കാർഷിക വികസനം 'ഹൈ റേഞ്ചി 'ലെത്തിച്ച് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്
കട്ടപ്പനയിലെ കർഷകരുടെയും കാർഷിക മേഖലയുടെയും വളർച്ച 'ഹൈ റേഞ്ചി 'ൽ കുതിക്കുയാണ്. മുന്നിൽ നിന്ന് നയിക്കാൻ കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുണ്ടെന്നത് തന്നെ കാര്യം.
കാർഷിക മേഖലയുടെ ശാസ്ത്രീയമായ വളർച്ചയിലൂന്നി അതിനൂതന പദ്ധതികളെ കൂട്ടുപിടിച്ചാണ് പ്രയാണം.
മണ്ണ് പരിശോധിച്ച് കൃഷി നിശ്ചയിക്കുന്നതു മുതൽ വിപണി വരെയുള്ള കാര്യങ്ങൾക്ക് ഹൈടെക് പദ്ധതികളാണ് ബാങ്ക് ആവിഷ്കരിച്ചിട്ടുള്ളത്.
വിവിധോദ്ദേശ സഹകരണ സംഘമായി പ്രവർത്തനം ആരംഭിക്കുമ്പോൾ കുടിയേറ്റ കർഷക കുടുംബങ്ങളുടെ ഉന്നമനമായിരുന്നു ബാങ്കിന്റെ ലക്ഷ്യം. ഇന്ന് സംസ്ഥാനം മൊത്തം അറിയപ്പെടുന്ന ആധുനിക ധനകാര്യ കാർഷിക വികസന പ്രസ്ഥാനമായി മാറാൻ ബാങ്കിനെ സഹായിച്ചത് ഈ പ്രവർത്തനങ്ങളാണ്.
തുടക്കം മുതൽ കർഷകർക്ക് വളവും കീടനാശിനിയും ന്യായവിലയ്ക്കും സമയോചിതമായും നൽകി വന്നിരുന്നു. ഇന്ന് വളം കീടനാശിനികളുടെ വിലനിലവാരം പിടിച്ചു നിർത്താൻ ബാങ്ക് നടത്തുന്ന വളം ഡിപ്പോ നിർണ്ണായ പങ്കാണ് വഹിക്കുന്നത്. പ്രമുഖ വളം കീടനാശിനി കമ്പനികളുടെ സ്റ്റോക്ക് പോയിന്റായും ഗുണനിലവാരമുള്ള ജൈവ വളങ്ങളുടെ വിതരണക്കാരായും ബാങ്ക് പ്രവർത്തിക്കുന്നു.
അത്യുത്പാദന ശേഷിയുള്ള തൈകളാണ് കൃഷി വിജയകരമാകുന്നതിന്റെ അടിസ്ഥാനം. ഇത്തരത്തിൽ തൈകൾ കർഷകർക്ക് ഉറപ്പാക്കുന്നതിന് ബാങ്ക് അമ്പലക്കവലയിൽ ആരംഭിച്ച ടിഷ്യൂകൾച്ചർ ലാബ് കട്ടപ്പനയിലെ കർഷകർക്ക് വലിയ നേട്ടമാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബിലൂടെ ഏത്തൻ, പൂവൻ, ഞാലിപൂവൻ, റോബസ്റ്റ കാളി തുടങ്ങിയ വാഴ തൈകളും അലങ്കാര സസ്യങ്ങളായ സികോണിയം, സിങ്കോണിയം, വേരിക്കേറ്റ , വൈറ്റ് ബട്ടർഫ്ലൈ , ബ്രൗൺ റെഡ്, സ്പൈഡർ, ഫിലോ ഡെൻഡ്രോൺ, സെനൊഡു ഫിലോ ഡെൻഡ്രോൺ, സെനൊഡു എന്നിവയുടെ തൈകളും വിതരണം ചെയ്തു വരുന്നുണ്ട്.
ഓരോ കൃഷിക്കും അനുയോജ്യമായ മണ്ണിന്റെ ഘടന കണ്ടുപിടിക്കുന്നതിന് സജ്ജമാക്കിയ മണ്ണു പരിശോധനാ കേന്ദ്രം, ജലം പരിശോധിക്കുന്നതിനായി ലാബ് എന്നിവ കർഷകർക്ക് എറെ ഗുണകരമാണ്. കൃഷിയിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും സാമ്പിളുകൾ എടുത്ത് പരമാവധി മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഫലം നൽകാൻ സാധിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളോടു കൂടി കർഷക സേവന കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലമായി നടത്തുന്നു. ബാങ്കിന്റെ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത 2 ഏക്കർ സ്ഥലത്തും ഹൈടെക് ജൈവ കൃഷി നടത്തുന്നുണ്ട്. കട്ടപ്പന ബ്ലോക്കിലെ കർഷകരെ സംഘടിപ്പിച്ച് ജൈവ കൃഷി ചെയ്യാൻ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു.
ജൈവ പച്ചക്കറി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ബാങ്ക് സ്വന്തമായി 2400 ചതുരശ്ര അടി പോളീ ഹൗസുകളും 2600 ചതുരശ്ര അടി മഴ മറകളും നടത്തുന്നു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തൊവരിയാറിൽ പോളീഹൗസ്/ മഴമറ കൃഷിയിലൂടെ തക്കാളി, പയർ, ബീൻസ്, കുക്കുംബർ, ചീര, ലെത്യൂസ്, കാബേജ്, ഖേൽ തുടങ്ങിയ പച്ചക്കറികൾ ഉത്പാദിപ്പിച്ച് ബാങ്കിന്റെ ഇക്കോ ഷോപ്പ് വഴി വിപണനം നടത്തുന്നു. തിരഞ്ഞെടുത്ത കർഷകരെ കൊണ്ട് ഹൈടെക് കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി സർക്കാർ സബ്സിഡി കിഴിച്ച് ബാക്കി വരുന്ന തുക ബാങ്ക് പലിശരഹിതമായി കർഷകർക്ക് വായ്പ നൽകുന്നു.
ഗുണമേന്മയും അത്യുത്പാദന ശേഷിയുമുള്ള കുരുമുളക് വള്ളികൾ കൃഷിക്കാർക്ക് മിതമായ നിരക്കിൽ നൽകുന്നുണ്ട്. ഓരോ വർഷവും 60,000 ൽ പരം പല ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികൾ അമ്പലക്കവല കർഷക സേവന കേന്ദ്രത്തിൽ നിന്നും നൽകുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ ബാങ്കിന്റെ നഴ്സറിയിലൂടെ കുരുമുളക്, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, ടിഷ്യു കൾച്ചർ ഇൻഡോർ സസ്യങ്ങൾ എന്നിവയ്ക്കൊപ്പം പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറി തൈകൾ മറ്റു ചെടികൾ എന്നിവ വിൽപ്പന നടത്തുന്നു.
ബാങ്കിന്റെയും കർഷകരുടെയും ഉത്പന്നങ്ങളുടെ വിപണിക്കായി ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ തന്നെ ആധുനിക ശീതീകരണ സംവിധാനങ്ങളുള്ള ഇക്കോ ഷോപ്പ് നടത്തുന്നു. ജൈവ പച്ചക്കറിക്ക് ന്യായവില ഉറപ്പാക്കുക, വിപണന രംഗത്തെ ചൂഷണം ഒഴിവാക്കുക. നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മാത്രമായി ഏക വ്യാപാര സ്ഥാപനമാണ് ബാങ്ക് നടത്തുന്നത്.
കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിന് ഗ്രാമീണ വിപണന കേന്ദ്രവും പ്രവൃത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും കർഷകർ കൊണ്ടു വരുന്ന ഉത്പന്നങ്ങൾ ലേലം ചെയ്യും. ലേലതുക അടുത്ത ദിവസം തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.
ഉത്പന്നങ്ങൾ പാഴായി പോകുന്നത് ഒഴിവാക്കാൻ ബാങ്ക് പുതുതായി ആരംഭിച്ച പഴം, പച്ചക്കറി സംസ്ക്കരണ കേന്ദ്രം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 10 ഇനം കറി പൗഡറുകൾ ഇതിലൂടെ ഉത്പാദിപ്പിക്കുന്നു. കർഷകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് അഗ്രോ ക്ലിനിക്കും പ്രവർത്തിക്കുന്നു.
പ്രസിഡന്റ് ജോയി വെട്ടിക്കുഴി
സെക്രട്ടറി റോബിന്‍സ് ജോര്‍ജ്
ഇങ്ങനെ, കട്ടപ്പനയിലെ കാർഷിക മേഖയുടെ ഊർജ്ജമായി മാറിയ കട്ടപ്പന സഹകരണ ബാങ്കിനെ 39 വർഷത്തോളമായി നയിക്കുന്ന പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും സെക്രട്ടറിയായ റോബിൻസ് ജോർജും അടുത്ത ചുവടുവെപ്പിന്റെ ആലോചനയിലാണ്.
തയ്യാറാക്കിയത് : അനീഷാ എം ഹിന്ദ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.