ഭീഷണി വേണ്ട; വായ്പ തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകള്‍ക്കും റിക്കവറി ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി ആര്‍ബിഐ
അശ്വതി ആര്‍.പിള്ള
ന്യൂഡല്‍ഹി: വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ ബാങ്കുകളും റിക്കവറി ഏജന്‍സികളും ഭീഷണിപ്പെടുത്തുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തിരിച്ചടവ് റിക്കവറി പ്രക്രിയകളില്‍ സുതാര്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആര്‍ ബി ഐയുടെ ഈ ഇടപെടല്‍. 2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വരിക.
വായ്പ എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുകയാണ് ആര്‍ ബി ഐയുടെ ലക്ഷ്യം. റിക്കവറി ഏജന്‍സികളുടെ കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. മെയ് മാസത്തില്‍ പുറത്തുവിട്ട കരട് നിര്‍ദേശങ്ങളില്‍ വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.
വായ്പ എടുത്തവരെ ബന്ധപ്പെടുന്നതിനും സന്ദര്‍ശിക്കുന്നതിനും കൃത്യമായ സമയക്രമം ആര്‍ ബി ഐ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ റിക്കവറി ഏജന്റുമാര്‍ക്ക് ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാനോ നേരിട്ട് സന്ദര്‍ശിക്കാനോ അനുവാദമുള്ളൂ. ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയോ അനുമതി നല്‍കുകയോ ചെയ്താല്‍ മാത്രമേ ഈ സമയ പരിധിക്ക് പുറത്ത് ബന്ധപ്പെടാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.
റിക്കവറി പ്രക്രിയയില്‍ കഠിനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തിഗത വിവരങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പ്രചരിപ്പിക്കല്‍, ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അനാവശ്യ സന്ദേശങ്ങള്‍ അയക്കല്‍ എന്നിവ കുറ്റകരമാണെന്ന് ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു.
റിക്കവറി സംബന്ധിച്ച എല്ലാ ഫോണ്‍ സംഭാഷണങ്ങളും ബാങ്കുകള്‍ റെക്കോര്‍ഡ് ചെയ്യണം. ഈ ഫോണ്‍ റെക്കോര്‍ഡുകള്‍ ആറ് മാസത്തേക്ക് സൂക്ഷിക്കുകയും വേണം. കേസ് കോടതിയിലാണെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ റെക്കോര്‍ഡിംഗ് സൂക്ഷിക്കണം. സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉപഭോക്താവിനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment