ദേശീയ സഹകരണനയം: ആശങ്കകളും പ്രതീക്ഷകളും
ദേശീയ സഹകരണ നയം 2025, കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ഇന്ന് പുറത്തിറക്കുന്നതോടെ ഇന്ത്യയുടെ സഹകരണ മേഖല വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. സഹകരണ മേഖലയ്ക്ക് ഒറ്റനയം കര്‍ശനമായി നടപ്പാക്കുമെന്നാണ് അമിത് ഷാ മുന്‍പ് പറഞ്ഞത്. കേരളം വലിയ ആശങ്കയോടെയാണ് സഹകരണ നയത്തെ നോക്കിക്കാണുന്നത്.
സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി പുറത്തിറക്കിയ 2002 ലെ അടിസ്ഥാന നയത്തിന് പകരമായാണ് പുതിയ സഹകരണ നയം പ്രഖ്യാപിക്കുന്നത്.
സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമൊനൊപ്പം, സഹകരണത്തിലൂടെ അഭിവൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പിലാക്കാനൊരുങ്ങുന്നത്.
ദേശീയ സഹകരണ നയത്തിന്റെ ലക്ഷ്യമെന്ത്?
സഹകരണ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന തരത്തിലും, കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ വിപുലമായ തൊഴിലവസരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ പ്രാപ്തമാണെന്ന് ഉറപ്പ് വരുത്തുകയുമാണ് നയത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
2002 ലെ ദേശീയ സഹകരണ നയം മാറ്റുന്നതെന്തിന്?
ആഗോളവല്‍ക്കരണത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഫലമായി കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തിലും രാജ്യത്തും വിദേശങ്ങളിലും സംഭവിച്ചിട്ടുള്ള കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് സഹകരണ മന്ത്രാലയത്തിന്റെ ഈ നീക്കം. ഈ മാറ്റങ്ങള്‍ പരിഗണിച്ച്, 'നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളെ കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കാനും 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും പുതിയ നയം രൂപീകരിക്കേണ്ടി വന്നു എന്ന് സഹകരണ മന്ത്രാലയം വ്യക്തമാക്കി.
2025 ലെ ദേശീയ സഹകരണ നയത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?
പുതിയ സഹകരണ നയം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും 1.4 ബില്യണ്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
2025 ലെ അന്താരാഷ്ട്ര സഹകരണ വര്‍ഷത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ യോഗത്തില്‍, 2026 ഫെബ്രുവരിയോടെ 2,00,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന വിലയിരുത്തല്‍ യോഗത്തില്‍, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
2026 ജനുവരി 31-നകം എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സഹകരണ നയങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് അമിത് ഷായുടെ ഉത്തരവ്. സഹകരണ ബാങ്കുകളെ ബാങ്കിംഗ് നിയമത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഇതിനോട് റിസര്‍വ് ബാങ്ക് മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഒരു ഗ്രാമം പോലും സഹകരണ സംഘമില്ലാതെ അവശേഷിക്കരുതെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ദേശീയ സഹകരണ ഡാറ്റാബേസ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള 48 അംഗ ദേശീയതല സമിതിയാണ് പുതിയ ദേശീയ സഹകരണ നയത്തിന്റെ കരട് തയ്യാറാക്കിയത്. ദേശീയ, സംസ്ഥാന സഹകരണ ഫെഡറേഷനുകള്‍, വിവിധ സഹകരണ സംഘങ്ങള്‍, ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നത്.
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി 17 മീറ്റിംഗുകള്‍ നടത്തുകയും അഹമ്മദാബാദ്, ബെംഗളൂരു, ഗുരുഗ്രാം, പട്ന എന്നിവിടങ്ങളില്‍ നാല് പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ യോഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ 648 നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുകയും പുതിയ സഹകരണ നയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment