സഹകാരി കഥയെഴുതുകയാണ്

തലക്കെട്ട് സൂചിപ്പിച്ചത് കണ്ണൂർ ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി .എം .വേണുഗോപാലനെ പറ്റിയാണ് . ബാങ്ക് പ്രസിഡണ്ട് എന്നതിനൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവമായ ഇദ്ദേഹം തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കലയ്ക്കും സാഹിത്യത്തിനും സമയം കണ്ടെത്തുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈയിടെ പുറത്തിറങ്ങിയ "കച്ചിലപ്പട്ടണത്തിന്റെ കഥ " എന്ന പുസ്തകം .168 പേജുള്ള ഈ നോവൽ ചരിത്രത്തെയും വർത്തമാനത്തെയും ഇഴ ചേർത്താണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ചെറുപ്പം മുതലേയുള്ള വായന കവിത ,കഥ എഴുത്തിലേക്കും പിന്നീട് കയ്യെഴുത്ത് മാസികയിലേക്കുമായി വളർന്നു .കണ്ണൂരിലെ തീപാറുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസിൽ പെട്ട് 1990 ൽ 3 വര്ഷം കണ്ണൂർ സെന്റർ ജയിലിൽ തടവുകാരനായി കഴിയേണ്ടി വന്നിട്ടുണ്ട് .ജയിലിലെ ദിനങ്ങളെ വേണുഗോപാലൻ ക്രിയാത്മകമാക്കി മാറ്റുകയാണുണ്ടായത് .ഇക്കാലയളവിലാണ് ഡിഗ്രി എടുത്തതും വായന ശക്തമായതും .ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം " അനുഭവങ്ങളുടെ തടവറ "എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കി .പിന്നീടാണ് ചെറുതാഴം ഗ്രാമ പഞ്ചായത്തു പ്രസിഡന്റായി 10 വര്ഷം സേവനമനുഷ്ഠിച്ചത് .ഇക്കാലത്താണ് " ചെറുതാഴം ചരിത്രവും സംസ്കാരവും "എന്ന പേരിലുള്ള പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് .

പൊതു പ്രവർത്തനത്തിന് ഒപ്പം അനുസ്യൂതമായി തുടർന്ന എഴുത്തും വായനയും ഇപ്പോൾ ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ "കച്ചിലപ്പട്ടണത്തിന്റെ കഥ "എന്ന നോവലിൽ എത്തിച്ചേർന്നിരിക്കുന്നു.മലബാറിന്റെ ഭാവി തലമുറ ആഘോഷമാക്കിയേക്കാവുന്ന ഒരു നോവലാണിത് ,മലബാർ പുരോഗമനാശയങ്ങൾക്ക് മനസ്സ് കൊടുത്തതിന്റെ കാര്യകാരണം അന്വേഷിച്ചു പോകുന്നവർക്ക് മൂഷകവംശ സംസ്ഥാപന കാലം തൊട്ടുള്ള പ്രതിരോധങ്ങൾക്കും കമ്മ്യൂണിസ്റ്റ് കർഷക സമരങ്ങൾക്കും ഇടയ്ക്കുള്ള കാലത്തിന്റെ നേർരേഖ വായിച്ചെടുക്കാവുന്നതാണ് .ഈ  ഹിസ്റ്റോറിക്കൽ നോവലിന്റെ പ്രകാശനം നിർവ്വഹിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം .വി .ഗോവിന്ദൻ മാസ്റ്റർ ആണ് .വീട്ടിൽ സ്വന്തമായുള്ള ലൈബ്രറിയിൽ 2000 ൽ അധികം പുസ്തകങ്ങളുണ്ട് .
പൊതു പ്രവർത്തനത്തിന്റെ തിരക്കൊക്കെ ഉണ്ടെങ്കിലും വായന മനസ്സിന്റെ ആനന്ദമാണ് ,അതുപോലെ  എഴുത്ത് മനസ്സിന്റെ ഒരു ത്വരയാണ് അതുകൊണ്ടു എഴുതിപ്പോകുന്നു.എന്തായാലും പ്രസിഡണ്ട് കഥയെഴുതിക്കൊണ്ടിരിക്കുകയാണ് .....അത് ഇനിയും തുടരട്ടെ . 

















കാര്യം സഹകാര്യവുമായി ഇവിടെ ഒരാൾ

കാര്യം സഹകാര്യം എന്ന യൂട്യൂബ് ചാനൽ ഇന്ന് വളരെയേറെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു .സഹകരണ മേഖലയിലെ വിഷയങ്ങൾ വളരെ ലളിതമായി ജനങ്ങളുമായി  പങ്കുവെക്കുന്ന ഈ ചാനലിന്റെ ആശയവും അവതരണവും നിർവ്വഹിക്കുന്നത് തിരൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ ഷിന്റോ ലാസർ  ആണ് .ബാങ്കിൽ ജോലി ചെയ്യുമ്പോഴും തന്റെ ഉള്ളിലെ പ്രതിഭയെ മുറുകെ പിടിച്ചു കൊണ്ട് അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിച്ചു കൊണ്ടിരിക്കുന്ന സഹകരണ മേഖലയിലെ പ്രതിഭ ഷിന്റൊ സഹകരണരംഗം ന്യൂസ് പോർട്ടലിനോട് മനസ്സു തുറക്കുന്നു .

 ? സഹകരണ മേഖലയിൽ ഇങ്ങനെ ഒരു ചാനൽ പുതുമയുള്ള കാര്യമാണ് .ഇങ്ങനെ ഒരു സംരംഭത്തിലേക്ക് വരാനുണ്ടായ സാഹചര്യം എന്താണ് ...?
          = 2014 ലാണ് ഞാൻ ആദ്യമായി സഹകരണ ബാങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലിക്കു വരുന്നത് .2019 ഓഗസ്റ്റിലാണ് സ്ഥിരപ്പെടുന്നത് . യൂട്യൂബ് ചാനൽ തുടങ്ങുന്നതിന്റെ രണ്ടു വര്ഷം മുമ്പേ "കാര്യം സഹകാര്യം "എന്ന പേര് എന്റെ  മനസ്സിൽ ഉണ്ടായിരുന്നു.ഈ ആശയം ഞാൻ ബാങ്ക് സെക്രട്ടറി
 കെ.ബി പ്രദീപുമായി പങ്കു വെച്ചു , അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു ,ധൈര്യമായി മുന്നോട്ടു പൊയ്ക്കോളാൻ പറഞ്ഞു .ആ ഒരു ധൈര്യത്തിലാണ്  ചാനൽ തുടങ്ങുന്നത് .

      ? ഇതിലേക്കുള്ള ആശയങ്ങൾ കണ്ടെത്തുന്നത് എങ്ങനെയാണു ..?
                 =ആശയങ്ങൾ തേടി വരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല ,ഞാൻ ബാങ്കിൽ നിൽക്കുമ്പോൾ കസ്റ്റമേഴ്സ് വന്നു ചോദിക്കാറുണ്ട് , എങ്ങനെയാണു ലോൺ കിട്ടുക .? എങ്ങനെയാണു മെമ്പർഷിപ്പ് കിട്ടുക ? ഡെപ്പോസിറ്റ് ചെയ്യാൻ എന്തൊക്കെ ചെയ്യണം ..? എന്നെല്ലാം .സാധാരണക്കാരന്റെ ഈ സംശയങ്ങൾ നമ്മൾ യൂട്യൂബിലൂടെ ഏറ്റവും സിംപിൾ ആയി പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത് .ബാങ്കിലെ നിയമങ്ങളെ പറ്റി സെക്രട്ടറി ആണ് കൂടുതൽ പറഞ്ഞു തരുന്നത് .പിന്നെ ഡിപ്പാർട്ടമെന്റ് ഓഫീസിലേക്ക് ഞാൻ തന്നെയാണ് പോകാറുള്ളത് ,അവിടുത്തെ ഉദ്യോഗസ്ഥരും  കാര്യങ്ങൾ പറഞ്ഞു തരാറുണ്ട് .

  ? ചാനലിനെ പറ്റി ജനങ്ങളുടെ പ്രതികരണം എന്താണ് ..?
       =വളരെ നല്ല പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നതു .തുടങ്ങിയിട്ട് 7 മാസം ആയിട്ടുള്ളു ഇപ്പോ 1200 ഓളം സബ്സ്ക്രെയ്‌ബേർസ് ഉണ്ട് ,ഞാൻ ഹാപ്പി ആണ് .ആളുകൾ മെയിൽ ചെയ്തു ചോദ്യങ്ങൾ ചോദിക്കാറുണ്ട് .ആദ്യം പോസ്റ്റ് ചെയ്ത വീഡിയോക്കു ഇപ്പോ പന്ത്രണ്ടായിരം വ്യൂവേർസ് ആയി .പിന്നെ സഹകരണ മേഖലയിലെ വ്യക്തിഗതമായ ആദ്യത്തെ വ്ലോഗ് ആണിത് .

   ? ഈ യൂട്യൂബ് ചാനൽ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത് എന്താണ് ..?
    = സഹകരണ ബാങ്കുകളിലേക്ക് യുവ തലമുറ വരുന്നത് വളരെ കുറവാണു ,അതിന്റെ കാരണം ഞാൻ മനസ്സിലാക്കുന്നത് ഇവിടെ നടക്കുന്ന പല ഫെസിലിറ്റിസിനെയും പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് .മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങും ഉൾപ്പടെ ഒരുപാട്  ആധുനീക സൗകര്യങ്ങൾ സഹകരണ ബാങ്കുകളിൽ വന്നു കഴിഞ്ഞു . ഇത് പുതിയ തലമുറയെ അറിയിക്കണമെങ്കിൽ സോഷ്യൽ മീഡിയ തന്നെ വേണം .അതുപോലെ  ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ ഓരോ ബാങ്കുകളും അത്ര മാത്രം വ്യത്യസ്തമായാണ് ചെയ്യുന്നത്, .ഇതൊന്നും ഒരു പരിധി വരെ പുറത്തറിയുന്നില്ല അതുകൊണ്ട് തന്നെ  ലോകം വിരൽ തുമ്പിലായ ഈ കാലത്തു ഇതെല്ലം പുറത്തു അറിയണം ..അതറിയിക്കാൻ എന്നാലാവും വിധമുള്ള എളിയ പ്രവർത്തനമാണ് ഈ യൂട്യൂബ് ചാനൽ .
 ? ഷൂട്ടിങ്ങും എഡിറ്റിങ്ങും എല്ലാം എങ്ങനെയാണു ..?
     = നിജിൽ.പി .വേലായുധൻ എന്ന സുഹൃത്താണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും ചെയ്യുന്നത് .ഇൻഡോർ ഷൂട്ട് ചെയ്യുബോൾ ഞാൻ തന്നെ മൊബൈലിൽ എടുത്ത് സ്വയം എഡിറ്റ് ചെയ്യാറുമുണ്ട് .
ഔട്ഡോർ എല്ലാം നിജിൽ തന്നെയാണ് ചെയ്യുന്നത് .