ഇടുക്കി ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം

സഹകരണ മേഖലക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നടപടികള്‍ക്കതിരെ  ഇടുക്കി ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ കണ്‍വണ്‍ഷന്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ചേര്‍ന്നു.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വണ്‍ഷന്‍ ഉദ്ഘടനം ചെയ്തു.  സമൂഹത്തിന്റെ സമസ്ത  മേഖലകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന സഹകരണ മേഖലയെ തകര്‍ക്കാനുളള ഏതു നീക്കത്തേയും ചെറുത്തുതോല്‍പ്പിക്കുമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള  ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പരിരക്ഷ  ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. 
കണ്‍വണ്‍ഷനില്‍ എം. എം. മണി എം. എല്‍. എ മുഖ്യ പ്രഭാഷണം  നടത്തി. പാക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. പാക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. വി ശശി  , പ്രമുഖ സഹകാരികളായ  ഒ.ആര്‍ ശശി, കെ .ആര്‍ സോദരന്‍, കെ.ഐ ആന്റണി, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍  ജില്ലാ സെക്രട്ടറി റ്റി.സി രാജശേഖരന്‍, എംപ്ലോയീസ് ഫ്രണ്ട്  ജില്ലാ സെക്രട്ടറി എബ്രഹാം കുര്യാക്കോസ്  എന്നിവര്‍ സംസാരിച്ചു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്മാരും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് കണ്‍വൻഷനില്‍ പങ്കെടുത്തത്. ആയിരത്തൊന്നംഗ  ജനറല്‍ കമ്മറ്റിയെ തെരഞ്ഞെടുത്തുകൊണ്ട്  ജില്ല സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചു.  മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി ഡീന്‍ കുര്യാക്കോസ്, എം.എം മണി എം  .എല്‍ എ, പി .ജെ .ജോസഫ് എം  .എല്‍ എ,  എ .രാജ എം  .എല്‍. എ,  വാഴൂര്‍ സോമന്‍ എം  .എല്‍. എ എന്നിവര്‍ രക്ഷാധികാരികളായും ജോയി തോമസ് ചെയര്‍മാനും, കെ.വി ശശി ജനറല്‍ കണ്‍വീനറുമായി  151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും  തിരഞ്ഞെടുത്തു.  ജില്ല സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 രാവിലെ  11 മണിക്ക്  കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍  സഹാരികളും ജീവനക്കാരും ചേര്‍ന്ന് ധര്‍ണ്ണാ സമരം നടത്തും. ഡിസംബര്‍ 25  ന് മുന്‍പ്  സര്‍ക്കിള്‍ സഹകരണ   യൂണിയനുകളുടെ നേതൃത്വത്തില്‍ താലൂക്ക് തല കണ്‍വണ്‍ഷനുകള്‍ ചേര്‍ന്ന് താലൂക്ക് തല സമിതികള്‍ രൂപീകരിക്കുവാനും തീരുമാനിച്ചു .  ഡിസംബര്‍ 31 ന് മുന്‍പ്  ഓരോ സഹകരണ സ്ഥാപനങ്ങളിലും സഹകാരി കണ്‍വണ്‍ഷനുകള്‍ ചേര്‍ന്ന് സംഘതല സമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടേയും ജീവനക്കാരുടേയും നേതൃത്വത്തില്‍  ഭവന സന്ദര്‍ശന പരിപാടികളും നടത്തും.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here