സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ/ സഹകാരികൾ പറയുന്നു.. ഭാഗം-3
വൈവിധ്യവത്കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്.വൈവിധ്യവത്കരണം നടപ്പിലാക്കുന്ന സഹകരണ ബാങ്കുകൾ ഒരു പാട് ബുദ്ധിമുട്ടുകൾ നേരിടുന്നുമുണ്ട്. ഈ വിഷയത്തെക്കുറിച്ച് പ്രമുഖ സഹകാരികൾ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്ന 'സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ' എന്ന പരമ്പര തുടരുകയാണ്.
കേരളത്തിൽതന്നെ വൈവിധ്യവൽക്കരണരംഗത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന തൃശൂർ ജില്ലയിലെകാട്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാർ അനുഭവം പങ്കുവെയ്ക്കുകയാണിവിടെ. ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലെക്സിലെ 15 സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ബിസിനസ് സംരംഭങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ നേർസാക്ഷ്യം...
1998 മുതലാണ് ഞങ്ങളുടെ ബാങ്ക് ബാങ്കിംഗ് ഇടപാടിന് അപ്പുറത്തുള്ള മറ്റു പദ്ധതികളിലേക്ക് കടന്നത്. ഞങ്ങൾ നിർമ്മിച്ച ഷോപ്പിംഗ് കോപ്ലക്സിൽ കൺസ്യുമർ ഷോപ്പ് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് മെഡിക്കൽ ഷോപ്പ് ആരംഭിച്ചു. ഇപ്പോൾ രണ്ടാം നിലയിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ടൈലറിങ് യുണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. കോംപ്ലക്സിലെ
ചില മുറികൾ വാടകയ്ക്കും കൊടുത്തിട്ടുണ്ട്.
ഇവിടെ വിവിധ തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. അതുകൊണ്ടുതന്നെ ഒന്നിനല്ലെങ്കിൽ മറ്റൊന്നിനായി പഞ്ചായത്തിലെ ഭൂരിപക്ഷം പേരും ദിവസവും ബാങ്കുമായി ഇടപെടുന്നു.300 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ കൊടുക്കുവാനും സാധിക്കുന്നുണ്ട്.

വിജയകുമാർ
സെക്രട്ടറി ,കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
2010 ലാണ് ഓയിൽ മില്ല് തുടങ്ങുവാൻ ബാങ്ക് തീരുമാനിച്ചത്. പക്ഷെ നമ്മുടെ നാട്ടിലെ ചുവപ്പു നാടയിൽ കുരുങ്ങി എട്ട് വർഷം കാത്തിരിക്കേണ്ടി വന്നു. 2018 ലാണ് അത് യഥാർഥ്യമായത്. തമിഴ് നാട്ടിൽ നിന്നൊക്കെ വരുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വരവ് ഭീഷണിയാണ്. ഇത് തടയാൻ ഗവണ്മെന്റ് ഭാഗത്തു നിന്നും ഇപ്പോഴും ഒരു നടപടിയുമില്ല.ഔഷധിയിലേക്കും, കൺസ്യുമർ ഫെഡിലേക്കുമുള്ള ഓർഡറുകൾ ഉള്ളതു കൊണ്ട് കൂടിയാണ് ഞങ്ങൾ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നത്.
നാട്ടിൽ ഒരു വ്യവസായം വരുമ്പോൾ നേരിടേണ്ടിവരുന്ന എതിർപ്പ്, ബിൽഡിംഗ് നമ്പർ കിട്ടുവാനുള്ള താമസം എന്നിവയെല്ലാം തടസ്സമായിരുന്നു.ഒരു കെട്ടിടത്തിൽ 10 ടോയ്‌ലെറ്റ് വേണമെന്നാണത്രെ ബിൽഡിംഗ് റൂൾ. ഇത്രയും എണ്ണത്തിന്റെ ആവശ്യമുണ്ടോ എന്നത് ഒരു ചോദ്യമാണ്. കറന്റ് കണക്ഷനുമായി ബന്ധപ്പെട്ടും കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
പക്ഷെ ഇതൊക്കെ പരിഹരിക്കാൻ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്നോ, ഡിപ്പാർട്ട്മെന്റ് ഭാഗത്തു നിന്നോ ഒരു ശ്രമവും ഉണ്ടായിട്ടില്ല.
ഏതെങ്കിലും ഒരു വ്യക്തിയാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ പകുതിയിലെ ഇട്ടു പോകുമായിരുന്നു. ഇനി തുടങ്ങിയാൽ തന്നെ ലാഭകരമായി മുന്നോട്ട് പോകണമെങ്കിൽ ശക്തമായ മാർക്കറ്റിങ് വേണം. കോവിഡ് രൂക്ഷമായ സമയത്ത് സപ്ലൈക്കോ യുടെ 12 കോടി രൂപയ്ക്കുള്ള തുണിസഞ്ചി ഓർഡർ കിട്ടിയിരുന്നു.അതു മൂലം 500 പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത് അത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു.വൈവിധ്യ വത്കരണം ഉള്ളതു കൊണ്ടു മാത്രമാണ് അത് സാധിച്ചത്. വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായി പ്രവർത്തിച്ചു വരുന്ന ബാങ്കുകൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടാനും സാഹചര്യമൊരുക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment