കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്. കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണ രംഗം ന്യൂസ് പങ്കുവക്കുന്നു..
PART - 3
യുവകർഷകർക്ക് കരുത്തായി കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കൃഷിപാഠം
കഞ്ഞിക്കുഴിയിലെ യുവ കർഷകരുടെ കരുത്ത് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക പഠന ക്ലാസും കാർഷിക രംഗത്തെ പ്രവർത്തനങ്ങളുമാണ്. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനും വിജയം നേടാനും വഴിയൊരുക്കിയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സഹകരണ ബാങ്ക് കൃഷിയെ ചേർത്തു പിടിക്കുന്നത്. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങൾ പങ്കുവച്ചു കൊണ്ട് കാർഷിക പഠന കേന്ദ്രം വഴി ഞായറാഴ്ചകളിൽ സൗജന്യ പഠന ക്ലാസാണ് ബാങ്ക് നടത്തുന്നത്. മുതിർന്ന കർഷകരുടെ കൃഷി അനുഭവങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം നൂതന കാർഷിക ആശയങ്ങളും പിന്തുടർന്നാണ് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ വളർച്ച.
കഞ്ഞിക്കുഴിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിയ കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ഇവിടുത്തെ കർഷകർക്ക് സ്വന്തം ബാങ്കാണ്. കാർഷിക ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം സ്വന്തമായി കൃഷി നടത്തി വരുന്ന ബാങ്ക് സഹകരണ മേഖലയിലെ കാർഷിക വിപ്ലവത്തിന്റെ മുൻനിരയിലുണ്ട്.
മൂന്ന് വർഷമായി ബാങ്ക് നേരിട്ട് കൃഷി ആരംഭിച്ചിട്ട് . പൊന്നുട്ടു ചേരിയിൽ രണ്ട് ഏക്കർ പാട്ടത്തിനെടുത്താണ് കൃഷി. നെൽ കൃഷിയും പച്ചക്കറി കൃഷിയും ബാങ്ക് സ്വന്തമായി നടത്തുന്നുണ്ട്. അരി മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് ബാങ്ക് വിപണിയിലും സ്മാർട്ടാകുന്നത്. അവിൽ, അരിപ്പൊടി, അരിവറുത്ത പൊടി എന്നിവ ബാങ്കിന്റെ തന്നെ കോപ് - മാർട്ടിലൂടെ വിൽപ്പന നടത്തുന്നുണ്ട്.
കോപ് - മാർട്ടിലൂടെ വിത്ത്, തൈകൾ, ജൈവവളം, കീടനാശിനി എന്നിവ മിതമായ നിരക്കിൽ വിതരണം ചെയ്തും കഞ്ഞിക്കുഴിയിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് ബാങ്ക്. ആവശ്യക്കാർ ഏറെയുള്ള കഞ്ഞിക്കുഴി വിത്തുകളും മറ്റ് വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് സ്വന്തമായി നടത്തുന്ന നഴ്സറിയിലൂടെ തൈകൾ ഉത്പാദിപ്പിച്ചും വിവിധ കാർഷിക കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്നുമാണ് വിൽപ്പന നടത്തുന്നത്.
സർക്കാരിന്റെയും നബാർഡ്, എൻ സി ഡി സി എന്നിവയുടെയും സഹായത്തോടെ പ്രദേശത്തുള്ള കാർഷിക ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങളും വിൽപ്പന നടത്തുന്നു. പുല്ലുവെട്ട് യന്ത്രം, ഞാർ നടീൽ യന്ത്രം, ട്രാക്ടർ , കൊയ്ത്തു യന്ത്രം തുടങ്ങി കർഷകർക്ക് ആവശ്യമുള്ളവയെല്ലാം ഒരുക്കി നൽകാൻ ബാങ്ക് മുൻപിലുണ്ട്.
ബാങ്കിന്റെ കീഴിൽ അഞ്ച് പേരടങ്ങിയ 111 ഓളം ജെ എൽ ജി ഗ്രൂപ്പുകളുണ്ട്. 5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വായ്പ നൽകി ഇവരെയും കൃഷിയിൽ സജീവമാക്കി നിർത്തുകയാണ് ബാങ്ക്.
മത്സ്യകൃഷിയിലും ഒരു കൈ നോക്കി വിജയം കണ്ടതിന്റെ അഭിമാനത്തിലാണ് ബാങ്ക്. അഞ്ചു പേരടങ്ങിയ അഞ്ച് ഗ്രൂപ്പുകൾ ബയോഫ്ലോക് ഫിഷ് ഫാമിങ്ങിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. അഞ്ച് ലക്ഷം വരെ വായ്പ ബാങ്ക് നൽകിയിട്ടുണ്ട്.
പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ
സെക്രട്ടറി പി.ടി ശശിധരൻ
തുടക്കകാലത്ത് കാർഷിക വായ്പയും ആവശ്യമായ വിത്തും വളവും നൽകി കർഷകർക്ക് ഒപ്പം നിന്ന ബാങ്ക് ഇടക്കാലത്ത് ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും വീണ്ടും കാർഷിക മേഖലയിൽ സജീവമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാറും സെക്രട്ടറി പി.ടി ശശിധരനും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.