വിജയപഥത്തിൽ ഒരു നൂറ്റാണ്ട് ; ചരിത്രം രചിച്ച് കല്ലടിക്കോട് സഹകരണ ബാങ്ക്


പാലക്കാടന്‍ ഗ്രാമീണ സൗന്ദര്യം ഇഴപാകിയ മലയോര ഗ്രാമമായ കരിമ്പയില്‍, ജനങ്ങളുടെ അത്താണിയായി നിലകൊള്ളുന്ന കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് വിജയപഥത്തിൽ യാത്ര തുടങ്ങി ഒരു നൂറ്റാണ്ടാവുകയാണ്. വളര്‍ച്ചയോടൊപ്പം ജനനന്മ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങൾ കൊണ്ട് നാടിന്റെ ഹൃദയത്തുടിപ്പാകാന്‍ കഴിഞ്ഞു എന്നത് ഈ അഭിമാന നേട്ടത്തിന് തിളക്കം കൂട്ടുന്നു.

1923 ല്‍ തുപ്പനാട് പുഴയുടെ തീരത്ത് 5 രൂപ വീതം  250 രൂപ ഓഹരി മൂലധനവുമായാണ് മലങ്കാട്ടില്‍ ചെല്ലപ്പന്‍ നായര്‍ അധ്യക്ഷനായി ഐക്യനാണയ സംഘം ആരംഭിക്കുന്നത്. നെല്ല് സംഭരണവും റേഷന്‍ഷോപ്പുമാണ്‌ അന്നുണ്ടായിരുന്നത്.  
1964 ല്‍ സഹകരണ സംഘമായും 1975 ല്‍ സഹകരണ ബാങ്കായും ഉയര്‍ന്നു.  ഇടപാടുകള്‍ വര്‍ദ്ധിച്ചപ്പോൾ മറ്റ് ബിസിനസുകളിലേക്കുള്ള കാല്‍വെയ്പിന് മുന്നോടിയായാണ് ഇപ്പോള്‍ ബാങ്ക് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതത്.

ഇന്ന് ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന ബാങ്കിന് 175 കോടി നിക്ഷേപവും 122 കോടി വായ്പയുമുണ്ട്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും നടപ്പാക്കിയുമാണ് ബാങ്ക് വിജയ പടവുകള്‍ താണ്ടുന്നത്. കരിമ്പ പഞ്ചായത്താണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. രാവിലെ 9 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ഇടപാടുകാര്‍ക്ക് ഏറെ ഗുണകരമാണ്.  പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച് സേവനങ്ങള്‍ സുഗമവും കുറ്റമറ്റതുമാക്കിയിട്ടുണ്ട്. ഹെഡ് ഓഫീസും മൂന്ന് ബ്രാഞ്ചുകളും  കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.


ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ RTGS , NEFT വഴി ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം, ഇടപാടുകാര്‍ക്ക് എസ് എം എസ് സൗകര്യം,western union money transfer സംവിധാനം, ഇന്ത്യയിലെവിടേക്കും demand draft, വിവിധതരം എം.എം.ബി.എസുകള്‍ എന്നിവ സേവനങ്ങൾ സുഗമമാക്കുന്നു. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചും മറ്റ് മൂന്ന് ശാഖകളും ലാഭകരമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ബ്രാഞ്ചിലും ലോക്കര്‍ സൗകര്യം ലഭ്യമാണ്. ബാങ്കിന്റെ മീറ്റിംഗുകള്‍ക്കായി ഹെഡ് ഓഫീസിന് മുകളിൽ പൂര്‍ണ്ണമായി ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും, മറ്റു പരിപാടികള്‍ക്കായി 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്.

    


സംഘത്തിന്റെ തുടക്കകാലത്ത്  നെല്ല് സംഭരണവും റേഷന്‍ഷോപ്പും  മാത്രമായിരുന്നു ആദായമെങ്കിൽ ഇന്ന് സാധാരണക്കാരന്റെ അത്താണിയും കല്ലടിക്കോടിന്റെ വ്യാപാര ശൃംഖലയില്‍ പങ്കാളിയുമാണ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്‍കിവരുന്നു. കൂടാതെ കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ , വിവാഹം, ചികിത്സ, കച്ചവടം, പഠനം എന്നിവയ്ക്ക് ഉള്‍പ്പെടെ വിവിധ വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. 20 വര്‍ഷമായി ലാഭത്തില്‍ പ്രവൃത്തിച്ചു വരുന്ന ബാങ്ക് മെമ്പര്‍മാര്‍ക്ക് തുടര്‍ച്ചയായി ലാഭവിഹിതം നല്‍കിവരുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം, കെ.എസ്.ആര്‍.ടി സി പെന്‍ഷന്‍ വിതരണം എന്നിവയും ബാങ്ക് വഴി നടത്തിവരുന്നു.

കാർഷിക ഗ്രാമമായ കരിമ്പയിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഗുണകരമാണ് കല്ലടിക്കോട് സഹകരണ ബാങ്കിന്റെ കാർഷിക പദ്ധതികൾ. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കും കൃഷിഭവനും സംയുക്തമായി  'കല്ലടിക്കോടന്‍ ജൈവ കുത്തരി' വിപണിയിലിറക്കിയത് കാർഷിക- വാണിജ്യ രംഗത്തെ മറ്റൊരു ചുവടുവെപ്പായി. മുട്ടിക്കൽ കണ്ടം തരിശ് ഭൂമിയിൽ രണ്ടര ഏക്കർ പാടം പാട്ടത്തിനെടുത്ത് ബാങ്ക് ഭരണ സമിതി കൃഷിയിറക്കി. നെല്ല് വിൽക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് അരിയാക്കി പുതിയ ബ്രാന്റിൽ വിപണിയിൽ ഇറക്കിയത്. നീതി സൂപ്പര്‍ മാര്‍ക്കറ്റിലും കല്ലടിക്കോട് ഇക്കോ ഷോപ്പിലും ഒരു കിലോയ്ക്ക് 50 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നത്.



 സര്‍ക്കാരിന്റെ 'സുവര്‍ണ കേരളം, ഹരിത കേരളം 'പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും  ബാങ്ക് വിതരണം ചെയ്തു വരുന്നു.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറി കൃഷി, കോഴി, പന്നി ഫാം എന്നിവ ആരംഭിക്കുന്നതിനും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ലോണ്‍ നല്‍കി വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള രാസവളങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി ബാങ്കിന്റെ വളം ഡിപ്പോ ഇടക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ആരോഗ്യ രംഗത്തെ ബാങ്കിന്റെ സേവനങ്ങള്‍ സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണ്. ബാങ്ക് ആരംഭിച്ച നീതി സാന്ത്വനം ഡയാലിസിസ് സെന്റർ നന്മയും ജന സേവനവും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ്. വൃക്ക രോഗികള്‍ക്ക് ബാങ്കിന്റെ നീതി സാന്ത്വനം ഡയാലിസിസ് സെന്ററിലൂടെ കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്യാം. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവും ഗുണകരവുമായ ഈ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.  തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി ആശ്വാസമാകാനും ബാങ്കിന് കഴിഞ്ഞു. ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമായി നടത്താനും ആലോചിച്ചുവരുന്നു.



ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലൂടെ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ അലോപ്പതി മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.



 സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വിവിധ ടെസ്റ്റുകള്‍ ബാങ്കിന്റെ നീതി ലാബിലൂടെ നടത്താനാകും.  രാവിലെ 6.30 മുതല്‍ വൈകീട്ട് 8 വരെ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ പരിശോധനകള്‍ക്കും  10% മുതല്‍ 50 % വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നു.


സാധാരണക്കാര്‍ക്ക് ആശ്രയമായ നീതി ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. വിവിധ വിഭാഗങ്ങളിലായി നാല് ഡോക്ടര്‍മാര്‍ ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു വര്‍ഷക്കാലം നീണ്ട ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്ലിനിക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി.



ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയും അവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റും നാടിന്റെ ആശ്രയമാണ്.



പഠനത്തില്‍ മികവ് കാണിക്കുന്ന, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടപാടുകാരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് സ്പോണ്‍സര്‍ ചെയ്യുന്ന വ്യത്യസ്തമായ പദ്ധതിയും ബാങ്ക് നടപ്പാക്കുന്നു.
പൊതുനന്മ ഫണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് ഉപകരണങ്ങള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് വിതരണം എന്നിവ  ചെയ്തുവരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് 10 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി.
കെയര്‍ ഹോം പദ്ധതിയിലൂടെ ഒരു വീട് നിര്‍മ്മിക്കുന്നതിനായി 4 ലക്ഷം രൂപ നല്‍കാനും ബാങ്കിന് കഴിഞ്ഞു.പ്രളയക്കെടുതി നേരിട്ട കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 3 ലക്ഷം രൂപ നല്‍കി. കൂടാതെ 2017-18 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 5,26,650 രൂപയും നല്‍കി.

150 സ്വയം സഹായ സംഘങ്ങളും ബാങ്ക് രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിന് വായ്പ നല്‍കിയതിലൂടെ 'സ്മാര്‍ട്ട് ഇന്റീരിയല്‍ ക്ലീനിംഗ്' എന്ന സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാനായി. ജനങ്ങളെ കൊള്ളപലിശക്കാരുടെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നു മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍കിവരുന്നു.
ഇടപാടുകാര്‍ക്കായി അപകട ഇന്‍ഷുറന്‍സ്, സര്‍ക്കാരിന്റെ റിസ്‌ക് ഫണ്ട് പദ്ധതി എന്നിവയിലൂടെ സുരക്ഷ ഉറപ്പാക്കുന്നു.

ജെ എല്‍ ജി ഗ്രൂപ്പുകളുടെ വിപുലീകരണം, ഹാര്‍ഡ് വെയര്‍ ഷോപ്പ്, കാര്‍ഷിക വിപണന കേന്ദ്രവും കയറ്റുമതിയും, ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയാണ് ബാങ്ക് മുന്നോട്ടു വച്ചിട്ടുള്ള പുതിയ പദ്ധതികൾ. ഇവ കൂടി യാഥാർത്ഥ്യമാകുന്നതോടെ സഹകരണ മേഖലയിൽ വികസനത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും വേറിട്ട മുഖമാകും കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് വി.കെ ഷൈജു പ്രസിഡന്റും ബിനോയ് ജോസഫ് സെക്രട്ടറിയുമായുള്ള ഭരണസമിതി.



പ്രസിഡന്റ് വി.കെ ഷൈജു


സെക്രട്ടറി ബിനോയ് ജോസഫ്


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click