78 ന്റെ ചെറുപ്പവുമായി സഹകരണ ജീവിതം
"എനിക്കിപ്പോ 78 ആണ് പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൃഷി ചെയ്യുന്നതിന് മാത്രമായി ഞാൻ പുതിയൊരു സഹകരണ സംഘത്തിന് രൂപം നൽകിയത്. ശൂരനാട് കാർഷിക വികസന സഹകരണ സംഘം. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തന്നെ ഇത്തരമൊരു സഹകരണ സംഘം ആദ്യമായാണ്. രജിസ്ട്രേഷൻ കഴിഞ്ഞതേ ഉള്ളൂവെങ്കിലും 2 ഏക്കറിൽ കൃഷി ആരംഭിച്ച് കഴിഞ്ഞു." അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള "റോബർട്ട് ഓവൻ പുരസ്കാര"ത്തിന് അർഹനായ എം. ഗംഗാധര കുറുപ്പ് സഹകരണ രംഗം ന്യൂസുമായി പങ്കുവച്ച വാക്കുകളാണിത്.
ഇങ്ങനെ, വേറിട്ട തലങ്ങൾ കണ്ടെത്തി സഹകരണ വിജയഗാഥ രചിക്കുന്നതിലൂടെയാണ് ജി ഗംഗാധരക്കുറുപ്പ് വ്യത്യസ്തനാകുന്നത്. 50 വർഷങ്ങൾക്ക് മുമ്പാണ് കോളേജ് പഠനം കഴിഞ്ഞ് ഇദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. അന്ന് മുതൽ ഇന്നുവരെ തൊട്ടതെല്ലാം സഹകരണമാക്കി മാറ്റിയ പ്രവർത്തനങ്ങൾ സഹകരണത്തിന്റെ പിതാവായി അറിയപ്പെടുന്ന റോബർട്ട് ഓവറന്റ നാമത്തോടൊപ്പം എം. ഗംഗാധര കുറുപ്പ് എന്ന പേരും ചേർത്തു വച്ചു.
സഹകരണ രംഗത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത ഇടങ്ങൾ ചുരുക്കം. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പല നമ്പർ വൺ പദ്ധതികളുടെയും ആശയങ്ങൾക്കും വിജയത്തിനും പുറകിൽ ഗംഗാധര കുറുപ്പിന്റെ പേര് കാണാം.
സ്വന്തം നാടായ കൊല്ലം ശൂരനാടുള്ള, ശൂരനാട് തീപ്പെട്ടി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റായാണ് തുടക്കം. 1980 കളിലാണ് ശൂരനാട് ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് വരുന്നതും ഇതിന്റെ ബോര്‍ഡ് മെമ്പറാകുന്നതും. പിന്നീട് ശൂരനാട്
ക്ഷീരോത്പാദക സഹകരണ സംഘം ബോര്‍ഡ് മെമ്പറായി. രണ്ട് തവണയായി കോ-ഓപ്പറേറ്റീവ് ഹോൾ സെയിൽ കൺസ്യൂമർ സ്റ്റോർ പ്രസിഡന്റായും കൊല്ലം ജില്ലാ സഹകരണ ബാങ്ക് ബോർഡ് മെമ്പറായും പ്രവർത്തിച്ചു.
എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്ന കാലത്താണ് ഒരു സമരത്തിൽ പങ്കെടുത്തതിന് പിരിച്ചുവിടപ്പെടുന്നത്. പിന്നീട് തിരുവനന്തപുരത്ത് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തു വന്നു.
"ചെല്ലുന്നിടത്തെല്ലാം സഹകരണവും കൂടെ കൂട്ടുന്ന എനിക്ക് വെറുതെയിരിക്കാനാകില്ലല്ലോ? " ഗംഗാധര കുറുപ്പ് ചോദിക്കുന്നു...
ആ സമയത്ത് തന്നെ പാരലൽ കോളേജ് അധ്യാപകരെ സംഘടിപ്പിച്ച് കേരളത്തിൽ വിദ്യാഭ്യാസ രംഗത്തെ ആദ്യ സഹകരണ സംഘം സ്ഥാപിച്ചു. അങ്ങനെ 45 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം താലൂക്ക് എഡ്യുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നു. ഈ സംഘത്തിന്റെ പ്രവചനാതീതമായ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചതിലൂടെ കഴിവും കഠിനപ്രയത്‌നവുമുള്ള ഒരു മികച്ച സഹകാരിയെ സംസ്ഥാനത്തിന് സ്വന്തമാവുകയായിരുന്നു. ഒരു സഹകാരിയായി സ്വയം തെളിയിച്ച നാളുകൾ ! ഇന്ന് തിരുവനന്തപുരം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് ഈ സംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇത് മാതൃകയാക്കി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ അടിസ്ഥാനത്തിൽ പ്രവൃത്തിക്കുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ രൂപീകൃതമാകുന്നതിന് തുടക്കമിട്ടത് ഗംഗാധര കുറുപ്പാണെന്നതിൽ തർക്കമില്ല.
പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് കൺസ്യൂമർ ഫെഡിന്റെ ചെയമാൻ സ്ഥാനമാണ്. അവസരങ്ങൾ എത്തേണ്ട കൈകളിൽ തന്നെ എത്തിച്ചേർന്നപ്പോൾ വീണ്ടും ചരിത്രം പിറന്നു. കൺസ്യൂമർ ഫെഡിനെ
ഇന്നു കാണുന്ന നിലയിലേക്ക് വളർത്തിയതിന് പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹത്തിന്റെ ആവിഷ്കരണ മികവും ദീർഘവീക്ഷണവുമാണ്. നീതി സ്‌റ്റോർ , നീതി മെഡിക്കൽസ് , നീതി ഗ്യാസ് , ത്രിവേണി നോട്ട് ബുക്ക് എന്നിവ ഇദ്ദേഹത്തിന്റെ ആശയത്തിൽ പൂവിട്ടതാണ്. കേരളത്തിന്റെ സഹകരണ മേഖലയുടെ തന്നെ നെടുംതൂണായി മാറിയ ഈ പദ്ധതികളുടെ വിജയം ഓരോ സാധാരണക്കാരന്റെയും വിജയമാണ്. കൂടാതെ 2000 ത്തോളം പേർക്ക് തൊഴിൽ നൽകാനാകുന്ന തരത്തിൽ കൺസ്യൂമർ ഫെഡിനെ വളർത്തിയതും ഒന്നര കോടി രൂപ ചിലവഴിച്ച് എറണാകുളത്ത് ഹെഡ് ഓഫീസ് സ്ഥാപിച്ചതും ഇദ്ദേഹം ചെയർമാനായിരിക്കുമ്പോഴാണ് .
സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പറായി രണ്ട് തവണ പ്രവർത്തിച്ച ഇദ്ദേഹം, NCUI (നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ) ലേക്ക് അഖിലേന്ത്യാ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ എന്ന നേട്ടവും സ്വന്തമാക്കി ദേശീയ തലത്തിലും . ശ്രദ്ധിക്കപ്പെട്ടു.
സഹകരണ പ്രസ്ഥാനം എന്താണെന്നും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കാമെന്നുമെല്ലാം പ്രബന്ധങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമൊക്കെ സഹകാരികളുമായി പങ്കുവച്ച് മുന്നോട്ടു പോയി. സഹകാരികൾക്ക് പരിശീല ക്ലാസുകൾ നടത്തി. സാധാരണക്കാർക്കൊപ്പം പ്രവർത്തിക്കാനും സാധാരണക്കാർക്കായി പ്രവൃത്തിക്കാനും ഊർജം നൽകുന്ന സഹകരണ മേഖലയെ ഏതു ഘട്ടത്തിലും ഇദ്ദേഹം കൂടെ കൂട്ടി. ഇതിനിടയിൽ സജീവ പാർട്ടി പ്രവർത്തകനായും സർക്കാർ ഉദ്യോഗസ്ഥനായും ആറ് വർഷം പി.എസ്.സി ചെയർമാനായുമെല്ലാം നിറഞ്ഞ് നിന്നു .
ഇന്ന് ചുറുചുറുക്കുള്ള ഈ 78 കാരൻ സഹകാരി സ്വന്തം പഞ്ചായത്തിൽ പുതിയൊരു കാർഷിക സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ്. പ്രാഥമിക തലത്തിൽ തുടങ്ങി സംസ്ഥാനതലവും ദേശീയ തലവും കടന്ന് വീണ്ടും പ്രാദേശീക തലത്തിലേക്ക് ... ഗംഗാധര കുറുപ്പിന്റെ സഹകരണ ജീവിതത്തിന്റെ ഗ്രാഫ് ഇങ്ങനെ പോകുന്നു. ഇദ്ദേഹമുള്ളിടത്തെല്ലാം സഹകരണവുമുണ്ട്... ജീവിതപങ്കാളി അഡ്വ. ലീലയും സഹകരണ മേഖലയിലെ പ്രവർത്തകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്.
തയ്യാറാക്കിയത്: അനീഷാ എം ഹിന്ദ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.