സഹകരണ ജീവനക്കാരെവാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു 

കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നണി പോരാളികളായി സർക്കാരിന് താങ്ങും തണലുമാവുകയാണ്  സഹകരണ മേഖല. സഹകരണ മേഖലയിൽ നിന്ന് 200 കോടി സമാഹരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് എല്ലാ സഹകരണവും നല്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് സഹകരണ സ്ഥാപനങ്ങൾ. കഴിഞ്ഞ രണ്ട് പ്രളയകാലത്തും  ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകി  ഉണർന്നു പ്രവർത്തിച്ചിട്ടുള്ള സഹകരണ മേഖല മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും  ഏറെ മുൻപന്തിയിലാണ്. മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും  തങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട വിഹിതം സംഭാവന ചെയ്യുന്നുണ്ട് . 
 പല സഹകരണ ബാങ്കുകളും 10 ലക്ഷത്തിലേറെ തുക സംഭാവന നൽകിക്കഴിഞ്ഞു. സഹകരണ മേഖലയിലെ എല്ലാ ബാങ്കിംഗ് സ്ഥാപനങ്ങളും പൂർണ്ണമനസ്സോടെ സഹകരിക്കുന്ന ഈ പരിശ്രമത്തിൽ സർക്കാരിന്റെ ലക്ഷ്യമായ 200 കോടി
രൂപയേക്കാൾ കൂടുതൽ  തുക സമാഹരിക്കാൻ കഴിയുമെന്നുള്ള  വിശ്വാസമാണുള്ളത്.

ജീവനക്കാർ സ്വമേധയാ നൽകുന്ന 2 ദിവസത്തെ ശമ്പളവും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടാണ്. സഹകരണ മേഖലയിൽ നിന്ന് സമാഹരിക്കുന്നതുക സർക്കാർ തിരിച്ചു നൽകാറില്ലെന്ന വസ്തുത കൂടി ഓർക്കേണ്ടതുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്കു പിടിച്ച ഒരു മാസത്തെ ശമ്പളം  സർക്കാർ ജീവനക്കാക്ക്  തിരിച്ചു  നൽകേണ്ടി വന്നപ്പോൾ, ഒന്നും പ്രതീക്ഷിക്കാതെ സമൂഹനന്മക്കായി മാത്രം പ്രവർത്തിക്കുന്ന സഹകരണ ജീവനക്കാരുടെ ത്യാഗമനോഭാവം പ്രശംസനീയമാണ്.
കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധ്യസ്വഭാവമുള്ള സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകൾ . 
ഓരോദിവസവും സഹകരണബാങ്കുകളിലും സൊസൈറ്റികളിലും പതിനായിരക്കണക്കിന് ആളുകളാണ് ഇടപാടുകാരായി എത്തുന്നത്. എന്നാൽ ജനങ്ങളുമായി നേരിട്ട് നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെ സുരക്ഷ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്തത് അത്യന്തം ഖേദകരമായ  വസ്തുതയാണ്. സർക്കാർ ജീവനക്കാർ ക്കും, അധ്യാപകർക്കും ജനസമ്പർക്കത്തിലേർപ്പെടുന്ന മറ്റു സന്നദ്ധ പ്രവർത്തകർക്കും വാക്സിനെടുക്കാൻ മുൻഗണന നൽകുന്ന സർക്കാർ സഹകരണ മേഖലയിലെ ആയിരക്കണക്കിനു  ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് കാണിക്കുന്ന അലംഭാവം തികച്ചും ആശങ്കാജനകമാണ്. ജീവനക്കാർക്ക്  കോവിഡ് ബാധയെത്തുടർന്ന് കേരളത്തിലുടനീളമുള്ള സഹകരണ  സ്ഥാപനങ്ങൾ ആഴ്ചയോളം അടച്ചിടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിരവധി പേർക്ക്  ജീവൻ നഷ്ടപ്പെട്ടു. പല രും ഗുരുതരനില തരണം ചെയ്തു തിരിച്ചു വന്നവരുമാണ്. എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന സർക്കാരിന്റെ തീരുമാനത്തെ കലവറയില്ലാതെ പിന്തുണയ്ക്കുന്ന  സഹകരണ മേഖലയിലെ ജീവനക്കാർക്ക് വാക്സിൻ നൽകുന്നകാര്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടുപോലുമില്ല. എല്ലാ കാര്യത്തിനും സർക്കാരിന് സഹായഹസ്തവുമായി എത്തുന്ന  സഹകരണ സ്ഥാപനങ്ങൾക്ക് വാക്സിൻ പോലെ പല കാര്യത്തിലും അവഗണന നേരിടേണ്ടി വരുന്നതിൽ കടുത്ത അമർഷവുമുണ്ട്.  

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൺസ്യൂമർഫെഡ് സൗജന്യ നിരക്കിൽ മെഡിക്കൽകിറ്റുകൾ ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. 637 രൂപ വില വന്ന ഈ കിറ്റ് 200 രൂപക്കാണ് നീതി മെഡിക്കൽ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കൺസ്യൂമർ ഫെഡിന്റെ 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിനുടനീളം പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ഇവ വിതരണം തുടരും . ഇത്തരത്തിൽ ജനോപകാര പ്രദമായ എല്ലാ  പ്രവർത്തനങ്ങളിലും പങ്കാളികളാക്കുന്ന സഹകരണ സ്ഥാപനങ്ങളേയും അതിനായി പ്രവർത്തിക്കുന്ന ജീവനക്കാരെയും അവരുടെ ത്യാഗസന്നദ്ധതേയും സർക്കാരും പൊതുജനവും  ഇനിയും കാണാതിരിക്കരുത്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here