നാടിന് സ്‌നേഹത്തണലൊരുക്കി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

ഒരു നാടിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക വികസനത്തിന് മുന്നില്‍ നിന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ തണലൊരുക്കിയുമാണ് സഹകരണ ബാങ്കുകള്‍ വിജയവഴി താണ്ടുന്നത്. അതിനൂതന ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ സഹകരണ ബാങ്കുകളുടെ സവിശേഷതയാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി സഹകരണ വഴിയില്‍ വിപ്ലവം രചിച്ച തൃശൂര്‍ അത്താണിക്കടുത്തുുള്ള പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു..



സഹകരണ മേഖലയില്‍ ചരിത്രം രചിച്ച പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാടിന്റെ ഹൃദയം കവര്‍ന്ന് വിജയ വഴിയില്‍ മുന്നേറുകയാണ്.

നാടിനൊപ്പമുണ്ടെന്ന് പറയുക മാത്രമല്ല തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും നാട്ടുകാര്‍ക്കുമൊപ്പം നിന്ന് കോവിഡ് മഹാമാരിയെയും സധൈര്യം നേരിട്ട ബാങ്ക് ഒട്ടേറെ പേര്‍ക്ക് താങ്ങും തണലുമൊരുക്കി അതിജീവനപാതയിലും മുന്നിലാണ്.

കോവിഡില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായ പലര്‍ക്കും തങ്ങളുടെ ഉപജീവനമാര്‍ഗം വിട്ട് പല മേഖലകളിലേക്കും ചേക്കേറേണ്ടി വന്നു. ഈ ഘട്ടത്തില്‍ നിലനില്‍പ്പിനായി പൊരുതുന്നവര്‍ക്ക് വഴികാട്ടിയായി ബാങ്ക്. പല പദ്ധതികളെയും കോവിഡ് പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ത്തെണീറ്റ പാരമ്പര്യമുള്ള ബാങ്ക് ഇവിടേയും പൊരുതി മുന്നേറി.

കോവിഡ് മഹാമാരി ലോകത്തെ വേട്ടയാടുമ്പോഴും തങ്ങളുടെ പ്രദേശത്ത് ഭക്ഷ്യസുരക്ഷയും വരുമാന മാര്‍ഗവും ഉറപ്പാക്കുന്ന കാലാനുസൃതമായ പദ്ധതികള്‍ നടപ്പാക്കാന്‍ ബാങ്കിനായി. ഇങ്ങനെ തുടങ്ങിവച്ച ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം മുന്‍പുണ്ടായിരുന്നവ തിരിച്ചു പിടിക്കാനും ഇന്ന് ബാങ്കിന് സാധിച്ചിട്ടുണ്ട്.


സുഭിക്ഷ കേരളം പദ്ധതിയിലൂടെ ബാങ്കിന്റെ നേതൃത്വത്തില്‍ കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവ ജന പങ്കാളിത്തത്തോടെ നടത്തി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ അനുവദിച്ച്  കര്‍ഷകര്‍ക്കൊപ്പം നിന്നു. കേരള ബാങ്കിന്റെ SLF വായ്പ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തി.

    

കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ സ്ത്രീകളുടെ തയ്യല്‍ യൂണിറ്റായ ഗ്രീന്‍ ലൂംസ് സ്റ്റിച്ചിങ്ങ് യൂണിറ്റ് ആരംഭിച്ച് 5 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും ബാങ്കിന് കഴിഞ്ഞു. മാസ്‌ക്, തുണിസഞ്ചി എന്നിവ തയ്ക്കുന്നതിന് 4 തയ്യല്‍ മെഷീനുകള്‍ വാങ്ങി നല്‍കി. ഈ യൂണിറ്റ് ഇപ്പോഴും ബാങ്ക് കെട്ടിടത്തില്‍ പ്രവത്തിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നടത്താന്‍ കഴിയാതെ വരികയും ഇന്ന് പൂര്‍വ്വാധികം ഉത്സാഹത്തോടെ ബാങ്ക് തിരിച്ചു പിടിക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് ഞാറ്റുവേല ചന്തയും റൂറല്‍ ഹട്ടും.
സഹകരണ മേഖലയില്‍ തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ഉത്സവമായി മാറിയിരിക്കുകയാണ്.
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന ഒരുമയുടെ ആഘോഷമാണ്   ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും
കോവിഡ് കാലത്ത് നിന്നു പോയ ഞാറ്റുവേല ചന്ത വീണ്ടും ഉണര്‍ന്നപ്പോള്‍ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിനായി നടത്തിവരുന്ന ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും ബാങ്കിന് പുനരാരംഭിക്കാന്‍ കഴിഞ്ഞു.

 

പച്ചക്കറി കൃഷിയും നെല്‍കൃഷിയുമൊക്കെ വീണ്ടും ഊര്‍ജിതമായി. പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കള്‍ ബാങ്കിന്റേതായി ഇന്നും പ്രവര്‍ത്തിക്കുന്നു. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു. നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജനസേവന രംഗത്തെ എണ്ണമറ്റ  പദ്ധതികളിലൂടെ സഹകരണ മേഖലയില്‍ വിസ്മയമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്ക്  പുതിയ പദ്ധതിയായ 'നാളികേര സംസ്‌കരണ കേന്ദ്രം' യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു സ്വപ്ന പദ്ധതി കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും

ഇന്ന് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന, സാങ്കേതിക മുന്നേറ്റം കൊണ്ടും നൂതന ആശയങ്ങള്‍ കൊണ്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സഹകരണ മേഖലയില്‍ തരംഗമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ പ്രയാണം തുടങ്ങിയിട്ട് 9 ദശകങ്ങള്‍ പിന്നിട്ടു. ബാങ്ക് ഇതുവരെ നടപ്പാക്കിയ ഓരോ പ്രവര്‍ത്തങ്ങളും സംസ്ഥാനത്തിന് തന്നെ മാതൃകയാണ്.

പെരിങ്ങണ്ടൂരില്‍ ഹെഡ് ഓഫീസും, പഴയ ഓഫീസ് കോംപ്ലക്‌സും, മള്‍ട്ടി പര്‍പ്പസ് പാര്‍ക്കിംഗ് ഗ്രൗണ്ടും ഒരുമിച്ച് 15000 സ്‌ക്വയര്‍ ഫീറ്റിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും ശീതീകരിച്ച ഹെഡ് ഓഫീസില്‍ കോര്‍ ബാങ്കിങ്, വൈ ഫൈ തുടങ്ങി നൂതന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .  'എ. ടി.എം കൗണ്ടര്‍ സേവനവും ലഭ്യമാണ്.

1932ല്‍ പെരിങ്ങണ്ടൂര്‍ വില്ലേജിലെ അമ്പലപ്പുറത്ത് പരസ്പര സഹായ സംഘമായാണ് തുടക്കം. ആദ്യ പ്രസിഡണ്ട് മനക്കുളം കുഞ്ഞന്‍ രാജയില്‍ നിന്ന് 100 രൂപ കന്നിമൂലധനവുമായി പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന്റെ ഇപ്പോഴത്തെ ഡെപ്പോസിറ്റ് 200 കോടിക്ക് മുകളിലാണ്.

1954 ല്‍ കാര്‍ഷിക ബാങ്കായും 1967-ല്‍ സഹകരണ ബാങ്കായും പെരിങ്ങണ്ടൂരിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.  എ.പി കൃഷ്ണനുണ്ണി മേനോന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കശുവണ്ടി സംഭരണവും റേഷന്‍ കടയും ആരംഭിച്ചാണ് മാറ്റങ്ങള്‍ക്ക് തറക്കല്ലിട്ടത്. എം. ആര്‍ അനൂപ് കിഷോര്‍ പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ബാങ്കിനെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമാക്കി.

 കമ്പ്യൂട്ടര്‍വത്കരണം യാഥാര്‍ത്ഥ്യമാക്കിയതോടെ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ സമഗ്രമാറ്റം കൊണ്ടുവരാനായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലാരംഭിച്ച നീതി മെഡിക്കല്‍സ് വൈവിധ്യ വത്കരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി. മെഡിക്കല്‍ കോളേജിനകത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറിലൂടെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കിയും ബാങ്ക് മാതൃകയാവുകയാണ്.

കുടുംബശ്രീ എന്ന ആശയം രൂപപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. എസ്.എച്ച്.ജി, ജെ.എല്‍.ജി കളിലൂടെ 70 ശതമാനം വനിതകളെ മുഖ്യധാരയിലേക്കെത്തിച്ചു. എസ്. എച്ച്.ജി ക്കായി ബാങ്കില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് കേരളത്തില്‍ ആദ്യമായി കയറ്റിറക്ക് തൊഴിലാളികള്‍ക്ക് എസ് എച്ച് ജി രൂപീകരിച്ചത് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കാണ്.

ഓരോ ചുവടുവെപ്പിലും ഒപ്പം നിന്ന നാടിന് ബാങ്ക് നല്‍കിയ സമ്മാനമാണ് 'ഗ്രീന്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ്'  ബ്രാന്റ് ഉത്പന്നങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ കാര്‍ഷിക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും  ചെറുകിട, കുടില്‍ വ്യവസായ യൂണിറ്റ് ഉത്പന്നങ്ങള്‍ക്ക് പുറമെ എല്ലാ വിധ ഉത്പന്നങ്ങളും ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും നടീല്‍ വസ്തുക്കളുമെല്ലാം ഗ്രീന്‍ മൈത്രിയിലൂടെ വിപണിയിലെത്തുന്നു. ഗ്രീന്‍ മൈത്രി -ഫിഷ് മാര്‍ട്ട്, മീറ്റ് മാര്‍ട്ട്, കോപ് മാര്‍ട്ട് എന്നിവയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.


 കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം .
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്ക്കായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേതിലും ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് 'മില്‍ക് സിറ്റി' എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി.

  

പാര്‍ളിക്കാടും മെഡിക്കല്‍ കോളേജിനു സമീപവും ആരംഭിച്ച ബ്രാഞ്ചുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പ്, വളം ഡെപ്പോ, 400 പേര്‍ക്ക് ഇരിക്കാവുന്ന ഇ.എം.എസ് ഹാള്‍, 75 പേര്‍ക്ക് ഇരിക്കുന്ന കെ. കെ. കൃഷ്ണന്‍ കുട്ടി സെമിനാര്‍ ഹാള്‍ എന്നിവയും ബാങ്കിന്റെ വികസന വികസന രേഖയിലെ കണ്ണികളാണ്

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് സമ്പാദ്യം വാത്സല്യം കിഡ്‌സ് ഡെപ്പോസിറ്റ് ,
ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ ശാസ്ത്ര മാസികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിച്ചു കൊടുക്കുകയും, വെക്കേഷന്‍ ക്യാമ്പ്, തൊഴിലവസര ശില്പശാല, അക്കാദമിക് അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിലും ബാങ്ക് കയ്യൊപ്പ് ചാര്‍ത്തുന്നു.
ഇതിനു പുറമെ സ്‌കൂളുകളില്‍ മാതൃകാ പച്ചക്കറി കൃഷി  പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
70 കഴിഞ്ഞ മെമ്പര്‍മാര്‍ക്ക് സുഖായുസ് പെന്‍ഷന്‍, കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് , തണല്‍ പദ്ധതി, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ നല്‍കുന്നു.

മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും ടൂ വീലര്‍ ലഭ്യമാക്കിയ ബാങ്ക് ലോയല്‍റ്റി കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, രുപെ കാര്‍ഡ് എന്നിവയിലൂടെ മെമ്പര്‍ മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കി.


പ്രസിഡന്റ് എം ആര്‍ ഷാജന്‍


സെക്രട്ടറി ടി ആര്‍ രാജന്‍


ഇങ്ങനെ നാനാ മേഖലകളിലുമുള്ള സുതാര്യവും  ആത്മാര്‍ത്ഥവുമായ  ഇടപെടലുകള്‍ കൊണ്ട് നാടിന്റെ സംരക്ഷണ കവചമായി മാറി ബാങ്ക്. ഇന്ന് 'ഞങ്ങളുടെ സ്വന്തം ബാങ്ക് ' എന്ന് നാടും നാട്ടുകാരും ആത്മധൈര്യത്തോടെ  പറയുന്നതാണ്  പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിന്റെ വിജയം.



0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click