സിബില്‍ സ്‌കോറും ഈടും മാത്രം പോര; ബാങ്ക് വായ്പകള്‍ കിട്ടാന്‍ ഇനിയുമുണ്ട് കടമ്പകള്‍

മുംബൈ: മികച്ച ക്രെഡിറ്റ് സ്‌കോറും ഈടും മാത്രം ഉണ്ടായാല്‍ ബാങ്ക് വായ്പകള്‍ ലഭിച്ചിരുന്ന കാലം അവസാനിച്ചു. ഇനി വായ്പ നല്‍കുന്നതിന് മുമ്പ് അപേക്ഷകരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന  കാര്യം കൂടി  ബാങ്കുകള്‍ പരിശോധിക്കും. ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളായവര്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. ക്രിമിനല്‍ രേഖകള്‍ പരിശോധിക്കാനുള്ള നിയമ സാധുതകൂടി വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.  ബാങ്കുകളുടെ കൂട്ടായ്മ നടത്തിയ ചര്‍ച്ചയിലാണ് ഇനി വായ്പക്കാരന്റെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം കൂടി പരിശോധിക്കാന്‍  തീരുമാനിച്ചത്.

വായ്പ വളര്‍ച്ച പ്രധാനപ്പെട്ടതാണെങ്കിലും കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇനി മൊബൈല്‍ ബാങ്കിങ്ങിലൂടെ വ്യക്തിഗത വായ്പക്ക് അപേക്ഷ നല്‍കുന്നവരും ചെറുകിട വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും വായ്പക്ക് അപേക്ഷ നല്‍കിയ ഉടമകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബാങ്കുകളെ ബോധ്യപ്പെടുത്തണം.  

ഡിജിറ്റല്‍ ലോണുകള്‍ വ്യാപകമായതോടെ നേരിട്ട് ബാങ്കുകളിലെത്തി ചെറിയ തുക വായ്പ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ വായ്പ നല്‍കുന്നതിന് മുമ്പ് വ്യവസായ സ്ഥാപനങ്ങളുടെ പ്രതിച്ഛായ പരിശോധിക്കാറുണ്ട്. എന്നാല്‍ ക്രിമിനല്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ വായ്പ അപേക്ഷകളില്‍ ഉറച്ച തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ക്കാകും. വായ്പയെടുത്ത സ്ഥാപനത്തിന്റെ ഉടമ എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ പോയാലോ, വായ്പ തിരിച്ചടവ്  കാലയളവില്‍ ഈടുവെച്ച ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അല്ലെങ്കില്‍ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ  വിഭാഗം കണ്ടുകെട്ടിയാല്‍ ബാങ്കുകളുടെ സാമ്പത്തിക സുരക്ഷിതത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഇത്തരമൊരു തീരുമാനം.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here