കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കപ്പ  നൽകി സിനിലിന്റെ കാരുണ്യം 

കോട്ടയം പിണ്ണാക്കനാട് പാറത്തോട്ടിൽ സെബാസ്റ്റ്യൻ എന്ന സിനിൽ അക്ഷരാർത്ഥത്തിൽതന്നെ പാറപ്പുറത്തു വിളയിച്ചെടുത്ത കപ്പയ്ക്ക് കണ്ണീരുപ്പ് മായ്ച്ചു കളഞ്ഞ കനിവിന്റെ മാധുര്യമുണ്ട്. കോവിഡ് എന്ന മഹാമാരി തീരാ ദുരിതമായി പടർന്നു കയറുമ്പോൾ ഒരു നേരത്തെ വിശപ്പകറ്റുന്നവന് സ്ഥാനം ദൈവത്തിനൊപ്പം തന്നെ. 27 ഏക്കറിലെ കപ്പകൃഷിയിൽ നിന്ന് വിളവെടുത്ത രണ്ടര ലക്ഷം കിലോ കപ്പമുഴുവൻ വിശക്കുന്നവർക്ക് അന്നമൂട്ടിയ സിനിൽ പക്ഷെ ദൈവനാമത്തിൽ പറയുന്നു... 'ഇതൊന്നും എന്റെ നേട്ടമല്ല.'
 ആരും തിരിഞ്ഞു നോക്കാതെ പാറയും കാടും നിറഞ്ഞ പറമ്പ് വാങ്ങുമ്പോൾ കണ്ണിൽ കണ്ട നേട്ടം ക്രഷർ യൂണിറ്റ് ആരംഭിക്കാമെന്നതായിരുന്നു. ആരംഭിക്കുകയും ചെയ്തു. എക്സ് എൽ ഗ്രാനൈറ്റ് എന്ന പേരിൽ മെറ്റൽ ക്രഷർ. പക്ഷെ പിന്നീട് ലൈസൻസ് പുതുക്കികിട്ടാൻ ചില സാങ്കേതിക തടസ്സം നേരിട്ടപ്പോൾ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.
മനസ്സിൽ എന്നും കൃഷിയെ സ്നേഹിച്ചിരുന്ന സിനിൽ പിന്നെ ഒട്ടും താമസിച്ചില്ല, അവിടെ കൃഷി തുടങ്ങി. വാഴ, കപ്പ, മാവ് എല്ലാം നട്ടു. മെറ്റൽ എടുത്ത ഭാഗം അപ്പോൾ തന്നെ മണ്ണിട്ടു മൂടി  അവിടെയും കൃഷി ചെയ്യുന്നതാണ് സിനിലിന്റെ രീതി. അതുകൊണ്ട് തന്നെ ഒരിഞ്ചു സ്ഥലം പോലും മാറ്റിയിടുന്നില്ല.
കൂടെ സഹായിക്കാൻ കുടുംബവും ക്രഷറിലെ ജോലിക്കാരും.
36,000 കപ്പയാണ് നട്ടത്. കുറച്ച് സ്ഥലത്തു മാത്രം ചാണകപ്പൊടിയിട്ടു. ബാക്കിയുള്ളതിന് ഒന്നും നൽകിയില്ല. വർ ഷങ്ങളായി തരിശു കിടക്കുന്ന ഭൂമി അറിഞ്ഞു വിളവുനൽകി. അഞ്ചു ദിവസം കൊണ്ട് വിളവെടുത്തത് 250 ടണ്ണിലധികം കപ്പ. എല്ലാം കോവിഡ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയായിരുന്നു. അപ്പ വാങ്ങാനെത്തിയവരിൽ രാഷ്ട്രീയ ഭേദമോ സംഘടനാ ഭേദമോ ഉണ്ടായിരുന്നില്ല. ആലപ്പുഴയിലെ വെള്ളക്കെട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കും കയറ്റിയച്ചു ഒരു ലോഡ്. എല്ലാവരും നൽകുന്ന കിറ്റുകളിലും പ്രളയ ദുരിതാശ്വാസ ക്യാമ്പിലുമൊക്കെ സിനിലിന്റെ സ്നേഹവും കരുതലും കപ്പയുടെ രൂപത്തിൽ ഇടം പിടിച്ചു.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീനൊപ്പാൻ എന്നും സന്നദ്ധതനായ സിനിൽ ബിസിനസ്സിൽ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെയ്ക്കുന്നത്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here