്റെ നീതി ലാബിൽ ഒക്ടോബർ 1ന് തന്നെ കോവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു എന്നതാണ്. പ്രാരംഭഘട്ടത്തിൽ തന്നെ ആൻ്റിജൻ പരിശോധനയ്ക്ക് മറ്റിടങ്ങളിൽ 950 രൂപ  ഈടാക്കിയ സമയത്ത് നമ്മുടെ ലാബിൽ  600 രൂപയ്ക്കാണ് നടത്തിയത്. RTPCR  പരിശോധനയ്ക്കും ചെറിയ തുക മാത്രം ഈടാക്കിയാണ് കോവിഡ് മഹാമാരിയിൽ ജനങ്ങൾക്ക് ഒപ്പം നിന്നത്.
  •  സഹകരണ ബാങ്കുകൾ കൂടുതൽ ജനപ്രിയമാക്കാനും നിലവിലുള്ള പദ്ധതികൾ വ്യാപിപ്പിക്കാനും എന്തെല്ലാം ചെയ്യാൻ സാധിക്കും....?
സഹകരണ മേഖല കാലോചിതമായി മാറണം. ധനമിടപാട് മാത്രമായി ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക്  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ബിസിനസിലൂടെ സേവനവും ഉറപ്പാക്കണം. സഹകരണ ബാങ്കുകൾക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ലന്നാണ് ഞാൻ കരുതുന്നത്. കൂടാതെ  പല ചൂഷണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും ബാങ്കുകൾക്ക് കഴിയും..
  • കേരള ബാങ്കിൻ്റെ ആവിർഭാവം സഹകരണ ബാങ്കിനെ എങ്ങനെ സ്വാധീനിക്കുന്നു.?
ജില്ലാ സഹകരണ ബാങ്കുകൾക്ക് കാലോചിതമായി മാറാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു. ധാരാളം പരിമിതികൾ സഹകരണ ബാങ്കുകൾക്ക് ഉണ്ടായിരുന്നു. കേരള ബാങ്കിലൂടെ ഈ കുറവ് നികത്താൻ കഴിയും. ഗുണപരവും അനിവാര്യവുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. കൂടാതെ ആധുനിക ബാങ്കിങ്ങ് സേവനങ്ങൾ ജനങ്ങൾക്ക്  നൽകുവാനും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാനും സാധിക്കും. ഇപ്പോൾ കേരള ബാങ്ക് അതിൻ്റെ പ്രാഥമിക ഘട്ടത്തിലാണ്.
  •  സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കൂടുതൽ പദ്ധതികൾ സഹകരണ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടൊ...?
തീർച്ചയായും. ബാങ്കിൻ്റെ പല പദ്ധതികളിലും ശക്തിയായി നിന്നത് കുടുംബശ്രീയാണ്. ആയിരത്തിലധികം കുടുംബശ്രീ ഗ്രൂപ്പുകൾ  ബാങ്കിനു കീഴിൽ ഉണ്ട്. ഒരു വിശ്വസ്തമായ കൂട്ടായ്മയായി ആണ് ഇതിനെ കാണുന്നത്. നിലവിൽ ബാങ്കിൻ്റെ നാട്ടുചന്തയിൽ വിൽക്കുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ബാംഗ്ലൂരിൽ നിന്നും വാങ്ങി പാലക്കാട് ഒരു വൈദികൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾ സർവീസ് സൊസൈറ്റി  മുഖേന ഒരു മാസം വളർത്തിയതിനു ശേഷമാണ്  കുടുംബശ്രീഗ്രൂപ്പുകൾക്ക്  കൈമാറുകയും തുടർന്ന് വളർച്ചയെത്തുമ്പോൾ വിൽക്കുകയും ചെയ്യുന്നത്. കോഴിക്കുഞ്ഞുങ്ങളെ  വളർത്തിയെടുക്കലും മാർക്കറ്റിങ്ങും കുടുംബശ്രീയെ  നേരിട്ട്മൊത്തമായി ഏൽപിക്കാനുള്ള  ഒരു പദ്ധതി ആലോചനയിലുണ്ട്.
സഹകരണ മേഖലയുടെ വികസനം സമൂഹത്തിന്റെ വികസനമാണെന്ന് പറഞ്ഞ അദ്ദേഹം ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്താൻ  സഹകരണ പ്രസ്ഥാനത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ലോക് ഡൗൺ കാലത്ത്  നാം നേരിട്ട ഭക്ഷ്യക്ഷാമ പ്രതിസന്ധി നേരിടാൻ   ഓരോ വീട്ടിലും ചെയ്യാൻ കഴിയുന്ന  ഒരു പദ്ധതിയുടെ ആശയം  അവതരിപ്പിച്ചിട്ടാണ് പുരുഷോത്തമൻ  വാക്കുകൾ ഉപസംഹരിച്ചത്. വീട്ടുമുറ്റത്തെ പച്ചക്കറിയും മുട്ടക്കോഴിയും എന്നതുപോലെ ഇറച്ചിക്കോഴിയെയും ഉൾപ്പെടുത്തിയാൽ  ഭക്ഷ്യസുരക്ഷയോടൊപ്പം ആരോഗ്യകരമായ ജീവിതവും ഉറപ്പുവരുത്താം.

കേരള ബാങ്ക് സഹകരണ ബാങ്കുകളുടെ സംരക്ഷണ കവചം 

കേരളത്തിന്റെ സ്വന്തം ബാങ്കായി വന്ന കേരള ബാങ്ക് നമുക്ക് ഒട്ടേറെ പ്രതീക്ഷകളും സ്വപനങ്ങളുമാണ് മുന്നോട്ടു വെക്കുന്നത് ,അതോടൊപ്പം തന്നെ ചില ആശങ്കകളുമുണ്ട് .അത് സഹകരണ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും എന്ന സംശയം നമുക്കെല്ലാവർക്കുമുണ്ട് ഇതിനെല്ലാമുള്ള മറുപടിയാണ് കേരള ബാങ്ക്   പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ   സഹകരണരംഗം മാനേജിങ് എഡിറ്റർ മധു ചെമ്പേരിയുമായി പങ്കു വെക്കുന്നത് .

 ?  കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ സഹകരണ ബാങ്കുകളുടെ വികസനത്തിനായി എന്തെല്ലാം വികസന പദ്ധതികളാണ് കേരള ബാങ്ക് വിഭാവനം ചെയ്യുന്നത് ..?
           = മറ്റു ബാങ്കുകളെ അപേക്ഷിച്ചു കേരള ബാങ്കിന്റെ ഏറ്റവും വലിയ സംരക്ഷിത കവചം എന്ന് പറഞ്ഞാൽ ഗ്രാമീണ മേഖലയിലെ ജനങളുടെ കൈത്താങ്ങാണ്. വെറുതെ കുറച്ചു നിക്ഷേപം കൈയിൽ കിട്ടിയിട്ട് അത് പലിശക്ക് കൊടുക്കുന്നതിനുപരിയായി കേരളീയ സമൂഹത്തിനു എന്തെല്ലാം ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ വലിയ രീതിയിലുള്ള ഒരു പരിഷ്കാര പദ്ധതിക്കു ഞങ്ങൾ തുടക്കം കുറിച്ച് കഴിഞ്ഞു. സമൂഹത്തിന്റെ നാനാ മേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള 22 വായ്‌പ്പാ പദ്ധതികൾ കേരള ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
  പിന്നെ എടുത്ത് പറയാവുന്ന മറ്റൊരു പദ്ധതി കുട്ടികളുമായി ബന്ധപ്പെട്ടതാണ്. സ്കൂൾ തുറക്കുന്നത്തോടെ അത് ആരംഭിക്കും.7,8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള നിക്ഷേപ ബോധവത്കരണ പദ്ധതിയാണത്.
കുട്ടികളുടെ കൈയിലെ ചില്ലറ തുട്ടുകൾ മുതൽ ബാങ്ക് സ്വീകരിക്കും.. കുട്ടി ബാങ്കിലേക്ക് വരാതെ സ്കൂളിലും വീട്ടിലുമായി ചെന്ന് പണം സ്വീകരിക്കും.ഒരു കുട്ടിയെ സംബന്ധിച്ചു ഏഴാം ക്‌ളാസ് മുതൽ ആരംഭിക്കുന്ന നിക്ഷേപം, അവർ പത്ത് പാസ്സായി പതിനൊന്നിലേക്ക് കടക്കുമ്പോൾ കൂടുതൽ പണചിലവ് വരും അപ്പോൾ
രക്ഷിതാക്കൾക്ക് ഇത് വലിയ ആശ്വാസമാകും.
ഓരോ വിദ്യാർത്ഥിക്കും അത്യാവശ്യ കാര്യങ്ങൾ രക്ഷിതാവിനെ ആശ്രയിക്കാതെ ചെയ്യുവാനും ഇത് ഗുണം ചെയ്യും. കുട്ടികളിൽ  ഇത് ഇന്നില്ലാത്ത ഒരു ബോധവത്ക്കരണം  ഉണ്ടാക്കും. ഒന്നും നഷ്ടപ്പെടാതെ ഇതെല്ലാം സൂക്ഷിക്കണം എന്ന സമ്പാദ്യ ശീലം അവരിൽ ഉറക്കാൻ ഇത് വഴിയൊരുക്കും.
ഈ ഗണത്തിൽ പെട്ട കുട്ടികളിൽ പഠനത്തിൽ മികവ് തെളിയിക്കുന്നവർക്ക് ബാങ്കിന്റെ വക ഒരു പരിതോഷികവും നൽകും .കോർ ബാങ്കിംഗ് സിസ്റ്റം മുതൽ ഇക്കാലത്തെ ഏറ്റവും നൂതനമായ എല്ലാ ബാങ്കിംഗ് സംവിധാനങ്ങളും ഞങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ആധുനിക ബാങ്കിംഗ് മേഖലയിൽ ഒരു ഉപഭോക്താവിന് ബാങ്കിൽ എത്താതെ കാര്യങ്ങൾ നടത്താനുള്ള സംവിധാനം ഞങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കാര്യത്തിലാണെങ്കിൽ ഐ ടി മേഖലക്കാവശ്യമായ ട്രെയിനിങ് ആണ് ഉദ്ദേശിക്കുന്നത്.
 ഭവന വായ്‌പ്പയുടെ കാര്യമാണെങ്കിൽ പുതിയ വീട് നിർമ്മിക്കാൻ മാത്രമല്ല, പുതുക്കി പണിയാനും പുതിയ, പഴയ, വീട്, ഫ്ലാറ്റ് എന്നിവ വാങ്ങുവാനുമുള്ള വായ്‌പ്പ ഉണ്ട്. പുതിയ വീടിനു 30  ലക്ഷം രൂപ  വായ്പ കൊടുക്കും, പുതുക്കി പണിയുന്നതിനു 20 ലക്ഷവും കൊടുക്കും.
ബാങ്കിന്റെ 22 വായ്പ്പാ പദ്ധതികൾ ഏതെല്ലാം മേഖലകളിലാണ്, പലിശ നിരക്ക് എത്ര, എങ്ങനെ വാങ്ങാം എന്നീ കാര്യങ്ങൾ വിവരിക്കുന്ന ഒരു പുസ്തകം ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇത് മുഴുവൻ സഹകരണ സംഘങ്ങളിലും എത്തിക്കും.

 ? കേരള ബാങ്കിന്റെ വരവിൽ സഹകരണ ബാങ്കുകൾക്ക് ഒരു ആശങ്ക വന്നു പെട്ടിട്ടുണ്ട്.. അതേക്കുറിച്ച് വിശദീകരിക്കാമോ...?
        = ഒട്ടും വൈകാതെ തന്നെ ആ ആശങ്ക പരിഹരിക്കും. ഇരുന്നൂറോളം സംഘങ്ങൾ വരെ ഓരോ ജില്ലയിലുമുണ്ട്. എറണാകുളത്തു തന്നെ 227 സംഘങ്ങളുണ്ട്. ഓരോ ജില്ലയിലുമായി യോഗം വിളിക്കാനാണു പരിപാടി, സ്റ്റേറ്റ് ബാങ്കിന്റെയും ജില്ലാ ബാങ്കിന്റെയും ഓഫിസർ മാർ അവരുടെ പ്രശ്നങ്ങൾ കേൾക്കും, അവരുടെ പ്രശ്നങ്ങൾ അവിടെ തന്നെ പരിഹരിക്കും.. പക്ഷെ കോവിഡ് കാലമായതു കൊണ്ട് സാഹചര്യം പ്രതികൂലമാണ്. കുറച്ചു ആളുകളെ വെച്ച് എങ്കിലും വൈകാതെ ആ പരിപാടി കേരള ബാങ്ക് സംഘടിപ്പിക്കും.ഇപ്പോഴുള്ള നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം പ്രൈമറി സഹകരണ സംഘങ്ങളുടേതു തന്നെയാണ് .അത് കൊണ്ട് അവർ തന്നെയാണ് കേരള ബാങ്കിന്റെ ഉടമസ്ഥർ .അവരുടെ സഹായ സഹകരണങ്ങളോടും  ഉപദേശ നിർദേശങ്ങളോടും കൂടി തന്നെയാണ് കേരള ബാങ്ക് മുന്നോട്ടു പോകുന്നത് . 

  ?  Packs കൾക്ക് പുറമെ സാധാരണ വനിതാ കോപ്പറേറ്റീവ് സൊസൈറ്റി ,മൾട്ടി പർപ്പസ് സൊസൈറ്റി തുടങ്ങിയ സംഘങ്ങൾക്ക് വേണ്ടി  നമ്മൾ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ ...?
   = അവർക്ക് ഏതാവശ്യത്തിനും വായ്പ്പഎടുക്കാം .കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും ,ക്ഷീര കർഷകർക്കും ,ഒരേക്കർ ഭൂമിയുള്ള കർഷകർക്കും ,പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർക്കും അതുപോലെ ഫാം തുടങ്ങുന്നതിനും എല്ലാം വായ്പ്പ കൊടുക്കും .എല്ലാ മേഖലകളിലും കേരള ബാങ്ക് സജീവമായി ഇടപെടും 

  ?  സഹകരണ ബാങ്കുകൾ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടല്ലോ, ഇത് കേരളത്തിന്റെ വികസനത്തിന് എത്രത്തോളം സ്വാധീനം ചെലുത്തും ...?
  = ബാങ്കിങ് റെഗുലേഷൻ ആക്ട്  വന്നതോട് കൂടി റിസെർവ്വ് ബാങ്ക് കർക്കശമായ ഒരു സർക്കുലർ പുറത്തിറക്കപ്പുറത്തിറക്കിയിരിക്കുകയാണ് .പ്രൈമറി സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് . ഇത്തരം കാര്യങ്ങൾ ഗ്രാമീണ മേഖലക്ക് വലിയ പ്രയോജനം ചെയ്യുന്ന കാര്യമാണ് എന്നതിൽ സംശയമില്ല .പക്ഷെ അവർ നിലപാട് കടുപ്പിച്ചിരിക്കുകയാണ് 
   
 ?  മലപ്പുറം ജില്ല കേരള ബാങ്കിൽ ലയിക്കാതെ മാറി നിൽക്കുകയാണല്ലോ ..അത് കൊണ്ട് തന്നെ അവർക്ക് നബാര്ഡിന്റെയും കേരള ബാങ്കിന്റെയും പദ്ധതികൾ ഒന്നും തന്നെ കിട്ടുന്നില്ല ..ഇതിനെന്തെങ്കിലും പരിഹാരം കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ആലോചിക്കുന്നുണ്ടോ ..?
            = "മലപ്പുറം ജില്ലയും  കേരള ബാങ്കിനൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു 'എന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു .  കേരള ബാങ്കിന് ഇക്കാര്യത്തിൽ ഒരിക്കലും എതിർ  മനോഭാവം  ഇല്ല അടുത്ത നിമിഷം അവര് കൂടി കേരള ബാങ്കിന്റെ ഒപ്പം ചേരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ,ഞങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണ്.

?   രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ കേരള ബാങ്കിന്റെ നേതൃസ്‌ഥാനത്തു വന്നപ്പോൾ ഇതേ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്തായിരുന്നു ...?
       =  എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടും പ്രവർത്തന രീതിയുമുണ്ട് , പക്ഷെ നമ്മുടെ രാഷ്ട്രീയം പ്രയോഗിക്കാനുള്ള സ്ഥലമല്ല അത് .ജീവനക്കാരുടെ കാര്യം നോക്കാൻ ട്രേഡ് യൂണിയൻ നേതാക്കളുണ്ട് ,പിന്നെ ഇവിടെ വരുന്ന കസ്റ്റമേഴ്സ് വിവിധ ചിന്താഗതിക്കാരായിരിക്കും .അതിന്റെ ഉള്ളിൽ കയറിക്കഴിഞ്ഞാൽ നമ്മുടെ ചിന്തയും പ്രവർത്തിയും കേരള ബാങ്കിന്റെ പുരോഗതി എന്ന ഒറ്റ കാഴ്ച്ചപ്പാട് മാത്രമായിരിക്കും ...