സഹകരണ ബാങ്കുകളിലെ നിക്ഷേപ സുരക്ഷ ഉറപ്പു വരുത്താൻ പദ്ധതി : വി. എൻ വാസവൻ

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിക്ഷേപ ഗ്യാരന്റി സ്‌കീമിനു കീഴില്‍ പദ്ധതി തയ്യാറാക്കുന്നതായി സഹകരണം, രജിസ്ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍. വാസവന്‍. നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചില സ്ഥലങ്ങളിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന വാദം ശരിയല്ല. നിക്ഷേപ സമാഹരണ യജ്ഞം നടന്നപ്പോള്‍ 6000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 9967.43 കോടി നിക്ഷേപമായി ലഭിച്ചു. ഇത് വിശ്വാസ്യത തെളിയിക്കുന്നു. 
ബൈലോ ഭേദഗതി, ബൈലോ രജിസ്ട്രേഷന്‍ തുടങ്ങിയവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 90 ദിവസത്തിനകം ഇതിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഓഡിറ്റ് ഫീസ്, ആര്‍ബിട്രേഷന്‍ ഫീസ് എന്നിവ കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്ന വിഷയം ധനവകുപ്പുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. കേന്ദ്ര ബാങ്കിംഗ് നിയമത്തിലെ ഭേദഗതി സംസ്ഥാന സഹകരണ മേഖലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. ഇതിനു പുറമെ നിയമപരമായി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 
ആശുപത്രി സഹകരണ സംഘങ്ങളുടെ നവീകരണത്തിന് പദ്ധതി പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. സഹകരണ യൂണിയന്‍, കേപ്പ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന വിദ്യാഭ്യാസ സഹകരണ സ്ഥാപനങ്ങള്‍ നവീകരിച്ച് ഉന്നത നിലവാരം ഉറപ്പുവരുത്തും. ഉല്‍പാദന മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിന് പാപ്കോസ്, കാപ്കോസ് എന്നീ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നതാണ്. .കൃഷി രംഗത്തെ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഓണ്‍ലൈന്‍ ട്രേഡിംഗ്, ബ്രാന്‍ഡിംഗ് എന്നിവ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കും. 
സഹകരണ സ്ഥാപനങ്ങളിലെ അധികമുള്ള ഫണ്ട് ഉപയോഗിച്ച് സംസ്ഥാന വികസനത്തിന് ഉപയോഗിക്കുന്നതിന് വഴിയൊരുക്കുന്ന പദ്ധതി യ്യാറാക്കുന്നതാണ്. സഹകരണ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ വ്യക്തമായി നിര്‍വചിക്കുന്ന സേവനചട്ടം ഈ വര്‍ഷം നടപ്പില്‍ വരുത്തുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click