പാക്സ്കൾക്ക് ഗുണകരമായ പദ്ധതികൾക്ക് മുൻഗണന : എം .കെ കണ്ണൻ


'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന പേരിൽ കേരളാ ബാങ്ക് കടന്നുവന്നത് ഒരുപാട് പ്രതീക്ഷയോടും, അതോടൊപ്പം ആശങ്കയോടും കൂടിയായിരുന്നു. പ്രവർത്തനത്തിന്റെ  രണ്ട് വർഷങ്ങൾ പിന്നിട്ട  വേളയിൽ 
കേരളാ ബാങ്കിന്റെ വൈസ് പ്രസിഡന്റും മുതിർന്ന സഹകാരിയുമായ എം. കെ. കണ്ണൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.

കേരള ബാങ്ക് ആരംഭിക്കുന്ന സമയത്ത്‌ തന്നെ പറഞ്ഞിട്ടുണ്ട് ഗ്രാമീണ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്ന് അത് എത്രത്തോളം യാഥാർഥ്യമായിട്ടുണ്ട്..?

ഗ്രാമീണ മേഖലയുടെ  നിലനില്പിന്റെ അടിസ്ഥാനം തന്നെ കൃഷിയാണ് .അത് മനസ്സിലാക്കിക്കൊണ്ട് വലിയ രീതിയിൽ കേരള ബാങ്ക് ഗ്രാമീണ മേഖലയിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി കൂടുതൽ മൂല്യം നേടിക്കൊടുക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. വൈവിധ്യവതരണത്തിന്റെ ഭാഗമായി നബാർഡിന്റെ എസ് ആർ എഫ് പദ്ധതി ഇവിടെ കേരള ബാങ്ക് മുഖേന നടപ്പിലാക്കി വരികയാണ്. സഹകരണ ബാങ്കുകൾക്ക് ഇത്തരം  പദ്ധതികർക്കായി 4% പലിശയിൽ നബാർഡ് ലോൺ കൊടുക്കും. കൂടാതെ AIF പദ്ധതിയിലൂടെ  3% പലിശയിളവ് കിട്ടുന്നുണ്ട്. 2520 കോടി രൂപയാണ് AlF ൽ കേരളത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 47 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഒരുപാട് പ്രൊജക്ട് പ്രൊപ്പോസലുകൾ വന്നിട്ടുമുണ്ട്.
വെങ്ങിങ്ങിണിശ്ശേരി കോപ് മാര്‍ട്ട്, ആമ്പല്ലൂര്‍ മഞ്ഞള്‍, വെള്ളിക്കുളങ്ങര കദളി കേക്ക്, വാരപ്പെട്ടി കപ്പ എന്നിങ്ങനെ സഹകരണ വലിയ വിജയം നേടിയ പദ്ധതികൾ കാണാം.
 200 കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഫാര്‍മേഴ്്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിക്ക് 40 ലക്ഷം രൂപ തിരിച്ചടയ്ക്കാത്ത വായ്പ,
കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയിലൂടെ 5 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ തുടങ്ങി ഗ്രാമീണ വികസനം ലക്ഷ്യം വെച്ച്  നടത്തുന്ന മറ്റ് പദ്ധതികളുമുണ്ട്.

  PACS കളുടെ കോടിക്കണക്കിനു രൂപ ഷെയർ ഇനത്തിൽ ഉണ്ടെങ്കിലും അവർക്ക് തിരിച്ചു ഗുണകരമായി കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ഒന്നും ഇല്ല എന്ന് പരാതി ഉണ്ടല്ലോ ...?

 കേരള ബാങ്കിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന ആളുകൾ എല്ലാം തന്നെ സഹകാരികൾ ആണ്.അത് കൊണ്ട് ഇക്കാര്യത്തെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ട്. പിന്നെ ഷെയർ അങ്ങനെ തന്നെ തിരിച്ചു കൊടുക്കാനാവില്ലല്ലോ ,ഷെയർ കൊടുത്താൽ പിന്നെ ബാങ്ക് ഇല്ലല്ലോ . പാക്സ്കൾക്ക് ഗുണകരമായ പദ്ധതികളുടെ ആസൂത്രണം നടക്കുന്നുണ്ട്, പാക്‌സുകളുടെ കാര്യത്തിൽ കേരളാ ബാങ്കിന് മുൻഗണനയുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേ സമയം വ്യക്തികളുടെ ഷെയര്റുകൾ  മടക്കികൊടുത്തു കഴിഞ്ഞു . പാക്‌സ്കൾക്ക്   ഡിവിഡൻറ് കൊടുക്കാനായിട്ടില്ല .ഡിവിഡന്റ് അടുത്ത വര്ഷം തന്നെ  കൊടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ് കേരള ബാങ്ക്.


കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ സഹകരണ ബാങ്കുകളുടെ പ്രസക്തി ..?

കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ എന്ന് പറയാം.  സഹകരണ ബാങ്കുകള്‍ ഇവിടെ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍  ലോണും മറ്റ് കാര്യങ്ങളിലൂടെയുമായി  ഇവിടെത്തന്നെ പ്രയോജനപ്പെടുത്തുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇവിടെനിന്ന് നിക്ഷേപം സ്വീകരിച്ച് പുറത്ത്  കൊടുക്കുന്നു. ഉദാഹരണത്തിന് ഒരു സാധാരണക്കാരന് 20,000 രൂപ ആവശ്യം വന്നാല്‍ മറ്റ് ബാങ്കുകളില്‍ പോയാല്‍ നൂറ് കടമ്പകളും  ബുദ്ധിമുട്ടുകളുമാണ് . എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇത്  നിഷ്പ്രയാസം ലഭിക്കുന്നു. കേരളത്തില്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്ത സംസ്‌കാരമില്ല. കുടുംബശ്രീ ഒക്കെ എത്ര കോടിയാണ് എടുത്തിട്ടുള്ളത്. കൃത്യമായി    തിരിച്ചടയ്ക്കുന്നുമുണ്ട്. ഇവിടുത്തെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകൾ.

 റിസർവ് ബാങ്കിന്  കീഴില്‍ വരുമ്പോള്‍ സഹകരണ ബാങ്കുകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നല്ലോ...?


ആര്‍ ബി ഐയുടെ കണ്‍സപ്റ്റില്‍ വരുന്ന ബാങ്കല്ല സർവീസ്  സഹകരണ ബാങ്കുകള്‍. "സർവീസ്" എന്ന വാക്ക് തന്നെ ശ്രദ്ധിക്കൂ  ഇവിടെ ചെയ്യുന്നത് സേവനമാണ്. നീതി സ്റ്റോര്‍, വളം ഡെപ്പോ, സൂപ്പര്‍മാര്‍ക്കറ്റ്,മെഡിക്കൽ സ്റ്റോർ ,ലാബ്  തുടങ്ങിയ നിരവധി വൈവിധ്യവത്കരണ  പദ്ധതികൾ ഇവിടെ നടന്നു വരുന്നുണ്ട്. എങ്കിലും നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങള്‍ വരുന്നുണ്ട് . അത്   നിലവിൽ എല്ലാത്തരത്തിലുള്ള  ബാങ്കുകളെയും ബാധിക്കുന്നുണ്ടല്ലോ.

 കരുവന്നൂര്‍ പോലെയുള്ള സംഭവങ്ങൾ  ആവര്‍ത്തിക്കുന്നതിനെ പറ്റിയുള്ള അഭിപ്രായം ...?

ഒറ്റപ്പെട്ട സംഭവമാണത് .  ഒന്നോ രണ്ടോ സ്ഥലത്ത്
ഉണ്ടായ വിഷയത്തെ ഉയർത്തിപ്പിടിച്ച് സഹകരണ മേഖല തന്നെ ശരിയല്ല എന്ന് പറയുന്ന പ്രവണത ശരിയല്ല .പൊതു പ്രവർത്തകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .  ഉദ്യോഗസ്ഥര്‍ അറിയാതെ പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രം ഒന്നും ചെയ്യാനാകില്ല
ഒരു സഹകരണ സംഘം തകര്‍ന്നാല്‍ നാടിനെ മൊത്തത്തില്‍ ബാധിക്കും എന്നുള്ള കാര്യം എല്ലാവരും ഓർക്കേണ്ടതാണ്. ഇനി ഇത്തരം സംഭവങ്ങൾക്ക്  തടയിടാനുള്ള നിയമ ഭേദഗതി വരുന്നതോടെ  പരിഹാരം ഉണ്ടാകും.

 മലപ്പുറം ജില്ലാ ബാങ്ക്  കേരള ബാങ്കിൽ ലയിക്കുന്നതിന്റെ പുരോഗതി...?

അത് ഉടനെ ഉണ്ടാകും. അല്ലാതെ അവര്‍ക്കും പിടിച്ച് നില്‍ക്കാനാകില്ല. കേരള ബാങ്ക് വഴി കിട്ടുന്ന ആനൂകൂല്യങ്ങള്‍ ഒന്നും തന്നെ  ഇപ്പോള്‍ അവർക്ക്കിട്ടുന്നില്ല. ജീവനക്കാര്‍ക്ക് അനുകൂല നിലപാടാണ് ഉള്ളത്. കോടതി വിധിയും  നമുക്ക് അനുകൂലമാണ്. രാഷ്ട്രീയമായ ചില കുരുക്കുകളാണ് ഇത് ദീർഘിപ്പിക്കുന്നത് . താമസിയാതെ അത് യാഥാർഥ്യമാകും.

 ഭാവി ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ..?

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടുക, ചെറുകിട,വ്യവസായ  സംരംഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള  സാമ്പത്തിക പിന്തുണ നൽകുക എന്നതൊക്കെയാണ് പ്രധാനം. മലപ്പുറം ജില്ലയുടെ കൂടി പൂർണ്ണമായ സഹകരണം ഉണ്ടാവുക,അതോടൊപ്പം  
എന്‍ ആര്‍ ഐ നിക്ഷേപം കൂടി വന്നാല്‍  എല്ലാ അർത്ഥത്തിലും കേരള ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കാകും.


 തയ്യാറാക്കിയത് :സജീഷ് കെ .എസ്, അനീഷ .എം.ഹിന്ദ്
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click