ആധാർ പോര: സർക്കാർ ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കുമെന്ന് കേന്ദ്രം

 

  • അശ്വതി ആര്‍. പിള്ള
     

ന്യൂഡല്‍ഹി:   ഗുണഭോക്താക്കള്‍ക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27'ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകളെ അടിസ്ഥാനമാക്കി പണം നല്‍കുന്ന രീതി  നിര്‍ത്തും.  ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. ആരുടെ പേര് പറഞ്ഞാലും, അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. ആധാറിന് പകരം, ഗുണഭോക്താക്കളുടെ ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറും ഉപയോഗിച്ചായിരിക്കും സർക്കാർ ആനുകൂല്യങ്ങൾ നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 

പെര്‍ഫോമന്‍സ് ഗ്രാന്റ്റുകള്‍ക്ക് അര്‍ഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ VB-G RAM G, പി.എം-കിസാന്‍, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകള്‍) തുടങ്ങിയ മറ്റ് നിരവധി കേന്ദ്ര പദ്ധതികളിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് വോട്ടർ ഐഡി നമ്പറുകളും ബയോ മെട്രിക്സ് വിവരങ്ങളുമാണ് ഉപയോഗിക്കുക.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here