മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാം; ആര്‍.ബി.ഐയ്ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

അശ്വതി ആര്‍.പിള്ള 

ന്യൂഡല്‍ഹി:  മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടാന്‍ ആര്‍.ബി.ഐക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഭരണസമിതി പിരിച്ചുവിട്ടതിന് ശേഷം പരമാവധി അഞ്ചു വര്‍ഷത്തേക്ക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാം. ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനും റിസര്‍വ് ബാങ്കിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാകണം തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. 
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മഹാരാഷ്ട്രയിലെ അഭ്യുദയ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെ ഭരണസമിതിയംഗങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ക്കും വിധി ബാധകമാകും. 

നിക്ഷേപകരെയും ബാങ്കിനെയും ദോഷകരമായ ഭരണരീതികളില്‍ നിന്നും സംരക്ഷിക്കാനും ബാങ്കിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാനും ബാങ്കിംഗ് നിയന്ത്രണനിയമം ആര്‍.ബി.ഐക്ക് പ്രത്യേക നിയന്ത്രണാധികാരം നല്‍കുന്നുണ്ട്. പുതിയ ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി പൊതുയോഗം വിളിച്ചുചേര്‍ക്കാനുള്ള നിയമപരമായ ബാധ്യത അഡ്മിനിസ്‌ട്രേറ്റര്‍ക്കുണ്ട്. ആര്‍.ബി.ഐ നിശ്ചയിച്ചിട്ടുള്ള പിരിച്ചുവിടല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യോഗം വിളിച്ച് കൂട്ടാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here