ബാങ്ക് പണിമുടക്ക്, സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും
ശ്യാം സരസ്വതി
ന്യൂഡൽഹി: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നേരത്തെ ലഭിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് നടക്കാനിരിക്കെയാണ് ശമ്പളവും പെൻഷനും മുൻകൂറായി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.
സെപ്റ്റംബർ 25ന് തന്നെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് നിർദേശം നൽകി. പ്രതിരോധം, തപാൽ, ടെലികമ്മ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് നിർദേശം ബാധകമാണ്. കേന്ദ്ര സർക്കാർ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ വേതനവും സെപ്റ്റംബർ 25ന് വിതരണം ചെയ്യാമെന്നും നിർദേശത്തിൽ പറയുന്നു.
പെൻഷൻകാർക്കും ആശ്വാസം
കേന്ദ്ര സർക്കാർ പെൻഷൻകാർക്കുള്ള സെപ്റ്റംബർ മാസത്തെ പെൻഷനും സെപ്റ്റംബർ 25ന് തന്നെ ബാങ്കുകൾ/പേയിങ് അക്കൗണ്ട്സ് ഓഫീസുകൾ വഴി വിതരണം ചെയ്യാം. മുൻകൂറായി നൽകുന്ന ശമ്പളവും പെൻഷനും അഡ്വാൻസ് പേയ്‌മെന്റായി കണക്കാക്കും. ജീവനക്കാരന്റെയോ പെൻഷൻകാരന്റെയോ മുഴുവൻ മാസത്തെ തുക കണക്കാക്കിയശേഷം ആവശ്യമായ ക്രമീകരണം നടത്തും. വ്യത്യാസമുണ്ടെങ്കിൽ ഒക്ടോബർ മാസത്തെ ശമ്പളത്തിൽ നിന്ന് അത് ക്രമീകരിക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട കക്ഷികളുമായി വിശാലമായ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് കേന്ദ്രനിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15നാണ്. ഇതിൽ പരിഹാരം കാണാനായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും ജീവനക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment