ഡിസംബർ 16,17 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഡിസംബർ 16,17 തീയതികളിൽ ബാങ്കുകൾ അഖിലേന്ത്യാ തലത്തിൽ പണിമുടക്കുന്നു.ഇത്തവണത്തെ സമരം, LIC യും BPCL ഉം ഖനികളും തീവണ്ടിയും എയർപോർട്ടും ഒക്കെ പോലെ പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യകമ്പനികൾക്ക് വിൽക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ്.
ഇത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക എന്നതിന്റെ 50 കാരണങ്ങൾ താഴെ വായിക്കാം.
1. രാജ്യത്തെ ബാങ്കുകളിൽ 157 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഇവയിൽ സിംഹഭാഗവും സാധാരണക്കാരുടെ ജീവിത സമ്പാദ്യങ്ങളായ ഗാർഹിക നിക്ഷേപങ്ങളാണ്. ഇത് മുഴുവൻ സ്വകാര്യ മുതലാളിമാരുടെ നിയന്ത്രണത്തിലാവും.

2. ഈ ഭീമമായ നിക്ഷേപങ്ങളുടെ വിനിയോഗം ഭാവിയിൽ മുതലാളിമാരുടെ ഇഷ്ടം പോലെയേ നടക്കൂ.

3.  രാഷ്ട്രപുനർ നിർമ്മാണത്തിനായി വിനിയോഗിക്കപ്പെടേണ്ട പൊതുസമ്പാദ്യം, ചില വ്യക്തികളുടെ സമ്പത്ത് വർദ്ധിപ്പിക്കാനായി മാത്രം വിനിയോഗിക്കപ്പെടും.

4.  സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിലാകുന്ന നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ചോദ്യചിഹ്നമാവും.
5. ലാഭം മാത്രം ലക്ഷ്യമിടുന്ന സ്വകാര്യ ഉടമകളുടെ നിയന്ത്രണത്തിൽ, നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന  പലിശ ഗണ്യമായി കുറയും.

6. രാജ്യത്തെ ബാങ്കുകളുടെ
ആസ്തികൾ, രാജ്യത്തെ ജനങ്ങൾ പതിറ്റാണ്ടുകളായി മുണ്ടു മുറുക്കിയുടുത്തും പട്ടിണി കിടന്നും നല്കിയ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയതാണ്. അത് ചില വ്യക്തികളുടെ മാത്രം കൈവശമാകും.

7. രാജ്യത്തിന്റെ പൊതു സമ്പത്തിന്റെ  വിനിമയവും നിയന്ത്രണവും കോർപ്പറേറ്റുകൾക്ക് കൈമാറിയാൽ, അത് രാജ്യത്തിന്റെ പരമാധികാരം തന്നെ അപകടത്തിലാക്കും.

8. ഭീമമായ സമ്പാദ്യം കയ്യാളുന്ന അതിസമ്പന്നരായ കുത്തകൾ സർക്കാരുകളെ വരുതിയിലാക്കും. ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്.

9. സ്വകാര്യവത്കരണത്തിന്റെ മറവിൽ, വിദേശ ശക്തികൾ നമ്മുടെ ബാങ്കുകളുടെ നിയന്ത്രണം പിടിച്ചെടുക്കും.

10. കള്ളപ്പണം, കള്ളനോട്ട്, പണലഭ്യത, വിലക്കയറ്റം ഇവയെയൊക്കെ തങ്ങളുടെ താത്പര്യാനുസൃതം നേരിട്ട് സ്വാധീനിയ്ക്കാൻ ഈ കുത്തകകൾക്ക് സാധിക്കും.

11. ബാങ്കുകളിലെ പൊതുപണം വിദേശ രാജ്യങ്ങളിലെ പോലെ ആയുധവ്യാപാരം, മയക്കുമരുന്ന്, ഊഹക്കച്ചവടം ഇവയിലേക്കൊക്കെ വഴി മാറ്റപ്പെട്ടാലും അതിശയിക്കാനില്ല.

12. രാജ്യസുരക്ഷ തന്നെ അപകടത്തിലാകും. സാമ്പത്തിക കുറ്റകൃത്യങ്ങളും ബാങ്കിംഗ് തട്ടിപ്പുകളും പെരുകും.

13. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ കറൻസി ലഭ്യതയെ സ്വാധീനിക്കാൻ ഈ സ്വകാര്യ മുതലാളിമാർക്ക് കഴിയും.

14. രാജ്യത്തെ ബാങ്കുകളുടെ സ്വഭാവം സേവനത്തിൽ നിന്നും മാറി ഒന്നാന്തരം കച്ചവടമായി മാറും.

15. പ്രാദേശിക വികസനം, അടിസ്ഥാന സൗകര്യ വളർച്ച, ഉത്പാദനം, തൊഴിൽ തുടങ്ങിയ നിർണ്ണായക മേഖലകളിൽ നിക്ഷേപിക്കാനാവശ്യമായ പണം പ്രാദേശിക ഭരണകൂടങ്ങൾക്ക് കണ്ടെത്താനാകാതെ വരും.

16. തനതായ ലാഭമുണ്ടാക്കാത്ത ഗ്രാമീണ ശാഖകൾ അടച്ചു പൂട്ടപ്പെടും.
17. ഗ്രാമങ്ങളിൽ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ലക്ഷക്കണക്കിന് അനുബന്ധ തൊഴിൽ സാധ്യതകളും ഇല്ലാതാകും.

18.  ഇടപാടുകളുടെ ചിലവു ചുരുക്കാൻ ഡിജിറ്റൽ മാർഗ്ഗങ്ങൾ ഇടപാടുകാരുടെ മേൽ അടിച്ചേൽപ്പിക്കും. ഇത് ഉൾക്കൊള്ളാൻ കഴിയാത്ത സാധാരണക്കാർ ബാങ്കിംഗിന് പുറത്താകും.

19. കൊട്ടി ഘോഷിക്കപ്പെട്ട സാമ്പത്തിക ഉൾക്കൊള്ളൽ (financial inclusion) പഴങ്കഥയാകും.

20. സർക്കാർ പദ്ധതികളായ ജൻ ധൻ യോജന, സുരക്ഷാ ഇൻഷുറൻസ്, മുദ്രാ ലോൺ, സുകന്യാ സമൃദ്ധി ഇവയൊക്കെ കടലാസ് പദ്ധതികളായി ചുരുങ്ങും.

21. ബാങ്കിന് കനത്ത ബിസിനസ് സമ്മാനിക്കാൻ കഴിയാത്ത ശരാശരിക്കാരും സാധാരണക്കാരും ബാങ്കുകളിൽ നിന്ന് ക്രമേണ പുറന്തള്ളപ്പെടും.

22. ലാഭേച്ഛ മൂത്ത മുതലാളിമാർ ബാങ്കിംഗ് സേവനങ്ങൾക്ക് ചാർജ്ജുകളും ഫീസുകളും വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയും.

23.  മുൻഗണനാ വായ്പകളായ കൃഷി, ചെറുകിട വ്യവസായം, സ്വയം  തൊഴിൽ വായ്പകൾ  കിട്ടാതാവും.

24. നമ്മുടെ സമർത്ഥരായ കുട്ടികൾക്ക്, ലളിതമായ വ്യവസ്ഥകളിൽ വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക അസാധ്യമാകും.
25. കോർപ്പറേറ്റുകൾക്കും വമ്പൻ മുതലാളിമാർക്കും വൻ വായ്പകൾ നല്കുന്നതാവും സ്വകാര്യ ബാങ്കുകളുടെ മുൻഗണന.

26. നിയന്ത്രണമില്ലാത്ത വൻകിട വായ്പകൾ ബാങ്കുകളുടെ സ്ഥിരതയെയും നിലനിൽപിനെയും ബാധിക്കും.

27. കഴിഞ്ഞ കാലങ്ങളിൽ തകർച്ചയുടെ വക്കിലെത്തിയ സ്വകാര്യ ബാങ്കുകളെയും അവയിലെ നിക്ഷേപകരുടെ താത്പര്യങ്ങളെയും സംരക്ഷിച്ച പൊതുമേഖലാ ബാങ്കുകൾ ഇല്ലാതാകുന്നത്, ബാങ്കുകളുടെ സമ്പൂർണ്ണ തകർച്ചകൾക്ക് വഴിയൊരുക്കും.

28.  ലാഭം പരമാവധി വർദ്ധിപ്പിക്കാൻ വായ്പാ പലിശയും അനുബന്ധ ചാർജുകളും വർദ്ധിപ്പിക്കും.

29. ചില സ്വകാര്യ ബാങ്കുകൾ ഇന്ന് വായ്പ തിരിച്ചു പിടിക്കലിന് അനുവർത്തിക്കുന്ന ആശാസ്യമല്ലാത്ത ഗുണ്ടാ മോഡൽ വ്യാപകമാകും.

30. പൊതു മേഖലാ ബാങ്കുകൾ വഴി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ - പെൻഷൻ, സ്കോളർഷിപ്പ്, ഗ്രാന്റ്, ക്ഷേമനിധി, ഭവന നിർമ്മാണ സഹായം, ദുരിതാശ്വാസം - ഇവയുടെയെല്ലാം വിതരണം അവതാളത്തിലാവും.

31. ബാങ്കിംഗ് വ്യവസായത്തിലൂടെ സ്വരൂപിക്കുന്ന ലാഭം,  രാജ്യത്തിന് മുതൽക്കൂട്ടാവുന്നതിന് പകരം ചിലരുടെ അക്കൗണ്ടുകളിലേക്കായി വിദേശത്തേക്ക് കടക്കും.

32.  ഉയർന്ന മിനിമം ബാലൻസ് നില നിർത്തേണ്ടി വരും. 'സീറോ ബാലൻസ്' പഴങ്കഥയാവും.

33. എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന ജനകീയ ബാങ്കിംഗ് സംവിധാനം ഇല്ലാതാകും.

34. ബാങ്കിംഗ് മേഖലയിൽ സ്ഥിരം തൊഴിൽ അവസരങ്ങൾ ഇനി ഉണ്ടാവില്ല.
35.  തുച്ഛമായ ശമ്പളം മാത്രം നൽകി, കോൺട്രാക്ട് അടിസ്ഥാനത്തിൽ, താത്കാലിക ജോലി സമ്പ്രദായം വ്യാപകമാകും.

36. ബാങ്കിംഗ് നിയമനങ്ങളിലെ സുതാര്യത ഇല്ലാതാകും.

37. സമൂഹത്തിലെ ദുർബല വിഭാഗങ്ങളായ പട്ടികജാതി, പട്ടികവർഗ്ഗം, ഓ. ബി.സി., വികലാംഗർ ഇവർക്കൊക്കെയുള്ള തൊഴിൽ സംവരണം ഇല്ലാതാകും.

38. സർക്കാർ ഉടമസ്ഥത ഒഴിയുന്നതോടെ ബാങ്കുകളിലെ സർക്കാർ മേൽനോട്ട സംവിധാനങ്ങൾ ദുർബലമാകും.

39.  ചോര നീരാക്കി നാട്ടിലേക്ക് വിദേശ നാണ്യം കൊണ്ടു വരുന്ന പ്രവാസികളുടെ നിക്ഷേപങ്ങൾ  അരക്ഷിതമാകും.

40. പല കാരണങ്ങളാൽ ബാങ്കിംഗിന് പുറത്താകുന്ന സാധാരണക്കാരുടെ നിക്ഷേപങ്ങൾ താരതമ്യേന സുരക്ഷിതമല്ലാത്ത മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാൻ നിർബന്ധിതമാകും.

41. ബാങ്കുകൾ പാവപ്പെട്ടവർക്ക് അപ്രാപ്യമാകുന്നതോടെ, അനുദിനാവശ്യങ്ങൾക്കായി  സാമ്പത്തിക തട്ടിപ്പുകാരുടെയും ബ്ലേഡ് കമ്പനികളുടെയും ചൂഷണത്തെ ആശ്രയിക്കേണ്ടി വരും. ഇത് കടുത്ത സാമൂഹ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.
42. സ്വകാര്യബാങ്കുകളുടെ മേൽക്കൈയ്ക്കായുള്ള പരസ്പര മത്സരത്തിൽ പൊതുതാത്പര്യങ്ങൾ അവഗണിക്കപ്പെടും. ബാങ്കിംഗ് മേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാകും.

43. ബാങ്കുകളിലെ കിട്ടാക്കടം പെരുകും. മുതലാളിമാരും സുഹൃത്തുക്കളും ബാങ്കുകളുടെ ആസ്തികൾ കൊള്ളയടിച്ച് നാടു വിടുന്നത് സാധാരണമാകും.

44. കിട്ടാക്കട വിഷയത്തിൽ സർക്കാർ ഇടപെടൽ കൂടുതൽ ദുർബലമാവും. ശക്തമായ നടപടികളുടെയും കർശനമായ നിയമങ്ങളുടെയും അഭാവത്തിൽ പാപ്പർ നിയമം മറയാക്കി കൂടുതൽ പേർ നാട് വിടും.

45. ഇതിനകം വൻ കിട്ടാക്കടം വരുത്തി വച്ചിട്ടുള്ള കുത്തക മുതലാളിമാർക്ക് രക്ഷപെടാൻ അവസരം സംജാതമാകും. കിട്ടാക്കടക്കാർ തന്നെ ബാങ്ക് ഉടമസ്ഥരായി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല.

 46. സ്വകാര്യവത്കരണത്തെ തുടർന്നുള്ള പിരിച്ചുവിടൽ മൂലം നിലവിൽ ഉളള ചിലരുടെയെങ്കിലും ജോലികൾ നഷ്ടപ്പെടും.

47. സ്വകാര്യ ബാങ്കുകൾ തകരാനുളള സാധ്യത കൂടുതലാണ് എന്നതിന് ചരിത്രം സാക്ഷിയാണ്. ബാങ്കിംഗ് മേഖലയുടെ സ്വകാര്യവത്കരണം നടത്തിപ്പിലെ അഴിമതികൾ, റിസ്ക് തുടങ്ങിയവയ്ക്ക് സാധ്യത കൂട്ടുന്നു.

48. ബാങ്കിംഗ് സ്വകാര്യവത്കരണം അനുവദിക്കുന്നത്, മറ്റ് സുപ്രധാന മേഖലകളിലും ഇത്തരം ശ്രമങ്ങൾ ത്വരിതപ്പെടുത്തും.

49. സമ്പത്തിന്റെ അമിതമായ കേന്ദ്രീകരണമുണ്ടാകും. സാമ്പത്തിക അസമത്വം വർദ്ധിക്കും.

50. കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക തകർച്ചയിൽ ലോകമാസകലം ബാങ്കുകൾ തകർന്നപ്പോൾ ഇന്ത്യൻ ബാങ്കുകൾ പിടിച്ചു നിന്നത് അവയുടെ പൊതു ഉടമസ്ഥത മൂലമാണെന്നത് ലോകം അംഗീകരിച്ച സത്യമാണ്.

സഹകരണരംഗം ഓൺലൈൻ ന്യൂസ്
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here