വൈവിധ്യമാർന്ന വികസന പദ്ധതികളുകളുമായി വിജയക്കുതിപ്പിൽ സഹകരണ വകുപ്പ്

സഹകരണ വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ നടത്തിയത്  1712 സ്ഥിരം നിയമനങ്ങള്‍. വിവിധ പദ്ധതികള്‍ വഴി 43,894 പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കി. ആകെ 46,606 തൊഴില്‍ അവസരങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ സഹകരണ വകുപ്പില്‍ സൃഷ്ടിച്ചത്. കേരള ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകള്‍ യഥാസമയം പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒഴിവുകളുണ്ടാകുമ്പോള്‍ കാലതാമസമില്ലാതെ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് സഹകരണ വകുപ്പ് ഒരുക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ പിന്തുണയും സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്നു. സംരംഭങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കുറവുകള്‍ നികത്തി ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കി സംരംഭത്തിന് ആവശ്യമായ മൂലധനം വായ്പയായി നല്‍കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉദാരമായ സമീപനമാണ് സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സംരംഭങ്ങള്‍ ഒരുക്കി സ്ഥിര വരുമാനം നേടാന്‍ കഴിയുന്ന തരത്തിലുള്ള 43,894 സംരംഭങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ സാര്‍ത്ഥകമായത്.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ വഴിയും കേരള ബാങ്ക് വഴിയും പ്രത്യേക വായ്പാ പദ്ധതിയും നടപ്പിലാക്കി വരുന്നു. രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി തുടങ്ങി. ചെറുകിട സംരംഭങ്ങള്‍ വഴി ഭിന്നശേഷിക്കാര്‍ക്കും സ്ഥിര വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


 കെയര്‍ ഹോമിലൂടെ ഭവന സമുച്ചയങ്ങൾ

കെയർ ഹോം പദ്ധതിയിലൂടെ ഭൂമിയും താമസ സ്ഥലവും ഇല്ലാത്തവര്‍ക്ക് 14 ജില്ലകളിലും ലൈഫ് പദ്ധതി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ  ആദ്യ ഭവന സമുച്ചയം തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 4 വീടുകള്‍ വീതമുള്ള പത്ത് ബ്ലോക്കുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറി. എല്ലാ സൗകര്യങ്ങളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പൊതു ഉപയോഗത്തിന് ആവശ്യമായ കുട്ടികളുടെ പാര്‍ക്ക്, യോഗങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഒത്തു ചേരുന്നതിനുള്ള പൊതുവായ ഹാള്‍, എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ജിം, വായനശാല തുടങ്ങിയ സൗകര്യങ്ങളും ഭവന സമുച്ചയങ്ങളില്‍ ഒരുക്കുന്നുണ്ട്. ജില്ലകളില്‍ സൗകര്യപ്രദമായ സ്ഥലങ്ങള്‍ ലഭ്യമാക്കുന്നതിന് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
ഒന്നാം ഘട്ട കെയര്‍ ഹോം പദ്ധതിയില്‍ ശേഷിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ശേഷിച്ച 11 വീടുകളില്‍ ഒരു വീടുകളായിരുന്നു പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്.


 30 യുവജന സഹകരണ സംഘങ്ങള്‍

ഒന്നാം ഘട്ട നൂറുദിന പരിപാടിയുടെ ഭാഗമായി 25 യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയ 30 യുവജന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സേവന മേഖലയിലും ഐടി മേഖലയിലും തുടങ്ങി വിവിധങ്ങളായ മേഖലകളിലാണ് യുവജന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കളുടെ കൂട്ടായ്മയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം, വാതില്‍പ്പടി സേവനം, കാര്‍ഷിക മേഖലയിലെ ഇടപെടല്‍, കാറ്ററിംഗ് സര്‍വ്വീസുകള്‍, എല്‍ഇഡി ലൈറ്റ് നിര്‍മ്മാണം, സോഫ്റ്റ് വെയര്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വിജയകരമായാണ് യുവജന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും പട്ടികജാതി, പട്ടിക വര്‍ഗ യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രാദേശികമായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തരത്തിലുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. ഈ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സഹകരണ മേഖലയില്‍ വിവിധ തലങ്ങളില്‍ യുവജനങ്ങളുടെ കഴിവും പ്രവര്‍ത്തന മികവും പരമാവധി ഉപയോഗിക്കാന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കഴിഞ്ഞു.



വനിതാ സഹകരണ സംഘങ്ങള്‍

വനിതാ സഹകരണ സംഘങ്ങള്‍ വഴി മാസ്‌ക്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ക്യാരിബാഗ്, പിപിഇ കിറ്റ് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിച്ചു മിതമായ നിരക്കില്‍ വിപണനം നടത്തി. പത്ത് വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ( രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമായും 3 ലക്ഷം രൂപ സബ്‌സിഡിയായും ) നല്‍കി. മികച്ച രീതിയില്‍ വനിതാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു.


കലാകാരന്മാരുടെ സഹകരണ സംഘം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവും അധികം വിഷമം നേരിട്ടത് കലാകാരന്മാരായിരുന്നു.  വേദികള്‍ നഷ്ടപ്പെടുകയും സമിതികള്‍ ഇല്ലാതാകുകയും ചെയ്ത അവസ്ഥയില്‍ ജീവിതം വഴിമുട്ടിയ കലാകാരന്മാരെ മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി ഒരു സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. സ്ഥിരമായ വേദികളൊരുക്കുക, കലാകാരന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കലാകാരന്മാരുടെ സഹകരണ സംഘം ആരംഭിക്കാന്‍ കഴിഞ്ഞു.



മുറ്റത്തെ മുല്ല വഴി വായ്പ നൽകിയത്  1272.92 കോടി രൂപ

ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ ബ്ലെയ്ഡ് പലിശക്കാരില്‍ നിന്നും രക്ഷിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് 1000 രൂപ മുതല്‍ 50000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയായ മുറ്റത്തെ മുല്ല വിജയകരമായി നടവിലാക്കി വരുന്നു. സഹകരണ ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്ന പണമാണ് സാധാരണക്കാര്‍ക്ക് അവര്‍ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടയില്‍ 11842 കുടുംബശ്രീ യൂണിറ്റുകള്‍ വഴി 3,56,628 പേര്‍ക്ക് 1272.92 കോടി രൂപ വായ്പയായി നല്‍കി.

തീരദേശ മേഖലയിൽ മത്സ്യ വിപണനം നടത്തുന്നവര്‍, മത്സ്യ അനുബന്ധ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് അഞ്ച് ദിവസം വരെ കാലാവധിയില്‍ 20,000 രൂപ നല്‍കുന്ന സ്നേഹതീരം പദ്ധതിയും വിജയകരം. മത്സ്യ വിപണനം നടത്തുന്നവര്‍ ദിവസ പലിശയ്ക്ക് കൊള്ളപ്പലിശക്കാരില്‍ നിന്നും വായ്പ എടുക്കാറുണ്ട്. രാവിലെ എടുക്കുന്ന വായ്പ വൈകുന്നേരം തിരിച്ചടച്ചാലും വലിയ പലിശയാണ് നല്‍കേണ്ടി വരുന്നത്. ഈ ചൂഷണം അവസാനിപ്പിക്കുന്നതിനാണ് തീരദേശമുള്ള 10 ജില്ലകളിലെ 175 സഹകരണ സംഘങ്ങള്‍ വഴി സ്‌നേഹതീരം വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ദിനംപ്രതി നിരവധി മത്സ്യ തൊഴിലാളികള്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപ മാത്രം കമ്മിഷനുള്ള ഈ വായ്പ എടുക്കുന്നുണ്ട്.



ഓൺലൈൻ പഠന സഹായമായി വിദ്യാതരംഗിണി

കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ സജീവമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണും ടാബ് ലെറ്റുകളും വാങ്ങുന്നതിന് സഹകരണ സംഘങ്ങളില്‍ നിന്നും പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി. 80265 വായ്പകളിലായി 77,68,47,581 രൂപ നല്‍കി.


നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങ്

പാലക്കാട് ഒഴികെയുള്ള ജില്ലകള്‍ പ്രവര്‍ത്തന പരിധിയായി കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പര്‍ 4505  രൂപീകരിച്ചു. സംഘത്തിന്റെ അധീനതയില്‍ കുട്ടനാടും അപ്പര്‍ കുട്ടനാടും പാലക്കാട് റൈസ് മില്‍ മാതൃകയില്‍ ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തനം നടന്നു വരുന്നു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് സംസ്‌കരിച്ച് കേരളത്തിനകത്തും പുറത്തും വിപണനം നടത്തും. പ്രവര്‍ത്തന പരിധിയില്‍പ്പെട്ട നെല്‍ കര്‍ഷകരെ സഹായിക്കുകയും നെല്‍ കൃഷി വ്യാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സംഘത്തിന്റെ മൂലധനം 310 കോടി രൂപയാണ്. കോട്ടയം ജില്ലയിലെ 26 കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ചേര്‍ന്നാണ് കോട്ടയം ആസ്ഥാനമായി കാപ്‌കോസ് രൂപീകരിച്ചത്.
പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് പാപ്‌കോസ് രൂപീകരിച്ചത്. 36 പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ അംഗങ്ങളാണ്. സര്‍ക്കാരില്‍ നിന്നും ഓഹരി മൂലധനമായി ഒരു കോടി രൂപയും സബ്‌സിഡിയായി ഒരു കോടി രൂപയും ചേര്‍ത്ത് രണ്ട് കോടി രൂപ അനുവദിച്ചു. മോഡേണ്‍ റൈസ് മില്‍ സ്ഥാപിക്കുന്നതിന് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കണ്ണമ്പ്ര വില്ലെജില്‍ മാങ്ങാട് 27.66 ഏക്കര്‍ സ്ഥലം വാങ്ങി. ഇവിടേയ്ക്കുള്ള 500 മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പദ്ധതിയുടെ സിവില്‍ വര്‍ക്ക് ഇ ടെണ്ടര്‍ നടപടി സ്വീകരിച്ചു സമയ ബന്ധിതമായി പൂര്‍ത്തിയാകുന്നു.


അശരണരായ സഹകാരികള്‍ക്കും അംഗങ്ങള്‍ക്കും കൈത്താങ്ങ്

സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നിരാലംബരായ സഹകാരികള്‍ക്ക് രോഗ ശുശ്രൂഷയ്ക്കും ചികിത്സയ്ക്കുമായി 50,000 രൂപയുടെ ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചു. അപേക്ഷകള്‍ പരിഗണിച്ച് സഹായധന വിതരണം ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തനിടയില്‍ രണ്ടു തവണ സഹകരണ സംഘം അംഗങ്ങള്‍ക്കുള്ള സമാശ്വാസ നിധി വിതരണം ചെയ്തു. രണ്ടാം തവണ അംഗ സമാശ്വാസ പദ്ധതിയില്‍ നിന്നും 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 11,060 അപേക്ഷകര്‍ക്കായാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്കാണ് സമാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കുന്നത്. ഇതുവരെയുള്ള അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സമാശ്വാസ നിധിയില്‍ നിന്നും 11,194 പേര്‍ക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു. അന്നു വരെയുള്ള എല്ലാ അപേക്ഷകളും പരിഗണിച്ചായിരുന്നു തുക അനുവദിച്ചത്.



പാലിയേറ്റീവ് കെയര്‍ / ഓള്‍ഡ് ഏജ് ഹോം


വൃദ്ധ മാതാപിതാക്കൾക്കായി പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍, ഓള്‍ഡ് ഏജ് ഹോം എന്നിവ നിര്‍മ്മിക്കും. തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞു. മറ്റിടങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.



 551 ഏക്കറിൽ വിഷരഹിത പച്ചക്കറി

സാധാരണക്കാര്‍ക്ക് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിന്  500 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 551.83 ഏക്കര്‍ സ്ഥലത്താണ് സഹകരണ സംഘങ്ങള്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവിടെ വിളയുന്ന പച്ചക്കറികള്‍ ന്യായ വിലയ്ക്ക് സഹകരണ സംഘങ്ങള്‍ തന്നെ സംഭരിച്ച് ഗ്രാമീണ ചന്തകള്‍ വഴി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അനിയന്ത്രിത കീടനാശിനി തളിച്ച പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാന്‍ സഹകരണ മേഖല ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.


സെമിസ് : ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ മെഡിസെപ്  മാതൃകയില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സെമിസ് എന്ന പേരിലെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അനിയന്ത്രിതമായ ചികിത്സാ ചെലവ് സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് തരണം ചെയ്യാനാകും.



സമ്പൂര്‍ണ ഇ ഓഫീസ്

സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ സമ്പൂര്‍ണ ഇ ഓഫീസ് സംവിധാനം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ ഓഫീസുകളിലെയും കമ്പ്യൂട്ടര്‍ വല്‍ക്കരണ പരിപാടിയും പൂര്‍ത്തിയായി. ഇതോടെ സഹകരണ മേഖലയിലെ എല്ലാ ഓഫീസുകളും ഒരു നെറ്റ് വര്‍ക്കിനു കീഴിലാകുകയും സേവനങ്ങള്‍ അതിവേഗം ലഭ്യമാകുകയും ചെയ്യുന്നു.  
സഹകരണ പരീക്ഷാ ബോര്‍ഡിലും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. ഇനി മുതല്‍ പരീക്ഷാ നടത്തിപ്പും പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കഴിയും. പരീക്ഷാ നടത്തിപ്പ് പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്നതിനുള്ള സോഫ്റ്റ് വെയറും പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കുന്ന കോമണ്‍ സോഫ്റ്റ് വെയര്‍ സംവിധാനം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടിആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആര്‍എഫ്പി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.


 സഹകരണ ഓഡിറ്റും കാമിസും

സഹകരണ സംഘങ്ങളുടെ ഓഡിറ്റിംഗില്‍ സമഗ്ര മാറ്റം. പ്രത്യേക ഓഡിറ്റ് സംവിധാനം. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ഡയറക്ടേറ്റ് സ്ഥാപിച്ചു.
 സഹകരണ സംഘങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ലോകത്തെവിടെ നിന്നും ഒറ്റ ക്ലിക്കില്‍ ആര്‍ക്കും അറിയാന്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് സിസ്റ്റം ( സിഎഎംഐഎസ് - കാമിസ് )


തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം


സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒതുങ്ങി പോകാതെ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതി എസ്‌കെഡിസി (സെറര) സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡെവലപ്പ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവനക്കാരുടെ കാര്യക്ഷമതയും പ്രവര്‍ത്തന മികവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഇടപെടലായി കേപ്പ് മാറി.


സഹകരണ എക്‌സ്‌പോ 2022

സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും പ്രാദേശിക സംഘങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായാണ് എക്‌സ്‌പോ തീരുമാനിച്ചത്. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ച സഹകരണ എക്‌സ്‌പോ വന്‍ വിജയമായി. 210 സ്റ്റാളുകളിലായി നടന്ന പ്രദര്‍ശനം ലക്ഷകണക്കിന് ആളുകള്‍ കണ്ടു.
സെമിനാറുകളില്‍ സഹകരണ മേഖലയെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഗൗരവ്വമായ ചര്‍ച്ച നടന്നു. സ്റ്റാളുകളില്‍ രണ്ടരക്കോടിയിലധികം രൂപയുടെ വിപണനം നടന്നു.


സഹകരണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും വിപണനവും


സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ഏകീകൃത ബ്രാന്‍ഡിംഗ് കൊണ്ടു വന്ന് വിപണി ശൃംഖല കെട്ടിപടുക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക, ദേശീയ അന്തര്‍ ദേശീയ വിപണിയില്‍ ചുവടുറപ്പിക്കുക, പ്രധാന സ്ഥലങ്ങളില്‍ ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കുക. ഗുണനിലവാര പരിശോധനാ ലാബുകള്‍ സ്ഥാപിക്കുക, ഓണ്‍ ലൈന്‍ വിപണി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടി സഹകറണ വകുപ്പ് രൂപം നല്‍കി പദ്ധതിയാണ്  ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫ് കോ ഓപ്പറേറ്റീവ് പ്രോഡക്ട്‌സ്.
. സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിന്റെയും മറ്റ് യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ സഹകരണ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. രീീുസലൃമഹമ  എന്ന സര്‍ട്ടിഫിക്കേഷന്‍ നല്‍കി തുടങ്ങി.


നാട്ടകത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കും

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തിന്റെ വക ഭൂമിയില്‍ നാട്ടകത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംഘത്തിന് നല്‍കി. ബഹു. സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ 18 അംഗ ഉപദേശക സമിതി രൂപീകരിച്ചു. കണ്ടന്റ് കമ്മിറ്റി രൂപീകരിച്ചു. പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചു. മൂന്ന് കോടി രൂപ നല്‍കി. പ്രവര്‍ത്തനം പുരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ഭാഷകള്‍, ഇപ്പോള്‍ നിലവിലുള്ള ഭാഷകള്‍, അവയുടെ ചരിത്രം, സാംസ്‌കാരിക സ്വാധീനം, മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍, അപൂര്‍വ്വമായ ഗ്രന്ഥങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ ശേഖരിച്ച് പ്രദര്‍ശനം നടത്തുകയും പഠനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷര മ്യൂസിയം സ്ഥാപിക്കുന്നത്. ലോകത്തെ പ്രധാന പഠന പ്രദര്‍ശന കേന്ദ്രമായി ഇതു മാറും.


ആദിവാസി പിന്നോക്ക മേഖലയിലെ ഇടപെടല്‍

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഗര്‍ഭിണികളായ സ്ത്രീ സ്ത്രീകള്‍ക്ക് ഗൈനക്കോളജസ്റ്റിന്റെ സേവനം ഉറപ്പു വരുത്തിയും വിവിധങ്ങളായ ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അട്ടപ്പാടിയിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സംരക്ഷണത്തിനായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. സോഷ്യല്‍ ആഡിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 6924 രോഗികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ, 3042 ഔട്ട് പേഷ്യന്റ്, 2022 ഇന്‍പേഷ്യന്റ് 1860 വിവിധ പരിശോധനകള്‍ , അഞ്ച് പേര്‍ക്ക് ബൈപ്പാസ് സര്‍ജറി, 46 പേര്‍ക്ക് ആന്‍ജിയോബ്ലാസ്റ്റി, ശിശു രോഗ വിഭാഗത്തില്‍ ഒന്നര കിലോഗ്രാമില്‍ കുറവ് തൂക്കമുള്ള 35 കുട്ടികള്‍ക്ക് തുടര്‍ ചികിത്സ എന്നിവ നല്‍കി. 2021 -2022 സാമ്പത്തിക വര്‍ഷത്തില്‍ 205 ലക്ഷം രൂപ ( ഓഹരി 30 ലക്ഷം + സ്ബ്‌സിഡി 175 ലക്ഷം ) വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തു.


സമഗ്ര നിയമ പരിഷ്‌കരണവും വനിതാ പ്രാതിനിധ്യവും

സഹകരണ രംഗത്തെ അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുമായി സമഗ്ര നിയമ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അടിയന്തരമായി നിയമ നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാക്കും.  വിദ്ഗദ്ധര്‍ അടങ്ങിയ പാനല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി കരട് ബില്‍ തയ്യാറാക്കി വരുന്നു.
ക്ഷീര കര്‍ഷക മേഖലയില്‍ സമഗ്രമായ മാറ്റത്തിനും അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും സ്ഥിരമായി ഒരു ഭാരവാഹി തന്നെ സംഘങ്ങളിലും അപ്പെക്‌സ് സംഘങ്ങളിലും തുടരുന്നത് തടയുനന്നതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി. ക്ഷീരമേഖലയില്‍ കൂടുതലായുള്ള സ്ത്രീകളെ പരിഗണിക്കാന്‍ വേണ്ടി പ്രാഥമിക സംഘങ്ങളില്‍ അടക്കം ഭാരാവാഹി സ്ഥാനങ്ങളില്‍ വനിതാ പ്രാതിനിധ്യം പുതിയ വ്യവസ്ഥയിലൂടെ ഉറപ്പു വരുത്തി. ഭാരവാഹി സ്ഥാനങ്ങളിലേയ്ക്ക് വരുന്നവര്‍ക്ക് നിര്‍ബന്ധമായും കറവ മൃഗം ഉണ്ടാകണമെന്ന വ്യവസ്ഥയും നിശ്ചിത അളവില്‍ പ്രാദേശിക സംഘത്തില്‍ പാലളക്കണമെന്ന് വ്യവസ്ഥയും ഉള്‍പ്പെടുത്തിയതോടെ ഭാരവാഹികളാകാന്‍ മാത്രമായി എത്തുന്നവരെ തടയാന്‍ കഴിഞ്ഞു.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here