വാട്സാപ്പ് സന്ദേശങ്ങൾക്ക് 0.136 രൂപ നൽകണം, ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ, വിശദമായി വായിക്കാം

 

ശ്യാം സരസ്വതി

വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 1 മുതൽ സന്ദേശമയക്കുന്നതിൽ പുതിയ നിരക്ക് നിലവിൽ വരും. ഉപഭോക്താവ് അയച്ച സന്ദേശത്തിന് 24 മണിക്കൂറിനുള്ളിൽ നൽകുന്ന ചില മറുപടികളും ഓർഡർ, ഡെലിവറി തുടങ്ങിയ വിവരങ്ങൾ കൈമാറുന്ന യൂട്ടിലിറ്റി സന്ദേശങ്ങളുമാണ് പുതിയ നിരക്കിന് വിധേയമാകുക.

നിലവിൽ ഉപഭോക്താവിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയുള്ള 24 മണിക്കൂറിനുള്ളിൽ ഇത്തരം സന്ദേശങ്ങൾ സൗജന്യമായി അയക്കാൻ ബിസിനസുകൾക്ക് സാധിച്ചിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ ഈ സൗജന്യ സംവിധാനത്തിൽ മാറ്റമുണ്ടാകും.

ഒരു സന്ദേശത്തിന് 0.136 രൂപ

ഇന്ത്യയിൽ ജിഎസ്ടി ഉൾപ്പെടെ ഒരു യൂട്ടിലിറ്റി സന്ദേശത്തിന് ഏകദേശം 0.136 രൂപ ആയിരിക്കും മെറ്റ ഈടാക്കുക. ജിഎസ്ടിക്ക് മുമ്പുള്ള നിരക്ക് 0.115 രൂപയാണ്. അതേസമയം, ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും മറ്റ് സർവീസ് ആവശ്യങ്ങൾക്കുമുള്ള മറുപടികളിൽ ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സന്ദേശങ്ങൾ സൗജന്യമായി അയക്കാൻ സാധിക്കും. 1,000 സന്ദേശങ്ങൾ പിന്നിട്ടാൽ അധിക സന്ദേശങ്ങൾക്ക് നിരക്ക് ബാധകമാകും.

ഉദാഹരണത്തിന്, ഒരു സ്ഥാപനത്തിൽ നിന്ന് ഒരു മാസത്തിൽ 1,500 സർവീസ് മറുപടികൾ അയച്ചാൽ ആദ്യത്തെ 1,000 എണ്ണം സൗജന്യമായിരിക്കും. ശേഷിക്കുന്ന 500 സന്ദേശങ്ങൾക്കാണ് നിരക്ക് നൽകേണ്ടത്.

24 മണിക്കൂർ പരിധിക്ക് ശേഷമുള്ള സന്ദേശങ്ങൾ

24 മണിക്കൂർ ഉപഭോക്തൃ സേവന വിൻഡോ കഴിഞ്ഞ് അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് നിലവിൽ തന്നെ നിരക്ക് ഈടാക്കുന്നുണ്ട്. അതിനാൽ ഈ സംവിധാനത്തിൽ ഒക്ടോബർ 1 മുതൽ പ്രത്യേക മാറ്റമുണ്ടാകില്ല. അതേസമയം, ഫേസ്ബുക്ക് പേജുകളിലെ ക്ലിക്ക്-ടു-വാട്സാപ്പ് പരസ്യങ്ങൾ, കോൾ-ടു-ആക്ഷൻ ബട്ടണുകൾ തുടങ്ങിയവ വഴി ഉപഭോക്താക്കൾ ബിസിനസുകളുമായി ബന്ധപ്പെടുന്ന സാഹചര്യത്തിൽ നിലവിലുള്ള 72 മണിക്കൂർ സൗജന്യ കാലയളവ് തുടരും. ഈ സമയപരിധിക്കുള്ളിൽ ബിസിനസുകൾക്ക് അധിക നിരക്ക് നൽകാതെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താം.

സാധാരണ വാട്സാപ്പ് ഉപയോക്താക്കളെ ബാധിക്കില്ല

പുതിയ നിരക്ക് സാധാരണ വാട്സാപ്പ് ഉപയോക്താക്കൾക്കോ വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കോ നേരിട്ട് ബാധകമാകുന്ന മാറ്റമല്ല. വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വലിയ തോതിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന വാണിജ്യ സ്ഥാപനങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുക. ഉപഭോക്താക്കൾക്ക് ബിസിനസുകൾക്ക് സന്ദേശമയക്കുന്നതിനോ അവരിൽനിന്ന് മറുപടികളും ഓർഡർ അപ്‌ഡേറ്റുകളും സ്വീകരിക്കുന്നതിനോ പുതിയതായി യാതൊരു ഫീസും നൽകേണ്ടതില്ല.
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here