ഒറ്റ ആപ്പ്, ഒറ്റ ക്ലിക്ക്; വീട്ടാവശ്യങ്ങൾക്കുള്ള സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ, പുതിയ പദ്ധതിയുമായി വനിതാ സഹകരണ സംഘം
ശ്യാം സരസ്വതി
കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കുള്ള വിവിധ സേവനങ്ങൾ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കാൻ പുതിയ ഡിജിറ്റൽ പദ്ധതിയുമായി കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ‘Quick Service in One App’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് Blue Whyte Software Solutions-മായി സൊസൈറ്റി പ്രാഥമിക ചർച്ച നടത്തി.
വീട്ടിൽ ആവശ്യമായി വരുന്ന വിവിധ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സേവനങ്ങൾ പ്രൊഫഷണലുകളായ സേവനദാതാക്കൾ മുഖേന ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജനസേവനകേന്ദ്രം, ബ്യൂട്ടീഷ്യൻ സേവനം, അയൺിംഗ്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, കാർപെന്റർ, മെക്കാനിക് സേവനങ്ങൾ, ഹൗസ് കീപ്പിംഗ്, ഡ്രൈ വാഷ്, ഡ്രൈവർ, കോൾ ടാക്സി, മെഡിസിൻ, ഗ്രോസറി–പച്ചക്കറി ഷോപ്പിംഗ്, കാർ–ബൈക്ക് വാഷ്, ഓൺ-കോൾ ടെയ്‌ലറിംഗ് തുടങ്ങി നിരവധി സേവനങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തുന്നത്.
ജനുവരിയോടെ പ്രവർത്തനം
ഡോർസ്റ്റെപ്പ് പിക്കപ്പ് ആൻഡ് ഡെലിവറി, ടു വീലർ, ത്രീ വീലർ, ട്രക്ക് സർവീസ്, പാക്കേഴ്സ് ആൻഡ് മൂവേഴ്സ് തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം ആപ്പിലൂടെ തിരഞ്ഞെടുക്കുകയും ഒറ്റ ക്ലിക്കിലൂടെ ബുക്ക് ചെയ്യാവുന്ന രീതിയിലായിരിക്കും സംവിധാനം.
ജനുവരിയോടെ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സൊസൈറ്റി പ്രസിഡന്റ് രശ്മി പ്രവീൺ പറഞ്ഞു.
സഹകരണ ഉൽപ്പന്നങ്ങൾക്കും ഡിജിറ്റൽ വിപണി
സേവനങ്ങൾക്കൊപ്പം മറ്റ് സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്കും ആപ്പിൽ വിപണനസൗകര്യം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങളെ കൂടുതൽ വിപുലമായ ഉപഭോക്തൃ സമൂഹത്തിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചയിൽ സൊസൈറ്റി സെക്രട്ടറി ടെസ്സി ഗോപിനാഥ്, ഡയറക്ടർമാരായ സുനിത, സുബശ്രീ, പ്രമീള എന്നിവരും പങ്കെടുത്തു.
ദൈനംദിന ജീവിതത്തിൽ ആവശ്യമായ സേവനങ്ങൾ ‘ഒറ്റ ആപ്പ് – ഒറ്റ ക്ലിക്ക്’ എന്ന ആശയത്തിലൂടെ ലഭ്യമാക്കുന്നതിനൊപ്പം പ്രൊഫഷണൽ സേവനദാതാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment