വിജയപഥത്തിലൂടെ നൂതന ആശയങ്ങളുമായി പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക്
ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ച്ചക്കെതിരായി നടന്ന ടിപ്പുസുല്‍ത്താന്റെ പടയോട്ടങ്ങള്‍ക്ക് മൂകസാക്ഷിയായ വണ്ടൂര്‍. തൊഴില്‍ സമരങ്ങള്‍, കര്‍ഷക സമരങ്ങള്‍, സാംസ്‌കാരിക നവോത്ഥാന മുന്നേറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം വണ്ടൂര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വണ്ടൂരിനടുത്ത് തൃശൂര്‍- ഊട്ടി-മൈസൂര്‍ സംസ്ഥാന പാതയില്‍ നടുവത്ത് ഒരു നാടിന്റെ സമസ്ത മേഖലയിലും വെളിച്ചം പകര്‍ന്ന് പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു നൂറ്റാണ്ടോടടുക്കുകയാണ്. ബാങ്കിംഗ് രംഗത്തെ വളര്‍ച്ചയോടൊപ്പം തന്നെ പുത്തന്‍ സാങ്കേതിക വിദ്യകളിലൂന്നി നൂതന ആശയങ്ങള്‍ നടപ്പിലാക്കാനും ബാങ്കിന് കഴിഞ്ഞു എന്നത് ഈ തിളക്കത്തിന് മാറ്റുകൂട്ടുന്നു.
1928 ല്‍ ഐക്യനാണയ സംഘമായാണ് പുന്നപ്പാല സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. 1974 മുതലാണ് ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ചെറുകിട കച്ചവടക്കാരും വ്യാപാരികളും ഏറെയുള്ള തിരുവാലി പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയില്‍ പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് വലിയ പങ്കുവഹിക്കുന്നുണ്ട്.
614 അംഗങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന് ഇന്ന് 7027 എ ക്ലാസ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 14181 മെമ്പര്‍മാരുണ്ട്.
12455 രൂപ മൂലധനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിന് ഇപ്പോള്‍ 80 കോടി 71 ലക്ഷം രൂപയാണ് പ്രവര്‍ത്തന മൂലധനം. 10 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും ബാങ്കിന്റെ ഈ നേട്ടങ്ങള്‍ക്ക് മിഴിവേകുകയാണ്.
ഇന്ന് ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡോടെ നടുവത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് ഹെഡ്ഡ് ഓഫീസ് അടക്കം നാല് ബ്രാഞ്ചുകളാണുള്ളത്. പൂളക്കല്‍, ഏറിയാട് എന്നിവിടങ്ങളിലെ ബ്രാഞ്ചിന് പുറമെ നടുവത്ത് ഈവനിംഗ് ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നു. 2 മണി മുതല്‍ 8വരെയാണ് ഈവനിംഗ് ബ്രാഞ്ചിന്റെ പ്രവര്‍ത്തന സമയം. 3 നിക്ഷേപവായ്പ കള ക്ഷന്‍ ഏജന്റുമാരടക്കം 24 ജീവനക്കാര്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിക്ഷേപം സ്വീകരിക്കുക, കാര്‍ഷിക- കാര്‍ഷികേതര വായ്പ, മുറ്റത്തെ മുല്ലപദ്ധതി, വനിതകള്‍ക്ക് ഇരുചക്രവാഹനവായ്പ, കുടുംബശ്രീകള്‍ക്ക് ലിങ്കേജ് വായ്പ, സ്വര്‍ണ്ണ പണയ വായ്പ തുടങ്ങിയവ നല്‍കുക വഴി നാടിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കൈത്താങ്ങാവുന്നുണ്ട് ബാങ്ക്. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വയം പര്യാപ്തത നേടാന്‍ ഇതിലൂടെ സാധിച്ചു. കാര്‍ഷിക രംഗത്തും ബാങ്കിന്റെ ഇടപെടല്‍ സജീവമാണ്. നെല്‍കൃഷിക്കായി 25000 രൂപ പലിശ രഹിത വായ്പ നല്‍കുന്നതിനൊപ്പം അംഗങ്ങളായ കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി നല്‍കുന്നു.
നിലവിലെ പ്രസിഡണ്ട് കെ.പി ഭാസ്‌കരനും, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി. ശാന്തിയുമാണ്. വൈസ് പ്രസിഡണ്ട് കെ.പി സത്യനാഥന്‍, ഡയറക്ടര്‍മാരായ പി നാരായണന്‍, കെ. അബ്ദുള്‍ സലാം, കെ. ഷിജു, സി.കെ. അബ്ദുള്‍ കരീം, ഒ. ജസ്ന, വി.വി സിന്ധു, എം. പ്രസീത എന്നിവര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഒപ്പമുണ്ട്.
ലോക്കര്‍ സൗകര്യത്തിന് പുറമെ ഇടപാടുകാര്‍ക്കായി ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ കോര്‍ ബാങ്കിംഗ് സംവിധാനം, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.
സാമൂഹ്യ സാംസ്‌കാരിക മേഖലയിലും ബാങ്ക് നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 2024 ബാങ്കിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. അസി. കളക്ടര്‍ വി എം ആര്യ ഐ എ എസ് ഉദ്ഘാടനം ചെയ്ത കുടുംബശ്രീ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു. സഹകരണ മേഖലയിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സഹകാരി സംഗമവും ബാങ്കിന്റെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ടതാണ്. വിദ്യാഭ്യാസ മേഖലയില്‍ കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ഷവും എസ് എസ് എല്‍ സി, പ്ലസ് ടു, എൽ. എസ് എസ്. യു. എസ്. എസ് വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കി വരുന്നു. ഉത്സവകാല ചന്തകള്‍ നടത്തുക വഴി ബാങ്ക് പരിധിയിലെ കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനായതും ബാങ്കിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്നു. മരണപ്പെട്ടവരുടെയും മാരകരോഗം ബാധിച്ചവരുടെയും വായ്പകള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ റിസ്‌ക് ഫണ്ട് ആനുകൂല്യങ്ങളും ലഭ്യമാക്കി വരുന്നു.
ബാങ്കിന്റെ വൈവിധ്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോളാര്‍ പവേർഡ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഇതിന് ഉദാഹരണമാണ്. സെപ്തംബര്‍ 22ന് മന്ത്രി വി. അബ്ദു റഹിമാന്‍ നാടിന് സമര്‍പ്പിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷൻ വന്‍വിജയകരമാണെന്നു മാത്രമല്ല, മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഒരു നാടിനെ പര്യാപ്തമാക്കുക കൂടി ചെയ്യുന്നു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന ആദ്യ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഒരു നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച്, കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ് പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക്.
https://youtube.com/shorts/as48A35PTVk?si=v__ZnV9koX-fJNPE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment