സഹകരണ മേഖല - ആശങ്കകൾ എങ്ങനെ തള്ളിക്കളയാനാകും..?

സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലും സാധാരണക്കാരന്റെ  അത്താണിയുമാണ് സഹകരണ മേഖല എന്നതിൽ ആർക്കും തർക്കമില്ല. ബാങ്കിംങ് സ്ഥാപനം എന്നതിലുപരി ഒരു പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി  കൂടി പ്രവർത്തിക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങൾ . എന്നാൽ വിരലിലെണ്ണാവുന്ന ചില ബാങ്കുകൾ കർത്തവ്യം മറന്ന് പ്രവർത്തിച്ചതു വഴി ഇന്ന് സഹകരണ പ്രസ്ഥാനം അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിലെ നിക്ഷേപക ചികിത്സക്ക് പണമില്ലാതെ മരിച്ച സംഭവവും,വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണെന്ന്  മന്ത്രി പറഞ്ഞത്  മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതും, ഈ സാഹചര്യത്തിൽ മറ്റു ചില ബാങ്കുകളിലെ അഴിമതി കഥകൾ കൂടി പുറത്തു വന്നതും സഹകരണ മേഖലക്ക് കനത്ത ആഘാതമായി. ചില ബാങ്കുകളിൽ നടന്ന ക്രമക്കേടുകൾ മൂലം മറ്റു ബാങ്കുകളും ഉത്തരം പറയേണ്ട അവസ്ഥയാണിന്നുള്ളത്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കരുക്കൾ നീക്കുന്നവർ ഈ സാഹചര്യം മുതലെടുക്കുമെന്നതിൽ സംശമില്ല.

കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ പിന്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത് എത്രയും വേഗം പ്രശ്ന പരിഹാരം എന്നതു തന്നെയാണ്. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്നത് വകുപ്പ്  ഗൗരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്ന്  കഴിഞ്ഞ ദിവസം  മന്ത്രി വി.എൻ വാസവൻ പറഞ്ഞിരുന്നു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിച്ച്  കേരള ബാങ്കിന്റെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ നിയമ തടസം മൂലം ഇതും നടന്നില്ല. കൺസോഷ്യത്തിന് ഗ്യാരന്റി നൽകുന്നതിനായി റിസർവ് ബാങ്കിന്റെ തടസം മറികടക്കാൻ നിയമ ഭേദഗതി നടപ്പാക്കുമെന്നും  മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും ഇതുവരെ പ്രാവർത്തിക മായിട്ടില്ല. വായ്പാ തിരിച്ചടവില്ലാതെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നത് ബാങ്കുകൾക്ക് വീണ്ടും കുരുക്കാവും. ഇത്തരം പ്രശ്നങ്ങളുടെ ഉത്ഭവത്തോടെ  ജനങ്ങൾക്കിടയിലുണ്ടാകുന്ന ആശങ്ക എങ്ങനെ തള്ളിക്കളയാനാകും.  
സംസ്ഥാന സഹകരണ നിയമത്തിലെ ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്.ഇതിൻറെ കരട് മാത്രമേ ആയിട്ടുള്ളൂ. ഭേദഗതി പ്രാബല്യത്തിൽ വന്ന്  കൺസോർഷ്യം രൂപീകരിച്ച ശേഷം നിക്ഷേപകർക്ക് എന്ന് പണം ലഭിക്കും എന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കി വിശ്വാസ്യത വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്.
ക്രമക്കേടു കണ്ടെത്തിയ മറ്റു ബാങ്കുകളിലും പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്ന പരിഹാരം കണ്ടെത്തണം. അഴിമതി നടത്തുന്നവർക്കെതിരെ  കൃത്യമായി നടപടിയെടുത്ത് വിശ്വാസ്യത നിലനിർത്തണം. 
സർക്കാരിന്റെ അടുത്ത ചുവടുവെപ്പ് എന്തായിരിക്കും..?
സഹകരണ മേഖല സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലാണ് .അത് ഇന്നലെയും ഇന്നും അങ്ങനെയായിരുന്നു ,നാളെയും അങ്ങനെ തന്നെ ആകണം. സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖല നിലനിൽക്കേണ്ടത് നാമോരോരുത്തരുടേയും ആവശ്യമാണ്.



0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click