ആര്‍ബിഐയുടെ മിഷന്‍ സക്ഷം: നഗര സഹകരണ ബാങ്കുകള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു


മീനാക്ഷി ഹരി 
 

പൂനെ: രാജ്യത്തെ നഗര സഹകരണ ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 'മിഷന്‍ സക്ഷം' പദ്ധതിയുടെ ഭാഗമായി പൂനെയിലെ കോസ്‌മോസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോസ്‌മോസ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ഏകദിന പരിശീലനത്തില്‍ പൂനെ ജില്ലയിലെ 45 നഗര സഹകരണ ബാങ്കുകളില്‍ നിന്നുള്ള ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഡയറക്ടര്‍മാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏകദേശം 180 പ്രതിനിധികള്‍ പങ്കെടുത്തു.

ഭരണ മികവ് (Good Governance), റിസ്‌ക് മാനേജ്‌മെന്റ്, നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കല്‍ (Regulatory Compliance), സാങ്കേതികവിദ്യയുടെ ഉപയോഗം, സൈബര്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

ആദ്യ സെഷനില്‍, ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പവന്‍ പണ്ഡിറ്റ് ''സദ്ഭരണം വഴി ഡയറക്ടര്‍ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍'' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പൊതുജന വിശ്വാസം നിലനിര്‍ത്താനും ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കാനും മികച്ച ഭരണസംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനീഷ് കുമാര്‍ ''റിസ്‌ക് മേല്‍നോട്ടവും സ്ഥാപനങ്ങളുടെ പ്രതിരോധശേഷിയും'' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഉയര്‍ന്നുവരുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ശക്തമായ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ആവശ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ ബാങ്കിംഗ് (CAB), പൂനെ അംഗമായ അഭിഷേക് കുമാര്‍ ''ശക്തമായ ക്രെഡിറ്റ് റിസ്‌ക് സംസ്‌കാരം'' എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. വായ്പാ വിലയിരുത്തലും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

മാല ശിരീഷ് ലാല്‍ ''കസ്റ്റമര്‍ ഡ്യൂ ഡിലിജന്‍സ് (CDD): അടിസ്ഥാനങ്ങളും മികച്ച രീതികളും'' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ശക്തമായ KYC നടപടികളും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ (AML) മാനദണ്ഡങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് നിര്‍ണായകമാണെന്ന് അവര്‍ പറഞ്ഞു.

അവസാന സാങ്കേതിക സെഷനില്‍ കെ. സുരേഷ് കുമാര്‍ ''ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികള്‍, നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍, നഗര സഹകരണ ബാങ്കുകളിലെ പുതിയ കേസുകള്‍'' എന്ന വിഷയത്തില്‍ സംസാരിച്ചു. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക നവീകരണങ്ങള്‍ നടപ്പാക്കുന്നതിനും തുടര്‍ച്ചയായ നിരീക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 നഗര സഹകരണ ബാങ്കുകളുടെ ഭരണനിലവാരം, സ്ഥാപനങ്ങളുടെ ശേഷി, റിസ്‌ക് കൈകാര്യം ചെയ്യാനുള്ള കഴിവ്, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ആര്‍ബിഐയുടെ മിഷന്‍ സക്ഷം പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. കോസ്‌മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഈ സംരംഭത്തിന് ആതിഥേയത്വം വഹിച്ചതിലൂടെ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രൊഫഷണല്‍ മികവ് വളര്‍ത്താനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായും വിലയിരുത്തപ്പെട്ടു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here