യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്ജ്, കറൻസി വിനിമയം കൂടിയേക്കും, എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ബാങ്കുകൾ

 

ശ്യാം സരസ്വതി

ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ എടിഎമ്മുകളിൽ മതിയായ പണം ഉറപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കും ധനമന്ത്രാലയവും നിർദേശം നൽകി. നിരക്ക് ഈടാക്കാൻ തുടങ്ങുന്നതോടെ ഡിജിറ്റൽ ഇടപാടുകളിൽനിന്ന് പണമിടപാടുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രാജ്യത്തെ എടിഎം ശൃംഖല ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൻതോതിലുള്ള പണമിടപാടുകൾ വെല്ലുവിളിയായേക്കാം. അതേസമയം, ഡിജിറ്റൽ ഇടപാട് ശീലമായതിനാൽ ഉപഭോക്താക്കൾക്കിടയിൽ കാര്യമായ മാറ്റമുണ്ടാകാനിടയില്ലെന്നും വിലയിരുത്തലുണ്ട്.

എടിഎം ശൃംഖല

ഡിജിറ്റൽ ഇടപാട് വർധിച്ച സാഹചര്യത്തിൽ എടിഎം ഇടപാടുകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിനെത്തുടർന്ന് പല എടിഎമ്മുകളും പൂട്ടുകയും ചെയ്തു. 2024 മാർച്ചിനെ അപേക്ഷിച്ച് 2025 മാർച്ചിൽ രാജ്യത്തെ ആകെ എടിഎമ്മുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2024 മാർച്ചിൽ 2,53,417 എടിഎമ്മുകളുണ്ടായിരുന്നത് 2025 മാർച്ചിൽ 2,51,057 ആയി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകൾ 1,34,694ൽ നിന്ന് 1,33,544 ആയും സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകൾ 79,884ൽ നിന്ന് 77,117 ആയും കുറഞ്ഞു.

യുപിഐ ഇടപാടുകളിലെ മാറ്റം

യുപിഐ വഴിയുള്ള കച്ചവട ഇടപാടുകൾക്ക് പുതിയ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിലവിൽ വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ബാധകമാകും. 75,000 രൂപയോ അതിനു മുകളിലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെയായിരിക്കും നൽകേണ്ടിവരിക. വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകളും 2,000 രൂപ വരെയുള്ള കച്ചവട ഇടപാടുകളും സൗജന്യമായി തുടരും. നിലവിൽ 96 ശതമാനം കച്ചവട ഇടപാടുകളും 2,000 രൂപയിൽ താഴെയായതിനാൽ വലിയൊരു വിഭാഗം ഇടപാടുകൾക്ക് ഫീസ് ബാധകമാവില്ല.

യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തുന്നത് പണമിടപാട് മേഖലയിൽ നടക്കുന്ന വലിയ മാറ്റമാണ്. പണത്തിന്റെ ഉപയോഗം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എടിഎമ്മുകളിൽ പണം ഉറപ്പാക്കാനുള്ള നീക്കം സർക്കാരിന്റെയും ആർബിഐയുടെയും കരുതൽ നടപടിയായി കാണാം. എടിഎം ശൃംഖല ചുരുങ്ങുന്നത് ഒരു പരിമിതിയാണെങ്കിലും ചെറിയ തുകയുടെ ഇടപാടുകൾക്ക് ചാർജ് ഇല്ലാത്തത് സാധാരണ ഉപഭോക്താക്കളെ വലിയ തോതിൽ ബാധിക്കാനിടയില്ല.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here