ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡായി അമുല്‍

 

അശ്വതി ആര്‍.പിള്ള

 

ന്യൂഡല്‍ഹി: ബ്രാന്‍ഡ് ഫിനാന്‍സ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് 2026ന്റെ പഠനത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡായി അമുലിനെ തിരഞ്ഞെടുത്തു. ഇത് ഇന്ത്യയുടെ പ്രധാന ഡയറി കോ-ഓപ്പറേറ്റിവ് ബ്രാന്‍ഡാണ് അമുലിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. ലോകത്തിലെ മുന്‍നിര ഭക്ഷ്യ, നോണ്‍-ആല്‍ക്കഹോളിക് പാനീയ, ഡയറി ബ്രാന്‍ഡുകളെ അവയുടെ മൂല്യത്തിന്റെയും ശക്തിയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. 


അമുലിന്റെ ബ്രാന്‍ഡ് മൂല്യം 22 ശതമാനം ഉയര്‍ന്ന് 5 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരിക്കുകയാണിപ്പോള്‍. അതേസമയം,  ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് (BSI) സ്‌കോര്‍ 100 ല്‍ 93.0 ആണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ ബ്രാന്‍ഡുകളില്‍ രണ്ടാം സ്ഥാനവും ഏറ്റവും മൂല്യവത്തായ പാലുല്‍പ്പന്ന ബ്രാന്‍ഡുകളില്‍ നാലാം സ്ഥാനവും ആഗോളതലത്തില്‍ ഏറ്റവും മൂല്യവത്തായ ഭക്ഷ്യ ബ്രാന്‍ഡുകളില്‍ 13-ാം സ്ഥാനവുമാണ് അമുല്‍ നേടിയിരിക്കുന്നത്.  മികച്ച 50 ആഗോള ഭക്ഷ്യ ബ്രാന്‍ഡുകളില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ ബ്രാന്‍ഡാണിത്.


ദശലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് അമുലിന്റെ ഈ വളര്‍ച്ച. അതിനാല്‍ സഹകരണ പ്രസ്ഥാനത്തിന് തന്നെ ഈ അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്. അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ 18 അംഗ യൂണിയനുകളും ഏകദേശം 18,600 ഗ്രാമ പാല്‍ സഹകരണ സംഘങ്ങളും 3.64 ദശലക്ഷം ഉല്‍പ്പാദക അംഗങ്ങളുമുണ്ട്. ഇവിടെ പ്രതിദിനം ശരാശരി 32 ദശലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. 


അമുലിന്റെ നേട്ടങ്ങള്‍ അതിന്റെ സാമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിച്ചിട്ടുണ്ട്. 2023-24 ല്‍ 59,545 കോടി രൂപയായിരുന്ന ജിസിഎംഎംഎഫ് 2024-25 ല്‍ 65,911 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. പാല്‍, നെയ്യ്, വെണ്ണ, ചീസ്, പനീര്‍, ഐസ്‌ക്രീം, ചോക്ലേറ്റുകള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, മറ്റ് നിരവധി ഭക്ഷ്യ വിഭാഗങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമായ ഭക്ഷ്യവിഭവങ്ങളാണ് അമുലിനുള്ളത്.


ഇതോടൊപ്പം  തന്നെ അമുല്‍ അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യം  ഉറപ്പിച്ചിട്ടുണ്ട്. അമുല്‍ ഉല്‍പ്പന്നങ്ങള്‍ 50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതേസമയം, സമീപകാല സംരംഭങ്ങളില്‍ അമേരിക്കയിലെ പുതിയ പാല്‍ വില്‍പ്പനയും അന്താരാഷ്ട്ര സഹകരണ പങ്കാളിത്തങ്ങളിലൂടെ സ്‌പെയിനിലേക്കും പോര്‍ച്ചുഗലിലേക്കും ബിസിനസ് വ്യാപിപ്പിച്ചതും ഉള്‍പ്പെടുന്നു. കര്‍ഷക ഉടമസ്ഥതയിലുള്ള സഹകരണ മാതൃകയും ഇന്ത്യന്‍ പാലുല്‍പ്പന്നങ്ങളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അമുലിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. 

ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് അംഗീകാരം അമുലിന്റെ മുന്‍കാല ആഗോള നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2024 ലെ വിലയിരുത്തലില്‍ ബ്രാന്‍ഡ് ഫിനാന്‍സ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ-പാലുല്‍പ്പന്ന ബ്രാന്‍ഡായി അംഗീകരിച്ചിരുന്നു. ഉപഭോക്തൃ വിശ്വാസം, ഉല്‍പ്പന്ന ഗുണനിലവാരം, നവീകരണം, മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം, കര്‍ഷകരെ വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വ്യതിരിക്തമായ സഹകരണ മാതൃക എന്നിവയാണ്  അമുലിന്റെ തുടര്‍ച്ചയായ നേട്ടത്തിന് കാരണമായത്.


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here