കണ്ടല ബാങ്ക് തട്ടിപ്പ്; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് തന്നെ കൈമാറി

തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ഒരുകോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ തിരികെ ബാങ്കിനുതന്നെ കൈമാറി. 2,500 നിക്ഷേപകര്‍ക്കാണ് തട്ടിപ്പില്‍ പണം നഷ്ടമായത്. ഇത് തിരികെ നല്‍കുന്നതിനായാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്വത്തുക്കള്‍ ബാങ്ക് അധികൃതര്‍ക്ക് കൈമാറിയത്.
മുഖ്യപ്രതിയും ബാങ്ക് മുന്‍ പ്രസിഡണ്ടുമായ എന്‍. ഭാസുരാംഗന്റെയും കുടുംബത്തിന്റെയുമുള്‍പ്പെടെയുള്ള ഭൂമിയും കെട്ടിടങ്ങളും കാറും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമി, കണ്ടല ബാങ്ക് സെക്രട്ടറി ബൈജു രാജിന് കൈമാറി.
നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം മാറനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഭാസുരാംഗനും മകന്‍ ജെ.ബി. അഖില്‍ ജിത്തിനുമെതിരേ രണ്ടുവര്‍ഷം മുന്‍പ് ഇഡി കേസെടുത്തത്. 57 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന ഒരു കോടി രൂപയിലേറെ സ്വത്തുകള്‍ കണ്ടു കെട്ടിയത്. ബാങ്കില്‍ പണയം വെച്ച സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ മാര്‍ഗമില്ലാതായതോടെ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകിട്ടുന്നതിനായി കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
76.67 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളാണ് ബാങ്കിന് തിരികെ നല്‍കിയത്. ഇതിനുപുറമേ 25 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍,
കണ്ടല ബാങ്കിന്റെ രണ്ട് ശാഖകളിലായുണ്ടായിരുന്ന 7.99 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവയും ബാങ്കിന് തിരികെ നല്‍കി. ആധാരത്തിലെ വിലയാണ് ഇ ഡി മൂല്യമായി കണക്കാക്കിയിരിക്കുന്നത് എന്നതിനാല്‍ സ്വത്തുക്കളുടെ മൂല്യം ഇതിന്റെ ഇരട്ടിയോളം വരും. ഇവ ലേലം ചെയ്ത് കിട്ടുന്ന തുകയുപയോഗിച്ചായിരിക്കും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment