ഗ്രാമങ്ങളിലും ഇനി ഡിജിറ്റല്‍ ബാങ്കിങ്ങ് തരംഗം; വരുന്നൂ, രാജ്യം മുഴുവന്‍ ഡി ബി യു യൂണിറ്റുകള്‍


ബാങ്ക്, ബാങ്കിങ്ങ് എന്നീ പദങ്ങളുടെ നിര്‍വചനത്തിലും പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ജീവിതത്തിന്റെ  സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ബാങ്കുകള്‍ മാറിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ മാത്രമല്ല, കറന്‍സികള്‍ വരെ വ്യാപകമായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സാധ്യത കൂടിവരികയാണ്. 

ഈ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ഇത്തരം ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍, 100 ല്‍ അധികം ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകളാണ് ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാകും.


എ ടി എമ്മുകള്‍ക്ക് സമാനമായ ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളിലൂടെ ലഭിക്കും. രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും.

ഡിജിറ്റല്‍ ബാങ്കിങ്ങ്  യൂണിറ്റുകളും പ്രവര്‍ത്തനവും 

ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക കിയോസ്‌കുകളാണ് ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍. പരമ്പരാഗത ബാങ്കിങ്ങ്, ഓണ്‍ലൈന്‍ ബാങ്കിങ്ങ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. 

അക്കൗണ്ട് ആരംഭിക്കല്‍, പണം കൈമാറല്‍, വായ്പകള്‍ക്കായുളള അപേക്ഷ നല്‍കല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ വഴി ലഭിക്കും. ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ സഹായിക്കാന്‍ ഇത്തരം യൂണിറ്റുകളില്‍ സ്റ്റാഫുകളുടെ സേവനവും ഉണ്ടാകും. 

ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറെ സുഗമമാകുമെന്നതാണ് ഡി ബി യുവിന്റെ ഏറ്റവും പ്രധാന ഗുണം. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍  പദ്ധതികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (PMJDY), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY), പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മനിര്‍ഭര്‍ നിധി (PM SVANidhi) തുടങ്ങിയ പ്രധാന പദ്ധതികളെല്ലാം DBU കളില്‍ ലഭ്യമാക്കാനാണ് തീരുമാനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഡിജിറ്റല്‍  വിതരണം സുഗമമാക്കാനും നേരിട്ടുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റം കാര്യക്ഷമമാക്കാനും കഴിയും. 


ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ബാങ്കിങ്ങ്


ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ബാങ്കിന്റെ സേവനങ്ങള്‍ കൈയെത്തും ദൂരെ എത്തിക്കുക എന്ന ലക്ഷ്യം കൂടി ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ക്കുണ്ട്. ഇതിന് വേണ്ട പ്രാഥമിക നടപടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു.  എല്ലാ ഗ്രാമങ്ങളിലും ഡി ബി യു ആരംഭിച്ച് സാധാരണക്കാരിലേക്കും ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും  ഒരുപോലെ സൗകര്യപ്രദവും കാര്യക്ഷമവുമായ ബാങ്കിങ് സേവനങ്ങള്‍ ഇതോടെ ലഭിക്കും. 

ഡിജിറ്റല്‍ ബാങ്കിങ്ങ്  യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here