ഒക്ടോബർ 1 മുതൽ പണകാര്യങ്ങളിൽ മാറ്റം; ബാങ്കിങ് മുതൽ എടിഎം വരെ, അറിയേണ്ട 5 കാര്യങ്ങൾ
ശ്യാം സരസ്വതി
ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ ബാങ്കിങ്, ഡിജിറ്റൽ പേയ്‌മെന്റ്, വ്യക്തിഗത ധനകാര്യ മേഖലകളിൽ വിവിധ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. എടിഎം ഇടപാടുകളുടെ സൗജന്യ പരിധി, ബൾക്ക് എഫ്.ഡി നിരക്ക്, എൻ.പി.എസ് ചാർജുകൾ, എൽ.പി.ജി സബ്സിഡി തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങൾ.
എസ്ബിഐ എടിഎം ഇടപാടുകൾക്ക് പുതിയ പരിധി
ഒക്ടോബർ ഒന്ന് മുതൽ എസ്ബിഐ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് കം വിത്ഡ്രോവൽ മെഷീനുകളിലും ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിയിൽ മാറ്റമുണ്ടാകും. നിലവിലുള്ള 10 സൗജന്യ ഇടപാടുകൾക്ക് പകരം പ്രതിമാസം അഞ്ച് ഇടപാടുകൾ മാത്രമായിരിക്കും സൗജന്യം. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകളിൽ പ്രതിമാസം നാല് തവണ വരെ പണം പിൻവലിക്കാം. ഇതിന് ശേഷം ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. ഡിജിറ്റൽ ഇടപാടുകൾക്ക് സൗജന്യ സേവനം തുടരുമെന്നാണ് അറിയിപ്പ്.
ബൾക്ക് എഫ്.ഡി പലിശനിരക്കിലും മാറ്റം
ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും. ബാങ്കുകൾ ബൾക്ക് ഡിപ്പോസിറ്റുകൾക്ക് ബാധകമായ പലിശനിരക്ക് മുൻകൂട്ടി പ്രസിദ്ധീകരിക്കേണ്ടിവരും. ദിവസേന രാവിലെ 10 മണിക്ക് ബാധകമായ നിരക്കുകൾ ബാങ്കുകൾ പുറത്തുവിടണം. സമാന സ്വഭാവമുള്ള ബൾക്ക് ഡിപ്പോസിറ്റുകൾക്ക് പൊതുവെ ഒരേ പലിശനിരക്ക് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) പരിഗണിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്കുകൾക്ക് സാധിക്കും.
ഒക്ടോബർ 15 മുതൽ യുപിഐ ഇടപാടുകൾക്ക് MDR
ഒക്ടോബർ 15 മുതൽ ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകുമെന്നാണ് അറിയിപ്പ്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകളാണ് ഇതിൽ ഉൾപ്പെടുക. 2,000 രൂപ വരെയുള്ള പേയ്‌മെന്റുകൾക്കും ചെറുകിട വ്യാപാരികൾക്കുള്ള സീറോ-MDR സംവിധാനത്തിന് കീഴിലുള്ള ഇടപാടുകൾക്കും നിരക്ക് ഈടാക്കില്ല. വ്യാപാരിയുടെ മേഖലയനുസരിച്ച് MDR നിരക്കിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.
എൻ.പി.എസ് ചാർജുകളിലും മാറ്റം
നാഷണൽ പെൻഷൻ സിസ്റ്റം (NPS), NPS ലൈറ്റ് എന്നിവയ്ക്ക് കീഴിലുള്ള പോയിന്റ്സ് ഓഫ് പ്രസൻസ് (PoP) ഈടാക്കുന്ന ചാർജുകളിലും മാറ്റം വരും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തും.
എൽ.പി.ജി സബ്സിഡിക്ക് ആധാർ ബയോമെട്രിക് നിർബന്ധം
സബ്സിഡിയുള്ള ഗാർഹിക എൽ.പി.ജി സിലിണ്ടർ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കും. ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (BAA) പൂർത്തിയാക്കാത്തവർ നടപടിക്രമം പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. സബ്സിഡിയുള്ള എൽ.പി.ജി റീഫിൽ ലഭിക്കുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ ഉപഭോക്താക്കൾ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment