മന്ത്രി ലിജുവിന്‍റെ ആവശ്യത്തിന് വഴങ്ങി സർക്കാർ, സഹകരണ രജിസ്ട്രാറും ഓഡിറ്റ് ഡയറക്ടറുമായി അനു എസ്. നായര്‍ക്ക് നിയമനം
ശ്യാം സരസ്വതി
തിരുവനന്തപുരം: ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന അനു എസ്. നായരെ സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടറുടെ ചുമതലയും അനു എസ്. നായര്‍ക്കാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സഹകരണ രജിസ്ട്രാര്‍ സ്ഥാനത്തുണ്ടാകുന്ന അഞ്ചാമത്തെ മാറ്റമാണിത്.
സെപ്റ്റംബര്‍ 11നാണ് അര്‍ജുന്‍ പാണ്ഡ്യനെ സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ചത്. രജിസ്ട്രാറുടെയും സഹകരണ ഓഡിറ്റ് ഡയറക്ടറുടെയും അധിക ചുമതലയായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്. എന്നാല്‍ കൃഷിവകുപ്പ് ഡയറക്ടറായും കേര പദ്ധതിയുടെ സ്‌പെഷല്‍ ഓഫീസറായും ചുമതലകള്‍ ഉണ്ടായിരുന്നതിനാല്‍ രജിസ്ട്രാര്‍ പദവി അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.
ഇതോടെയാണ് സഹകരണ വകുപ്പിന് മുഴുവന്‍ സമയ രജിസ്ട്രാര്‍ വേണമെന്ന ആവശ്യം ശക്തമായത്. സഹകരണ പദ്ധതികളുടെ നടത്തിപ്പിനും സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും മുഴുവന്‍ സമയ രജിസ്ട്രാര്‍ അനിവാര്യമാണെന്ന് മന്ത്രി എം. ലിജു സര്‍ക്കാരിനെ അറിയിച്ചിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സജിത് ബാബുവായിരുന്നു രജിസ്ട്രാര്‍. തുടര്‍ന്ന് എസ്. പ്രേംകൃഷ്ണന്‍, ഇമ്പശേഖര്‍, അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേല്‍ക്കാതിരുന്നതോടെയാണ് ഇപ്പോള്‍ അനു എസ്. നായരെ പുതിയ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment