നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല; വളപട്ടണം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധം
അക്കൗണ്ടിൽ പണമുണ്ട്. പക്ഷെ പിൻവലിക്കാനാകാത്ത അവസ്ഥയിലാണ് വളപട്ടണം സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ. ഇതോടെ ബാങ്കിന് മുന്നിൽ നിക്ഷേപകർ പ്രതിഷേധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം നിക്ഷേപകരാണ് ബാങ്കിനു മുന്നിലെത്തിയത്. ബാങ്ക് ഭരണസമിതി ഭാരവാഹികളുമായി സംസാരിക്കാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും ആരും സന്നദ്ധരായില്ല.
അക്കൗണ്ടിലുള്ള പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ സെക്രട്ടറിയുടെ കാബിനു മുന്നിലെത്തിയെങ്കിലും ഫലമുണ്ടായില്ല. പണമില്ലെന്ന മറുപടിയാണ് സെക്രട്ടറിയും നൽകിയത്. 80 ലക്ഷം വരെ നിക്ഷേപമുള്ളവർ ഒരു ലക്ഷം ചോദിച്ചിട്ടുപോലും നൽകാൻ വിസ്സമ്മതിക്കുകയാണ് ബാങ്ക് അധികൃതർ. പണം എന്നു ലഭിക്കുമെന്ന ഉറപ്പ് പോലും ഇവർക്ക് നൽകാനാകാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ബാങ്കിൻ്റെ അനാസ്ഥയെ തുടർന്ന് ചെക്ക് മാറി നൽകാതെ യുവാവിൻ്റെ ജോലി നഷ്ടമായ സംഭവവും ഉണ്ടായി. ജില്ലയിലെ പ്രമുഖ കെട്ടിട നിർമാണ കമ്പനിയിലെ ജീവനക്കാരനാണ് ജോലി നഷ്ടമായത്. നിർമാണ കമ്പനിയിലെ റെഡിമിക്സ് യൂനിറ്റ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു താഴെ ചൊവ്വ സ്വദേശി ടോണി. വളപട്ടണം മന്നയിലെ കരാർ ഏറ്റെടുത്ത ഇനത്തിൽ 80,000രൂപയുടെ ചെക്കാണ് ലഭിച്ചത്. ജൂൺ മൂന്നിന്റെ തീയതിയിലുള്ള ചെക്ക് പിറ്റേന്ന് തന്നെ വളപട്ടണം സർവ്വീസ് സഹകരണ ബാങ്കിൽ കൈമാറി. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. അന്വേഷിച്ച് എത്തുമ്പോഴെല്ലാം പണമില്ലെന്ന മറുപടിയാണ് ഇയാൾക്ക് ലഭിച്ചത്. കമ്പനിയിൽ അടക്കേണ്ട തുകയാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ചെക്ക് മാറികിട്ടാത്ത വിഷയം അറിയിച്ചതിനാൽ കമ്പനി കുറച്ച് സാവകാശം നൽകി. പിന്നീട് ആ കാലാവധിയും കഴിഞ്ഞതോടെ ജോലി നഷ്ടമാവുകയായിരുന്നു. പണം താൻ എടുത്തുവെന്നാണ് പലരും കരുതുന്നതെന്നും ഇയാൾ പറയുന്നു.
ചികിത്സയ്ക്ക് ഉൾപ്പെടെ, ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ എത്തുന്നവർക്കും ഇത് തന്നെയാണവസ്ഥ. പണം തിരികെ കിട്ടാൻ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണിവർ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment