ബാങ്ക് തട്ടിപ്പ്; വൃദ്ധ ദമ്പതികൾ 8 കോടിയുടെ കടക്കെണിയിൽ
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
കോട്ടയം: കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്താണ് വൃദ്ധ ദമ്പതികളെ എട്ട് കോടിയുടെ കടക്കെണിയിലാക്കിയത്. കോട്ടയം ചങ്ങനാശ്ശേരി വലിയകുളം മൂലക്കാട്ട് ആന്റണി ജോര്‍ജും കുടുംബവുമാണ് വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. ദമ്പതികള്‍ അറിയാതെ ഇവരുടെ വസ്തുവകകളുടെ ആധാരം കൈക്കലാക്കി, വ്യാജ ഒപ്പും രേഖകളും ചമച്ചാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോതമംഗലം ബ്രാഞ്ചില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇവരുടെ പരാതിയിൽ, എറണാകുളം സ്വദേശിയായ ബാങ്ക് മാനേജര്‍ ജെന്നി വര്‍ഗീസ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു തവണ പോലും തങ്ങൾ പോയിട്ടില്ലാത്ത ഒരു ബാങ്കില്‍ നിന്ന് എട്ട് കോടിയിലധികം രൂപയുടെ കടക്കാരാണെന്ന നോട്ടീസ് വന്ന ഞെട്ടലിലാണ് ഈ ദമ്പതികള്‍.
ദമ്പതികളുടെ മകന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെത്തിയ ഏജന്റുമാര്‍, അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ വെറും 0.8% പലിശയ്ക്ക് മൂന്ന് കോടി രൂപ ലോണ്‍ ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് ആധാരം കൈക്കലാക്കിയത്. ചീരംചിറ സഹകരണ ബാങ്കിലിരുന്ന ആധാരം തട്ടിപ്പ് സംഘം പണം നല്‍കി തിരിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഈ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോതമംഗലം ബ്രാഞ്ചില്‍ നിന്ന് ദമ്പതികള്‍ അറിയാതെ തന്നെ വലിയ തുക ലോണ്‍ എടുത്തു. മറ്റൊരാളുടെ പേരില്‍ എടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഗ്യാരണ്ടര്‍മാരായ ദമ്പതികളെ ബാങ്ക് സമീപിക്കുകയുമായിരുന്നു. പലിശയടക്കം 8 കോടി 39 ലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടീസ് അയച്ചപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം 85 വയസ്സുകാരനായ ആന്റണിയും ഭാര്യയും മനസിലാക്കുന്നത്.
ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ എന്ന ഭീതിയിലാണിവർ. 100 കോടിയുടെ തട്ടിപ്പ് പരമ്പരകേസിലെ ഒന്നാം പ്രതിയായ ജെന്നി വര്‍ഗീസ് സമാനമായ രീതിയില്‍ വിവിധ ബാങ്കുകളില്‍ നിന്നായി നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment