തുടങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സെക്രട്ടറിമാരായ ദമ്പതികളുടെ സ്വത്ത് ജപ്തി ചെയ്തു

 

:സ്വന്തം ലേഖിക
 

തൊടുപുഴ: തുടങ്ങനാട് സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ ബാങ്ക് സെക്രട്ടറിമാരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു. ഇടുക്കി ജില്ലാ സഹകരണസംഘം 
ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. കലാവതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. മുന്‍ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിള്‍ അലക്സ് എന്നിവരില്‍നിന്ന് ബാങ്കിന് വരുത്തിയ നഷ്ടം ഈടാക്കുന്നതിനാണ് നടപടി. നിലവില്‍ തിട്ടപ്പെടുത്തിയ ക്രമക്കേട് തുകയായ 37,01,857 രൂപയും ഇതിന്റെ 12 ശതമാനം പലിശയായ 17,71,146 രൂപയും ഉള്‍പ്പെടെ ആകെ 54,73,003 രൂപ ഈടാക്കുന്നതിനായാണ്  ഇവരുടെ സ്വത്ത് ജപ്തി ചെയ്തത്. ബെന്നി മാത്യുവിന്റെ പേരില്‍ മുട്ടം വില്ലേജിലുള്ള 94.22 ആര്‍, 53 ആര്‍ വസ്തുവകകളാണ് ജപ്തിചെയ്തത്. നിലവിലെ 121 കേസുകളിലാണ് നടപടി. അന്വേഷണത്തിലിരിക്കുന്ന മറ്റ് നിരവധി കേസുകളും ഇവര്‍ക്കെതിരെയുണ്ട്. 

ബാങ്കില്‍ 2014 നവംബര്‍ ഒന്നുമുതല്‍ സെക്രട്ടറിയായിരുന്ന ബെന്നി മാത്യു 2023 മാര്‍ച്ച് 31നാണ് വിരമിച്ചത്. തുടര്‍ന്ന് 2023 ഏപ്രില്‍ ഒന്നുമുതല്‍, ബെന്നി മാത്യുവിന്റെ ഭാര്യയും  അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന മേരി സിബിള്‍ അലക്സ് സെക്രട്ടറിയായി. 2025 മേയ് 31 നാണ് ഇവര്‍ വിരമിക്കുന്നത്.  ഇരുവരും ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ബാങ്കിന് സാമ്പത്തികനഷ്ടം വരുത്തിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 


കാര്‍ഷിക വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നും തിരികെ ലഭിക്കുന്ന പലിശത്തുക വിതരണം ചെയ്യാതെ, ബാങ്കിലെ സസ്പെന്‍സ് അക്കൗണ്ടുകളില്‍  സൂക്ഷിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ 121 സസ്പെന്‍സ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ചും ഗൂഢാലോചന നടത്തിയും ഇരുവരും പിന്‍വലിച്ചു. ബന്ധുക്കളുടെയും മറ്റ് പലരുടെയും വായ്പക്കണക്കുകളിലേക്കും പണംമാറ്റി. 


പണം ഈടാക്കുന്നതിനായി തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ മുന്‍പാകെ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, കേസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, ബെന്നി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള മുട്ടം വില്ലേജിലെ ബ്ലോക്ക് 17ല്‍പ്പെട്ട വസ്തുക്കള്‍ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാനും ഇവ ഈട് നല്‍കി വായ്പയെടുക്കാനും ശ്രമം നടക്കുന്നതായി ബാങ്ക് ഭരണസമിതിക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് അടിയന്തര ജപ്തിക്ക് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. 

നിലവില്‍ നിക്ഷേപങ്ങള്‍ പോലും തിരികെ നല്‍കാന്‍ സാധിക്കാത്തവിധം ബാങ്ക് പ്രതിസന്ധിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) റിപ്പോര്‍ട്ടുചെയ്തിരുന്നു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here