പാൻ കാർഡ് അപേക്ഷ; ഏപ്രിൽ 1 മുതൽ ഈ രേഖകൾ നിർബന്ധം

പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ സമഗ്രമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്.  അപേക്ഷാ ഫോമുകളിലും ആവശ്യമായ രേഖകളിലും മാറ്റം വരും.  നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ലളിതമായ രീതിയിൽ പാൻ കാർഡിന്  അപേക്ഷിക്കാം. എന്നാൽ, പുതിയ നിയമപ്രകാരം അധിക രേഖകള്‍ കൂടി സമർപ്പിക്കണം. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാകും. എന്നാല്‍ ഏപ്രില്‍ മുതല്‍ ജനന തിയ്യതി സ്ഥിരീകരിക്കാന്‍ ആധാറിനൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ കൂടി നല്‍കണം. 

പുതിയ ചട്ടപ്രകാരം, പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി പൊരുത്തപ്പെടണം. ചെറിയ വ്യത്യാസങ്ങള്‍ പോലും അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  നിലവിലുള്ള അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ പിന്‍വലിക്കും. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ഫോമുകള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) ആണ് ഈ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. 


പുതിയ സംവിധാനത്തില്‍ ഇ-കെവൈസി നടപടിക്രമങ്ങളും കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമല്ലെങ്കിലും, വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുമ്പോള്‍ ഈ ചട്ടങ്ങള്‍ ബാധകമായേക്കും. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമാകും. പ്രവാസികൾക്ക് പാസ്‌പോര്‍ട്ട് പ്രധാന രേഖയായി സമര്‍പ്പിക്കേണ്ടി വരും. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാൻ മാര്‍ച്ച് 31നു മുന്‍പായി അപേക്ഷ നൽകാവുന്നതാണ്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here