സ്ഥലം : എറണാകുളം ജില്ലയിലെ കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്.
സമയം : ഉച്ചക്ക് രണ്ടു മണി
ലേഖകൻ ബാങ്കിൽ ഒരാളെയും പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ സമയം ബാങ്കിന് മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ സ്പീഡിൽ വന്നു ബ്രേക്കിട്ട് നിറുത്തി. ഓട്ടോ ഡ്രൈവർ കാക്കി ഷർട്ട് മാറ്റി വണ്ടിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഷർട്ടിട്ട് ബാങ്കിനകത്തേക്ക് കയറി ധൃതിയിൽ നടന്നു വന്ന അദ്ദേഹം എന്നെ കൈവീശി കാണിച്ചു അടുത്തേക്ക് വിളിച്ചു.ഞാൻ ഒപ്പം നടന്നു. ചില്ലു വാതിൽ തള്ളി തുറന്ന്
ഒഴിഞ്ഞു കിടന്ന കസേരയിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. ഇദ്ദേഹമാണ് കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡൻറ് കെ .കെ സതീശൻ.
അല്പം മുൻപ് കണ്ട ഓട്ടോറിക്ഷയും ഡ്രൈവറുടെ കാക്കി വേഷവും പ്രസിഡന്റിന്റെ ഉപജീവനോപാധിയാണ്. സാധാരണ ഗതിയിൽ പൊതു രംഗത്ത് നേതൃസ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾ മറ്റു ജോലികൾ ചെയ്യുന്നത് താരതമ്യേനെ കുറഞ്ഞ നമ്മുടെ നാട്ടിൽ സതീശൻ വ്യത്യസ്തനാവുകയാണ്. നാട്ടുകാർക്ക് പ്രസിഡണ്ടിനെ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല പ്രസിഡണ്ടിനെ ഓട്ടോയുമായി നാട്ടിലെ മുക്കിലും മൂലയിലും കാണാം.
2018 മുതൽ ബോർഡ് മെമ്പറായ ഇദ്ദേഹം പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തിട്ട് നാല് മാസമേ ആയിട്ടുള്ളു. പക്ഷെ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 21 വർഷമായി.

2005 ൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിരുന്ന സമയത്തും ഓട്ടോ ഓടിക്കുമായിരുന്നു. രാവിലെ ബാങ്കിലേക്ക് പോകാനുള്ളത് കൊണ്ട് ആ സമയത്ത് ഓട്ടം പോകാറില്ല ബാങ്കിലെ പരിപാടികൾ കഴിഞ്ഞതിന് ശേഷം രണ്ട് കിലോമീറ്റർ അടുത്തുള്ള ചെമ്മായം ജംഗ്‌ഷനിലെത്തും ഇവിടെയാണ് സ്ഥിരമായി ഓട്ടോ ഇടുന്ന സ്ഥലം.സഹപ്രവർത്തകരുമായി അല്പസമയം കുശല പ്രശ്നങ്ങൾ. പിന്നെ ഓർഡർ അനുസരിച്ച് യാത്രക്കാരെയും കയറ്റി ഓട്ടം തുടങ്ങും
ഈ സവാരികൾക്കിടയിലാണ് ബാങ്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പോകേണ്ട സ്ഥലങ്ങളിലേക്കൊക്കെ പോകുന്നത്.അതോടൊപ്പം വണ്ടിയിൽ കയറുന്നവരും,വഴിയിൽ കണ്ടുമുട്ടുന്നവരുമായ ആളുകളിൽ ചിലരുടെ ബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കൊടുക്കലും മറ്റും നടക്കും.പ്രസിഡൻറ് സ്ഥാനത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർ എന്ന തൊഴിലും ഒരുമിച്ചു കൊണ്ട് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സഹകരണരംഗം ന്യൂസിനോടുള്ള സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. സഹകരണ ബാങ്ക് പ്രസിഡന്റ് എന്നത് ഒരു ചുമതലയാണ്,സ്ഥാനം അല്ല ,സ്ഥാനം എന്നുള്ളത് ഓരോരുത്തരുടെയും മനസ്സിൽ ആണ്.പിന്നെ ഇതൊരു വൺമാൻ ഷോ അല്ല "ക്‌ളാസ്സ് വൺ സ്പെഷ്യൽ ഗ്രേഡ്" ബാങ്കായ കൈതാരം സർവീസ് സഹകരണ ബാങ്കിനെ മുന്നോട്ടു നയിക്കുന്നത് അനുഭവ സമ്പത്തുള്ള ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ചുള്ള ഒരു ടീം ആണ്.ഇന്ന് പ്രസിഡന്റിന്റെ ചുമതല ഞാൻ വഹിക്കുന്നു. എനിക്ക് മുൻപേ ഇവിടെ പ്രവർത്തിച്ച നിരവധി പേരുടെ വിയർപ്പാണ് ഈ ബാങ്കിന്റെ വളർച്ചയുടെ ഇന്ധനം.
പിന്നെ ഓട്ടോറിക്ഷ ഡ്രൈവർ എന്നുള്ളത് ഒരു ജോലിയാണ്. ബാങ്ക് പ്രസിഡന്റിന് ഓട്ടോ ഓടിക്കാൻ പാടില്ല എന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. എപ്പോഴും ജനങ്ങളുമായി ഇടപെടാൻ ഇതൊരു വഴിയാണ് ,ഇനി ഇതിന്റെ ദോഷം പറയാം മുൻപ് സ്ഥിരമായി ഓട്ടം വിളിച്ചിരുന്ന ചിലർ " പ്രസിഡന്റ് എപ്പോഴും തിരക്കിലല്ലേ" എന്ന് കരുതി തീരെ ഓട്ടത്തിന് വിളിക്കാറില്ല എന്നുള്ളതാണ്. ഒരു പൊതു പ്രവർത്തകൻ എപ്പോഴും സജ്ജമായിരിക്കണം എന്നത് പോലെ തന്നെ ഓട്ടോ ഡ്രൈവറും സജ്‌ജമായിരിക്കേണ്ടതുണ്ട്. അസമയത്തൊക്കെ വരുന്ന ആശുപത്രി ആവശ്യങ്ങൾക്ക് സാധാരണക്കാർ പെട്ടെന്ന് ആശ്രയിക്കുന്നത് ഓട്ടോറിക്ഷ തന്നെയാണ്.
ഈ സംഭാഷണത്തിനിടയിൽ പ്രസിഡന്റിന് തുടരെ ഫോൺ കോളുകൾ വരുന്നുണ്ട്.കൂടുതലും ബാങ്ക് സംബന്ധമായതാണ് ഇടക്ക് ഓട്ടോയുടെ ആവശ്യക്കാരും വിളിയ്ക്കുന്നുണ്ട്.

പ്രസിഡൻറ് എന്ന നിലയിൽ ബാങ്കിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ കെ .കെ സതീശൻ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു .
നിർധനരായ ആളുകൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു പദ്ധതി ബാങ്കിന്റെ നേതൃത്വത്തിൽ ആലോചനയിലാണ്.അതോടൊപ്പം ജാതി ,മത ,രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏറ്റവും അർഹതയുള്ള ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ ഒരു വീട് നിർമ്മിച്ചു നൽകുക എന്നുള്ളതും ലക്ഷ്യമാണ് .അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഹൃസ്വമായ ഞങ്ങളുടെ കൂടിക്കാഴ്ച്ച അവസാനിച്ചു.പ്രസിഡന്റിനൊപ്പം ഞാൻ ബാങ്കിന് പുറത്തിറങ്ങി .
കൈ തന്ന് പിരിഞ്ഞ പ്രസിഡൻറ് ഓട്ടോറിക്ഷയിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി KL -42 ,1219 നമ്പറുള്ള ഓട്ടോ ബാങ്കിന് മുന്നിലിട്ട് തിരിച്ച് എതിർദിശയിലേക്ക് പോയി .
ഇതൊരു സന്ദേശമാണ്.
തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന സന്ദേശം.പൊതു പ്രവർത്തനത്തോടൊപ്പം തൊഴിലും എന്ന സന്ദേശം, ജനപ്രതിനിധി ജനങ്ങളിൽ നിന്നും വേറിട്ട ആളല്ല എന്ന വലിയ സന്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.