ഫീസ് വന്നാലും കാര്‍ഡുകളേക്കാള്‍ ലാഭകരം യുപിഐ തന്നെ; പോക്കറ്റ് കാലിയാകില്ലെന്ന് എന്‍പിസിഐ
2026 ഒക്ടോബര്‍ 15 മുതല്‍ യുപിഐ (UPI) പേയ്മെന്റുകളില്‍ പുതിയ എംഡിആര്‍ (MDR) ചാര്‍ജുകള്‍ നിലവില്‍ വരുമെങ്കിലും സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വ്യക്തമാക്കി. 2000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് 0.4 ശതമാനം നിരക്ക് ഈടാക്കുമെങ്കിലും, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ ഏറ്റവും ലാഭകരമായ പ്ലാറ്റ്ഫോം യുപിഐ തന്നെയായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുതിയ യുപിഐ നിരക്കുകള്‍
2026 ഒക്ടോബര്‍ 15 മുതല്‍, കച്ചവടക്കാര്‍ക്ക് (Person-to-Merchant) യുപിഐ വഴി നല്‍കുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്ക് 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കും. 75,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപ വരെയായിരിക്കും നിരക്ക്. എന്നാല്‍ ഈ തുക നല്‍കേണ്ടത് കച്ചവടക്കാരാണ്, ഉപഭോക്താക്കളല്ല. പക്ഷെ കച്ചവടക്കാര്‍ക്ക് വരുന്ന ഈ അധിക ബാധ്യത അറിഞ്ഞോ, അറിയാതെയോ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഇളവുകള്‍ ഇല്ലാതാക്കിയേക്കാം.
ഏതൊക്കെ ഇടപാടുകള്‍ക്കാണ് സൗജന്യം
2,000 രൂപ വരെയുള്ള എല്ലാ സാധാരണ വ്യാപാര ഇടപാടുകള്‍ക്കും മുന്‍പത്തെപ്പോലെ തന്നെ ഒരു ചാര്‍ജും ഈടാക്കില്ല. മൊത്തം യുപിഐ ഇടപാടുകളുടെ 96 ശതമാനവും ഈ വിഭാഗത്തിലാണ് വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി പേയ്മെന്റ് സ്വീകരിക്കുന്ന ചെറിയ കച്ചവടക്കാര്‍ക്കും സംവിധാനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
അവശ്യ സേവനങ്ങള്‍ക്കും ഓഹരി വിപണിക്കും പ്രത്യേക ഇളവ്
റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വെറും 5 രൂപ മാത്രമായിരിക്കും ചാര്‍ജ്. മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരി വിപണി തുടങ്ങിയവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ക്ക് 0.02% (പരമാവധി 300 രൂപ) മാത്രമേ ഈടാക്കൂ.
സാമ്പത്തിക വ്യത്യാസങ്ങള്‍
ചാര്‍ജുകള്‍ വന്നാല്‍ പോലും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കച്ചവടക്കാര്‍ക്ക് യുപിഐ തന്നെയാകും ഏറ്റവും ലാഭകരമെന്ന് NPCI (National Payments Corporation of India) വ്യക്തമാക്കുന്നു. പേയ്മെന്റ് സ്വീകരിക്കുന്നതിന് വ്യാപാരികൾക്ക് നൽകേണ്ട മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) 10,000 രൂപയുടെ ഇടപാടിന് വരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് 0.4 ശതമാനം, പരമാവധി 300 രൂപയാണ് ചാർജ്. ഇതനുസരിച്ച് 10,000 രൂപയുടെ ഇടപാടിന് 40 രൂപ വരും. ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.90 ശതമാനം വരെ ചാർജ് ബാധകമാണ്, 10,000 രൂപയ്ക്ക് 90 രൂപ വരും. അതേസമയം, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ശരാശരി 2 ശതമാനം ചാർജാണ് ഈടാക്കുന്നത്, അതിനാൽ 10,000 രൂപയുടെ ഇടപാടിന് 200 രൂപ വരും.
സാധാരണ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ നിരക്കുകള്‍ വ്യാപാരികളില്‍ നിന്നും മാത്രമാണ് ഈടാക്കുന്നത്. അതിനാല്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ യുപിഐ വഴി പണമടയ്ക്കുന്ന സാധാരണക്കാരെ ഇത് ഒരു തരത്തിലും ബാധിക്കില്ല.
എംഡിആര്‍ ചാര്‍ജ് വരുന്നുണ്ട് എന്ന് പറഞ്ഞ് കടയുടമകള്‍ നിങ്ങളില്‍ നിന്ന് അധിക തുക ഈടാക്കാന്‍ പാടില്ല. ഇത്തരം ചാര്‍ജുകള്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബാങ്കുകള്‍ക്കും കര്‍ശന നിര്‍ദ്ദേശമുണ്ട്.
Google Pay, PhonePe, Paytm, BHIM പോലുള്ള യുപിഐ ആപ്പുകള്‍ പ്ലാറ്റ്ഫോം ഫീസോ, മറ്റ് മറഞ്ഞിരിക്കുന്ന ചാര്‍ജുകളോ ഈടാക്കില്ല.
പ്രതിമാസം എത്ര തവണ വേണമെങ്കിലും, എത്ര രൂപയ്ക്ക് വേണമെങ്കിലും മുമ്പത്തെപ്പോലെ തന്നെ യാതൊരു തടസവും കൂടാതെ നിങ്ങള്‍ക്ക് സൗജന്യമായി യുപിഐ ഉപയോഗിക്കാം.
നിങ്ങളുടെ അടുത്തുള്ള ചെറിയ പലചരക്ക് കടകള്‍, തട്ടുകടകള്‍ തുടങ്ങിയവയ്ക്ക് (മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി സ്വീകരിക്കുന്നവര്‍ക്ക്) ഈ പുതിയ ചാര്‍ജ് ബാധകമല്ല.
എന്‍പിസിഐയുടെ അഭിപ്രായത്തില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം യുപിഐ ഇടപാടുകള്‍ക്ക് യാതൊരു മാറ്റവും വരുന്നില്ല. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ വളരെ ലാഭകരമായ സംവിധാനം തന്നെയാണ് യുപിഐ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment