സഹകരണ ബാങ്കിലെ വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന പൊതുധാരണ അവസാനിക്കണം; ഡോ. ടി.എം തോമസ് ഐസക്ക്

കണ്ണൂര്‍:  സഹകരണ ബാങ്കുകളിലെ വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന  പൊതുധാരണ അവസാനിക്കണമെന്നും സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ഇത് പ്രധാന കാരണമാണെന്നും മുന്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക്. മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നബാര്‍ഡിന്റെ ഗ്രാന്റോടെ ആരംഭിച്ച റൂറല്‍ ഹാട്ട് ( ഗ്രാമീണ ആഴ്ചച്ചന്ത) പദ്ധതിയും ബാങ്കിന്റെ 75-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശസാല്‍കൃത ബാങ്കുകള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം ബാങ്കുകള്‍ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും വായ്പ കൊടുക്കാനാണ് മത്സരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.  സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സഹകരണ ബാങ്കുകള്‍. ഓരോ പ്രദേശത്തും നാനാവിധ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നുവെന്നതാണ് സഹകരണ ബാങ്കുകളെ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ചടങ്ങില്‍ ആഴ്ചച്ചന്തയുടെ താക്കോല്‍ദാനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ജോയിയും സംരംഭകത്വ ഉദ്ഘാടനം മുന്‍ എം.എല്‍.എ  ടി.ഐ. മധുസൂദനനും ആദ്യവില്‍പ്പന കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.അനസൂയയും നിര്‍വഹിച്ചു. ഫാര്‍മേഴ്സ്  ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നബാര്‍ഡ് ഡി.ജി.എം. ജിഷി മോന്‍ നിര്‍വഹിച്ചു. 

നബാര്‍ഡിന്റെ ധനസഹായത്തോടെ ആരംഭിച്ചിരിക്കുന്ന റൂറല്‍ഹാട്ട് പദ്ധതിക്കാവശ്യമായ ഡിപിആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായം നല്‍കിയതും ടീം കോപ്പറേറ്റീവാണ്. 

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി. ശശിധരന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.വി.ഷൈലജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ലേജു, ബാങ്ക് പ്രസിഡണ്ട് സി.രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് എം. പ്രകാശന്‍, വിവിധ ബാങ്ക് പ്രസിഡണ്ടുമാരായ കെ.ഡി. അഗസ്റ്റിന്‍, പി.പി.സിദിന്‍, ടി.തമ്പാന്‍ മാസ്റ്റര്‍, മനേഷ് മോഹന്‍, പയ്യന്നൂര്‍ അസി. രജിസ്ട്രാര്‍ അജിത്ത് കുമാര്‍ സി, അസി. ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എന്‍. ചന്ദ്രന്‍, ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പരി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി.വിജയന്‍, പി.രാധ, ബാബു കുര്യാക്കോസ്, വി.വി. ഭാസ്‌കരന്‍, ടി.എം. ബാലകേശവന്‍ മാസ്റ്റര്‍, ടി.തമ്പാന്‍, പി.വി. പ്രഭാകരന്‍, എ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here