കടലും കടന്ന് ഹിറ്റായ കാര്‍ഷിക വിപ്ലവവുമായി വാരപ്പെട്ടി സഹകരണ ബാങ്ക്

കപ്പ വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ വിപണി കൂട്ടാന്‍ വാരപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച പദ്ധതി ഇന്ന് വിദേശ വിപണിയില്‍  സൂപ്പര്‍ ഹിറ്റാണ്. തുടക്കത്തില്‍ പാഴാവുന്ന കപ്പ 15 രൂപ നിരക്കില്‍ സംഭരിച്ച് അരിഞ്ഞു വാട്ടി ഉണക്കി പായ്ക്കറ്റിലാക്കുകയായിരുന്നു. വിദേശ മലയാളികള്‍ക്കായി തയാറാക്കിയപ്പോള്‍ യോജ്യമായ മസാലയുടെ പായ്ക്കറ്റ് കൂടി ചേര്‍ത്തു.അതോടെ വിദേശ മലയാളികള്‍ക്കിടയില്‍ 'ടപ്പിയോക്ക വിത്ത് മസാല' സൂപ്പര്‍ ഹിറ്റായി. ആസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാരപ്പെട്ടി ബ്രാന്റ് കപ്പയെത്തുന്നത്.


ഇങ്ങനെ,  കാര്‍ഷിക രംഗത്തെ ക്രിയാത്മകവും ജനോപകാരപ്രദവുമായ ഇടപെടലുകളാണ്
കോതമംഗലത്തുള്ള വാരപ്പെട്ടി സഹകരണ ബാങ്കിനെ കര്‍ഷകരുടെ സ്വന്തം ബാങ്കാക്കി മാറ്റുന്നത്.  തികച്ചും ഗ്രാമപ്രദേശമായ വാരപ്പെട്ടി വില്ലേജില്‍  ആധുനിക കൃഷി രീതികളും മാര്‍ക്കറ്റിംഗ് പദ്ധതികളും പരിചയപ്പെടുത്തുന്നതിലും ബാങ്ക് വിജയം കണ്ടു. തുടക്കം മുതല്‍ തന്നെ കര്‍ഷകര്‍ക്ക് താങ്ങായി നിന്നാണ് ബാങ്കിന്റെ വളര്‍ച്ച.

കര്‍ഷകര്‍ക്ക് വിത്തും വളവും കാര്‍ഷിക ഉപകരണങ്ങളും അനായാസം ലഭിക്കുന്നതിനായി ബാങ്ക് സ്ഥാപിച്ചതാണ് 'കാര്‍ഷിക ഉപകരണ സ്റ്റോര്‍ ' . വാര്‍പ്പെട്ടിക്കാരുടെ കൃഷിയുടെ ആരംഭം ഇവിടെ നിന്നാണ്. കര്‍ഷകര്‍ക്കാവശ്യമായ പച്ചക്കറിതൈ, വാഴക്കണ്ണ്, തെങ്ങിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍ ,ആട്, കോഴി, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവ ബാങ്ക് വിതരണം ചെയ്യുന്നു. 

  

കേര കര്‍ഷകരെ ലക്ഷ്യമിട്ട് കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ  ബാങ്കിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കോക്കനട്ട്  നഴ്സറി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യവര്‍ഷം 2500 തെങ്ങിന്‍ തൈകളും കഴിഞ്ഞ വര്‍ഷം 10000 വിത്തു തേങ്ങ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും നേരിട്ട് ശേഖരിച്ച് നട്ട്  മുളപ്പിച്ച് തൈകളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. ഈ വര്‍ഷവും തൈകള്‍ വിതരണത്തിനായി ഒരുങ്ങുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  തരിശായി കിടന്നിരുന്ന 6 ഏക്കര്‍ പാടശേഖരം ഏറ്റെടുത്ത്   ബാങ്ക് നേരിട്ട് നെല്‍കൃഷി ചെയ്തും ചരിത്രം രചിച്ചു.  ഇത് നാട്ടില്‍ നെല്‍കൃഷി വ്യാപിപ്പിക്കുതിന് ഒരു പ്രചോദനവുമായി .


കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കാനും  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണി വര്‍ദ്ധിപ്പിക്കാനും ബാങ്ക് കൊണ്ടുവന്ന ആശയം വലിയ വിജയമായി.

പച്ചക്കറികളും പഴങ്ങളും ശുദ്ധമായ രീതിയില്‍ ഉണക്കി സൂക്ഷിക്കുന്നതിനും ലഭ്യത കുറവുള്ള സമയത്ത് വിപണനം നടത്തുന്നതിനുമായി പുതിയ സാങ്കേതിക വിദ്യയായ ക്ലോസ്ഡ് ഹീറ്റ് പമ്പ് ഡീഹൈഡ്രേഷന്‍ വഴി വൈദ്യുതി ഉപയോഗിച്ച് ഉണക്കുന്ന രീതിയാണ് ബാങ്ക് നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് നല്ല വില നല്‍കി വാങ്ങി ഉണക്കി സൂക്ഷിക്കുന്ന ചക്ക, ചക്കപ്പഴം, കപ്പ, പനാപ്പിള്‍, വാഴപ്പഴം, തുടങ്ങിയ എല്ലാ പഴങ്ങളും പച്ചക്കറികളും ഗുണമേന്മ നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും.


പഴങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഡീപ് ഫ്രീസ് ചെയ്ത് വാക്വംഫ്രൈയിംഗ് മെഷീന്‍ ഉപയോഗിച്ച് വളരെക്കുറച്ച് മാത്രം എണ്ണയില്‍ വറുത്തെടുക്കുന്ന രീതിയാണിത്.  എണ്ണ അമിതമായി ചൂടാകാതെയും സാധനങ്ങളുടെ ഗുണമേന്മയും യഥാര്‍ത്ഥ നിറവും നഷ്ടപ്പെടാതെയാണ് വറുത്തെടുക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക വഴി എണ്ണ 62 ആവര്‍ത്തിവരെ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കുന്ന ചിപ്സുകള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും യഥേഷ്ടം ഉപയോഗിക്കാം.



2015 മുതല്‍ വാരപ്പെട്ടി ബ്രാന്റില്‍  AGMARK വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.  2017 മുതല്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ബാങ്ക് നേരിട്ട് വിപണനം നടത്തുന്നു.


മത്സ്യകൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും മത്സ്യകൃഷിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യുതിനായി ഫിഷ്ടാങ്കും മത്സ്യകുഞ്ഞുങ്ങളേയും മീന്‍ തീറ്റയും അംഗങ്ങള്‍ക്ക് നല്‍കി ബാങ്ക് പരിധിയില്‍ 'വീട്ടിലൊരുകൂടമത്സ്യം'പദ്ധതി നടപ്പാക്കി.



ബാങ്കില്‍ നിന്നും സഹകാരികള്‍ക്ക് ആട്, പശു, പോത്ത് എന്നിവ വളര്‍ത്തുതിനായി വായ്പ നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് പൊതുമാര്‍ക്കറ്റിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള കാലിത്തീറ്റല ഭ്യമാക്കുക എ ലക്ഷ്യത്തോടെ കേരള ഫീഡ്സിന്റെ ഏജന്‍സി എടുത്ത് കാലത്തീറ്റ വിതരണം ചെയ്യുന്നത് ഏറെ സഹായകമാണ്.

ഈ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക വിപണിയും പ്രവര്‍ത്തിച്ചു വരുന്നു.  സംഘത്തിലെ അംഗങ്ങളായ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവരുടെ ഉത്പന്നങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ശേഖരിച്ച് ലേലം ചെയ്ത് വില്‍പന നടത്തി കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നു.


ഈ പദ്ധതികളെല്ലാം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും ജനനന്മ ലക്ഷ്യംവച്ചുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കാനുമുള്ള പരിശ്രമത്തിലാണ് എം ജി രാമകൃഷ്ണന്‍ പ്രസിഡന്റും ടി ആര്‍ സുനില്‍ സെക്രട്ടറിയുമായ ഭരണസമിതി.



പ്രസിഡന്റ് എം ജി രാമകൃഷ്ണന്‍


സെക്രട്ടറി ടി ആര്‍ സുനില്‍



0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click