സ്വര്‍ണ പണയ വായ്പകള്‍ക്ക് സ്വീകാര്യതയേറുന്നു: ഒരു വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

രാജ്യത്ത് സ്വര്‍ണ പണയത്തിന്മേലുള്ള വായ്പകള്‍ക്ക് സ്വീകാര്യതയേറിയതായി കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം സ്വര്‍ണവിലയ്‌ക്കൊപ്പം തന്നെ സ്വര്‍ണപണയ വായ്പകളും കുതിച്ചുയര്‍ന്നെന്ന് വ്യക്തമാണ്. 2024 മെയ് വരെയുള്ള കണക്കനുസരിച്ച് 1,16,777 കോടി രൂപയുടെ സ്വര്‍ണപ്പണയമായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം മെയ് വരെ ഇത് 2,51,369 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഒരു വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധനയാണ് വായ്പകളിലുണ്ടായിരിക്കുന്നത്.
മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ വായ്പകള്‍ ഈടിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണ വായ്പകളിലേക്ക് തിരിയുന്നുവെന്നാണ് ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പകളുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതും ഈ കുതിച്ചുകയറ്റത്തിന് ഒരു കാരണമാണ്.
രണ്ടര ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പയായി നല്‍കാന്‍ അനുമതിയുണ്ട്. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവയ്ക്ക് സ്വര്‍ണത്തിന്റെ 80 ശതമാനം വരയും അഞ്ച് ലക്ഷത്തിനു മുകളില്‍ 75 ശതമാനം വരെയുമാണ് വായ്പ നല്‍കാനാവുക. സഹകരണ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും 4 ലക്ഷത്തിന് മുകളിലുള്ള ബുള്ളറ്റ് വായ്പകള്‍ ( മുതലും പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്ക്കാനാകുന്ന വായ്പകള്‍) അനുവദിക്കാനാകും.
ഇതിനൊപ്പം സുരക്ഷിതമല്ലാത്ത വായ്പാ രീതികള്‍ അവസാനിപ്പിക്കുന്നതിന് ആര്‍.ബി.ഐ ചില പുതിയ നിയമങ്ങളും അവതരിപ്പിച്ചിരുന്നു. ഈടായി സൂക്ഷിക്കുന്ന സ്വര്‍ണം ആരുടേതാണെന്ന് വ്യക്തമല്ലെങ്കില്‍ സ്വര്‍ണ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പണയമായി നല്‍കിയ സ്വര്‍ണമോ വെള്ളിയോ വീണ്ടും ഉപയോഗിക്കുന്നതില്‍ നിന്ന് വായ്പാസ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടം വാങ്ങുന്നയാള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചില നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ കടം കൊടുക്കുന്നവര്‍ക്ക് സ്വര്‍ണ വായ്പ പുതുക്കാന്‍ കഴിയൂ എന്നും ഈ നിയമത്തില്‍ പറയുന്നു. ബുള്ളറ്റ് തിരിച്ചടവ് നടത്തുന്ന വായ്പകളില്‍ കടം വാങ്ങുന്നയാള്‍ പലിശ അടച്ചതിനുശേഷം മാത്രമേ വായ്പ പുതുക്കാന്‍ കഴിയൂ. വായ്പാ മാനദണ്ഡങ്ങളില്‍ കൊണ്ടുവന്ന ഇത്തരം മാറ്റങ്ങള്‍ സ്വര്‍ണ വായ്പയ്ക്ക് ഗുണകരമായതായാണ് വിലയിരുത്തല്‍.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment