മാലിന്യനിർമാർജ്ജനം നമ്മുടെ ഉത്തരവാദിത്തം 

-  കെ. മോഹനൻ
 (റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്) 



കേരളം ഇന്നു മുതൽ അടുത്ത മൂന്നു ദിവസങ്ങളിൽ മറ്റൊരു മഹായജ്ഞത്തിലേർപെടുകയാണ്. മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം. ഇന്ന് പ്രവൃത്തി ഇടങ്ങളിൽ തുടങ്ങി ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് പൊതു ഇടങ്ങളിലും അതിനടുത്ത ദിവസം വീടും പരിസരവും ശുചീകരിച്ചും നടത്തുമ്പോൾ നാമോരോരുത്തർക്കും ഉള്ള സാമൂഹിക  ഉത്തരവാദിത്തം അതിന്റെ എല്ലാ അർത്ഥത്തിലും നടപ്പിലാക്കാൻ ശ്രദ്ധിക്കുമല്ലൊ.

 കോവിഡ് മഹാമാരിക്കിടയിൽ മറ്റു പകർച്ചവ്യാധികളും കൂടി പൊട്ടി പുറപ്പെട്ടാലത്തെ ഭീകരാവസ്ഥ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇനി അങ്ങോട്ട് ശുചിത്വത്തിന്റെ കാര്യത്തിൽ ഗൗരവതരമായ പുനർചിന്തനം കൂടിയേ തീരൂ. ഇതിന് വ്യക്തികളിൽ തുടങ്ങി ഭരണകൂടം വരെ വിവിധ ശ്രേണികളിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.

ഈ കാര്യത്തിൽ പ്രാദേശിക സർക്കാരുകളുടെ ഇടപെടലിന് വളരെയധികം പ്രാധാന്യമുണ്ട്. വെള്ളക്കെട്ടൊഴിവാക്കലും, ജലസ്റോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കുന്നതുമൊക്കെ തങ്ങളുടെ അനിവാര്യ ചുമതലയാണെന്ന ഉത്തമ ബോധ്യത്തോടെ പദ്ധതികൾ പ്രാവർത്തികമാക്കണം. മാലിന്യ നിർമാർജനം ഇന്നും പലയിടത്തും കീറാമുട്ടിയായി തുടരുന്നു. കുടുംബങ്ങളിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിക്കാനും, സംസ്ക്കരിക്കാനുമുള്ള പദ്ധതികൾ ഇപ്പോഴും ഏട്ടിലെ പശു ആയി തുടരുന്നു. ഇത് വിജയകരമായി നടപ്പാക്കാൻ കഴിയാത്തിടത്തോളം കാലം മാലിന്യ നിർമാർജനം പ്രശ്നമായി തന്നെ തുടരും.

മാലിന്യം നിർമാർജനം ചെയ്യുന്ന ഇടങ്ങൾ ഇനി ഒരിക്കലും മാലിന്യ സ്റോതസ്സായി മാറാതിരിക്കാനുള്ള അടിയന്തര ഇടപെടലും ഇതിനു തുടർച്ചയായി ഉണ്ടാകണം.

ഇത്രയും പറയുമ്പോൾ എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി കാണാൻ ശ്രമിക്കരുത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്നതായിരിക്കണം നമ്മെ നയിക്കേണ്ട ചിന്ത.അതു പോലെ തന്നെ എന്റെ ആരോഗ്യവും. ഇതു രണ്ടും മനസ്സിൽ രൂഢമൂലമായാൽ പ്രശ്ന പരിഹാരം എളുപ്പമാകും.

നമ്മുടെ കേരളം പല കാര്യങ്ങളിലും മാതൃക സൃഷ്ടിച്ചിട്ടുള്ളവരാണ്, അത് തുടർന്നു കൊണ്ടുമിരിക്കുന്നു. അതിൽ നിർണ്ണായക പങ്ക് വിവിധ സാമൂഹികസംഘടനകളുടേതാണ്. ഈ സംഘബലം ഫലപ്രദവും കാര്യക്ഷമവുമായി വിനിയോഗിച്ചാൽ കേരളത്തെ നമുക്ക് കൂടുതൽ സുന്ദരമാക്കി മാറ്റാൻ കഴിയും. പുതുതലമുറ ഇതു സ്വാംശീകരിക്കാൻ നിർബ്ബന്ധിതരാകും, അത് ഭാവിയേയും ഭാസുരമാക്കും.

മറ്റൊരു നേട്ടത്തിന്റെ മാറ്റുമായാണ് ഇന്ന് കേരളം കൺതുറന്നത്. സുസ്ഥിര വികസന സൂചികയിൽ കേരളം തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുകയാണ് - ഈ സ്ഥാനം എന്നും നമ്മുടേതാകാൻ ശുദ്ധമായ വായുവും, കുടിവെള്ളവും, എല്ലാവർക്കും തൊഴിലും, ആരോഗ്യവും, ഭക്ഷണവും എല്ലാം ആവശ്യമാണ്. ഭരണകൂടം കരുതലോടെ ഈ ലക്ഷ്യങ്ങളുമായി മുന്നിട്ടു പ്രവർത്തിക്കുമ്പോൾ നമുക്കോരോരുത്തർക്കും  നമ്മുടെ കടമ കൂടി നിറവേറ്റാം.

ഭാവി കേരളം സുന്ദരകേരളം.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here