റോഡ് അടച്ചിട്ട് ഒന്നര വർഷം; ചോറോട് ബാങ്ക് ഹൈക്കോടതിയിൽ!
ചോറോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വടകര അടുത്തുള്ള ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ചോറോട് സർവീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു.
2024 മാർച്ചിലാണ് മേൽപ്പാല നിർമാണത്തിനായി ബാങ്കിലേക്കുള്ള അപ്രോച്ച് റോഡ് അടച്ചത്. വടകരയിൽ നിന്നും ചോറോട് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചതിൽ അന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ചോറോട് ബാങ്ക് പ്രസിഡണ്ട് വി ദിനേശൻ, മുസ്ലിം ലീഗ് നേതാവ് നാസർ, ബാങ്ക് ഭരണസമിതി അംഗം മധു കുറുപ്പത്ത് എന്നിവർ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. 'റോഡ് അടച്ചാൽ മാത്രമേ നിർമ്മാണം പൂർത്തിയാക്കാൻ കഴിയൂ എന്നും, ആറുമാസത്തിനുള്ളിൽ പണിപൂർത്തിയാക്കി റോഡ് തുറന്നു നൽകുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉറപ്പു നൽകിയിരുന്നു'. എന്നാൽ, ഒന്നരവർഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ബാങ്ക് ഹൈവേയ്ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
നിലവിൽ മേൽപ്പാലത്തിന്റെ റെഡിമെയ്ഡ് ഭാഗങ്ങൾ ചോറോട് സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയ കപ്പി ഉപയോഗിച്ച് അതിൻറെ പോസ്റ്റുകളിലേക്ക് മാറ്റിയാൽ മാത്രമേ റോഡ് സഞ്ചാര യോഗ്യമാക്കാൻ സാധിക്കുകയുള്ളൂ. 'ഇതു മാറ്റി സ്ഥാപിക്കുന്നതിന് ട്രെയിൻ ഗതാഗതം നാലുമണിക്കൂർ പൂർണമായും നിർത്തിവെക്കേണ്ടതുണ്ടെന്നും, ഈ കാര്യത്തിൽ റെയിൽവേ വരുത്തുന്ന കാലതാമാസമാണ് നിർമ്മാണം വൈകാനുള്ള കാരണം എന്നാണ് എൻ. എച്ച്.എ ബാങ്കിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ്, ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ റെയിൽവേ-യേയും കക്ഷി ചേർത്തത്. കോടതി ഇടപെട്ട് എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തരണം എന്നതാണ് ബാങ്കിൻറെ ആവശ്യം.
50,000 ത്തിലധികം ഉപഭോക്താക്കളുള്ള ചോറോട് സർവീസ് സഹകരണ ബാങ്കിലേക്ക് ഉള്ള റോഡ് അടച്ചതിനാൽ സാധാരണക്കാർക്ക് അവരുടെ ദൈന്യംദിന ബാങ്കിംഗ് ആവശ്യങ്ങൾക്കായി എത്താൻ സാധിക്കുന്നില്ല. നിലവിലുള്ള റോഡ് പൊതു വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തതും, അപ്രയോഗികവുമാണ്. സ്വകാര്യ വാഹനങ്ങൾ ഉള്ളവരാണ് ഇപ്പോൾ കൂടുതലായി ബാങ്കിംഗ് ആവശ്യങ്ങൾക്കായി എത്തുന്നത്. റോഡ് അടച്ചത് പ്രദേശത്തെ സാധാരണക്കാരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇത് ഒരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് ബാങ്കിൻറെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment