രാജ്യത്തെ അഞ്ച് സഹകരണ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക്
തൃത എം.യു.
മുംബൈ: വിവിധ സഹകരണ ബാങ്കുകള്‍ക്കെതിതിരെ കര്‍ശന നടപടിയുമായി ആര്‍.ബി.ഐ. ഭരണനിര്‍വ്വഹണം, വായ്പാ രീതികള്‍, 'നോ യുവര്‍ കസ്റ്റമര്‍' (KYC) മാനദണ്ഡങ്ങള്‍, ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ട് (DEAF) നിബന്ധനകള്‍ എന്നിവയിലെ വീഴ്ചകളെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളിലെ അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആകെ 44.80 ലക്ഷം രൂപയുടെ പിഴ ചുമത്തി.
ആര്‍.ബി.ഐ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പിഴകള്‍, സഹകരണ ബാങ്കിംഗ് മേഖലയില്‍ നിയന്ത്രണ നിബന്ധനകളും ഭരണ നിലവാരവും കര്‍ശനമാക്കും എന്നത് വ്യക്തമാക്കുന്നു. ഏറ്റവും ഉയര്‍ന്ന പിഴയായ 13.30 ലക്ഷം രൂപ ഗുജറാത്തിലെ സൂറത്ത് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനാണ് ചുമത്തിയത്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ബാധകമായ ആര്‍.ബി.ഐയുടെ ഭരണനിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്.
മറ്റൊരു പ്രധാന പിഴയായ 13 ലക്ഷം രൂപ മഹാരാഷ്ട്രയിലെ 'ദി ചിഖ് ലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡി'നാണ് ചുമത്തിയത്. അര്‍ഹതപ്പെട്ട അവകാശകാശികളില്ലാത്ത നിക്ഷേപങ്ങള്‍ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ടിലേക്ക് (DEAF) മാറ്റാതിരിക്കുക, ഭൂമി ഏറ്റെടുക്കുന്നതിനായി ബില്‍ഡര്‍മാര്‍ക്കും കരാറുകാര്‍ക്കും വായ്പ അനുവദിക്കുക, KYC മാനദണ്ഡങ്ങള്‍ പ്രകാരം സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങി നിരവധി വീഴ്ചകള്‍ ആര്‍.ബി.ഐ കണ്ടെത്തി. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് ലംഘിച്ച് സ്വന്തം ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് വായ്പ അനുവദിച്ചതിന് അഹമ്മദ്‌നഗറിലെ 'അശോക് സഹകാരി ബാങ്ക് ലിമിറ്റഡിന്' 10 ലക്ഷം രൂപ പിഴ ചുമത്തി.
അതേസമയം, അര്‍ഹതപ്പെട്ട അവകാശകാശികളില്ലാത്ത നിക്ഷേപങ്ങള്‍ DEAF-ലേക്ക് മാറ്റുന്നതില്‍ വരുത്തിയ കാലതാമസത്തിനും, KYC മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇടപാടുകാരുടെ റിസ്‌ക് വര്‍ഗ്ഗീകരണം ക്രമമായി അവലോകനം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനും ഒഡീഷയിലെ 'സംബല്‍പൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിന്' 8 ലക്ഷം രൂപ പിഴ ചുമത്തി. സെന്‍ട്രല്‍ കെ.വൈ.സി റെക്കോര്‍ഡ്‌സ് രജിസ്ട്രിയില്‍ (CKYCR) ഉപഭോക്താക്കളുടെ KYC വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്തതിന് ബീഹാറിലെ 'നവാദ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്' 50,000 രൂപ പിഴ ലഭിച്ചു.
മാര്‍ച്ച് മാസത്തില്‍, താനൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊടഗു ഡി.സി.സി.ബി, മൈസൂര്‍ ആന്‍ഡ് ചാമരാജനഗര്‍ ഡി.സി.സി.ബി, ലോക്‌നേതെ ആര്‍.ഡി. അപ്പാ ക്ഷീരസാഗര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പാലി ഡി.സി.സി.ബി എന്നീ അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് കെ.വൈ.സി പാലനം, വായ്പാ മാനദണ്ഡങ്ങള്‍, നിയന്ത്രണ റിപ്പോര്‍ട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ക്ക് പിഴ ചുമത്തിയിരുന്നു.
2025 ഡിസംബര്‍ മുതല്‍ 2026 മേയ് വരെയുള്ള ആറു മാസ കാലയളവില്‍ നടപടിയെടുത്ത 99 നിയന്ത്രിത സ്ഥാപനങ്ങളില്‍ 56 സഹകരണ ബാങ്കുകള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment