പെന്‍ഷന്‍ വീടുകളിലെത്തി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കാനുള്ള നീക്കം പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാനുള്ള ശ്രമം- പിണറായി വിജയന്‍
അശ്വതി ആര്‍.പിള്ള
തിരുവനന്തപുരം: കിടപ്പുരോഗികള്‍ ഒഴികെയുള്ളവര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ വീടുകളിലെത്തിച്ച് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തിന് മാതൃകയായ പെന്‍ഷന്‍ പദ്ധതി വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാനാവില്ലെന്നും സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ല
പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്.
പത്ത് വര്‍ഷക്കാലമായി ഡി.ടി.ബി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരിലെ പകുതിയോളം പേര്‍ക്കും ബാങ്കുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കല്‍ പെന്‍ഷന്‍ തുക ലഭ്യമായിരുന്നു.
ആ സിസ്റ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത്.
കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വിതരണം ഡി.ബി.ടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതില്‍പ്പടി പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ളവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതല്‍ വേണ്ടതായിട്ടുള്ള ഇവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.
തൊടു സാങ്കേതിക ന്യായങ്ങള്‍ക്കൊപ്പം
ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തില്‍ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുകയുടെ കേവലം 1% മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെന്‍ഷന്‍ ലഭിക്കുന്നവരുടെ 13.5% ആളുകള്‍ക്ക് മാത്രവും. 86% പേര്‍ക്കും മുഴുവന്‍ തുകയും നല്‍കുന്നത് സംസ്ഥാനമാണ്. അതിനാല്‍ തന്നെ, പെന്‍ഷന്‍ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണ്.
ജനകീയ പെന്‍ഷന്‍ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment