സഹകരണ മേഖലയില്‍ കൂടുതല്‍ നടപടികളുമായി നയപ്രഖ്യാപനം; സഹകരണ വിജിലന്‍സ് കാര്യക്ഷമമാക്കും
തിരുവനന്തപുരം: സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനുതകുന്ന കൂടുതല്‍ നയങ്ങളുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതികളടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
സഹകരണ മേഖല അഴിമതി മുക്തമാക്കും, സഹകരണ വിജിലന്‍സ് കാര്യക്ഷമമാക്കും, റിസ്‌ക് ഫണ്ട് പദ്ധതി നവീകരിക്കും, നിക്ഷേപഗാരന്റി സ്‌കീം ഫലപ്രദമാക്കും, നിക്ഷേപങ്ങള്‍ യഥാസമയം തിരികെ നല്‍കും, സഹകരണ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തും തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.
സഹകരണ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിഗണിക്കും. നിക്ഷേപകര്‍ക്കും കടമെടുക്കുന്നവര്‍ക്കും സഹകരണ സ്ഥാപന അംഗങ്ങള്‍ക്കും ഗുണകരമാകുന്ന സംവിധാനങ്ങള്‍ കൊണ്ടുവരും. ഇതിനായി 1969ലെ കേരള കോപ്പറേറ്റീവ് സൊസൈറ്റി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
തട്ടിപ്പും ദുര്‍വിനിയോഗവും കാരണം തടസ്സപ്പെട്ട നിക്ഷേപങ്ങള്‍ ഉടനടി നിക്ഷേപകരിലേക്കെത്തിക്കുന്നതിനാവശ്യമായ നടപടിയെടുക്കും. ദുര്‍വിനിയോഗം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിന് കൃത്യമായ മേല്‍നോട്ട സംവിധാനം സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അഴിമതി മുക്തവും സുതാര്യവുമാക്കുന്നതിന് കോപ്പറേറ്റീവ് വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തും.
എല്ലാ നിക്ഷേപകര്‍ക്കും നിക്ഷേപത്തിന്മേല്‍ ഗ്യാരണ്ടി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നയ പ്രഖ്യാപനത്തില്‍ പറയുന്നു. സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ കൃത്യ സമയത്ത് തിരിച്ചടക്കുന്നത് ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കും. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലും മാറ്റം വരുത്തും. നിക്ഷേപങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സഹകരണ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത പുനസ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment