സഹകരണ ബാങ്കുകളുടെ ശാഖാ വിപുലീകരണവും എ ടി എം സജ്ജീകരണവും; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ ബി ഐ

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് (യു സി ബി) പുതിയ ശാഖകള്‍ തുറക്കുന്നതിനും, എ ടി എമ്മുകള്‍, പ്രോസസ്സിംഗ് സെന്ററുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും അനുമതികളും അംഗീകാരങ്ങളും നല്‍കുന്നതിനായി, ബിസിനസ് അംഗീകാരത്തിനുള്ള യോഗ്യതാ മാനദണ്ഡനിര്‍ദേശങ്ങള്‍ (ഇ സി ബി എ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. ബാങ്കുകളുടെ നിയന്ത്രണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31ലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഇടപാടുകളെ അടിസ്ഥാനമാക്കി, മൂലധന പര്യാപ്തത, ആസ്തി നിലവാരം, ലാഭക്ഷമത, കരുതല്‍ അനുപാതങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു ബാങ്കിനെ ഇ സി ബി എ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുന്നതായി കണക്കാക്കുമെന്നും ആര്‍ ബി ഐ പറഞ്ഞു.
ബാങ്കുകള്‍ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി മൂലധന പര്യാപ്തതാ അനുപാതം (സി എ ആര്‍) നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍ പി എ) മൂന്ന് ശതമാനത്തില്‍ കൂടരുത്. കൂടാതെ, ബാലന്‍സ് ഷീറ്റില്‍ സഞ്ചിത നഷ്ടങ്ങളൊന്നുമില്ലാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്ക് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഇതില്‍ പറയുന്നു.
നിലവിലെ അല്ലെങ്കില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ക്യാഷ് റിസര്‍വ് റേഷ്യോ (സി ആര്‍ ആര്‍) അല്ലെങ്കില്‍ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എല്‍ ആര്‍ ) നിലനിര്‍ത്തുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാകരുത്. ബാങ്കുകള്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍സ് (സി ബി എസ്) പൂര്‍ണ്ണമായും നടപ്പിലാക്കിയിരിക്കണം. മുന്‍ സാമ്പത്തിക വര്‍ഷത്തിലോ നിലവിലെ സാമ്പത്തിക വര്‍ഷത്തിലോ ബാങ്ക് ആര്‍ ബി ഐയുടെ ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമല്ലാതിരിക്കുകയോ, സൂപ്പര്‍വൈസറി ആക്ഷനോ, പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനോ (പി സി എ) വിധേയമായിരിക്കുകയോ ചെയ്യരുത്. ബാങ്കിന്റെ ബോര്‍ഡില്‍ കുറഞ്ഞത് രണ്ട് പ്രൊഫഷണല്‍ ഡയറക്ടര്‍മാരെങ്കിലും ഉണ്ടായിരിക്കണം.
തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകളെ അടിസ്ഥാനമാക്കി, ഒരു ബാങ്ക് എല്ലാ വര്‍ഷവും ഇ സി ബി എ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടതാണ്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് സ്വയം പരിശോധിച്ച് തൃപ്തിപ്പെടുകയും അത് അംഗീകരിക്കുന്ന ഒരു പ്രമേയം പാസാക്കുകയും വേണം. ബോര്‍ഡ് പ്രമേയത്തിന്റെ തീയതി മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ആര്‍ ബി ഐയെ അറിയിക്കണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment