ദേശീയ സഹകരണ നയം; കേരളം എന്തു ചെയ്യും?
സഹകരണ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വഴി വെച്ചാണ് ദേശീയ സഹകരണ നയം പ്രഖ്യാപിച്ചത്. സഹകരണ മേഖലയില്‍ കേരളം മുമ്പ് നടപ്പിലാക്കിയ ആശയങ്ങള്‍ രാജ്യവ്യാപകമാക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളാണ് സഹകരണ നയത്തില്‍ ഉള്ളതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ സഹകരണ നയം കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ലെന്നും സഹകരണം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്കാണെന്നുമാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേന്ദ്ര സഹകരണ നയത്തെക്കുറിച്ച് കോ- ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനറുമായ സാജിദ് എം. ആനക്കുഴി പറയുന്നു
ദേശീയ സഹകരണ നയവും കേരളത്തിന്റെ ആശങ്കകളും
സഹകരണം സംസ്ഥാന വിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സഹകരണം സംസ്ഥാന വിഷയമാണെന്ന് പ്രതിപാദിക്കുന്നു. സഹകരണം സംസ്ഥാന വിഷയമാകുമ്പോള്‍, കേന്ദ്രം അവതരിപ്പിക്കുന്ന നയങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പിലാക്കിയാല്‍ മാത്രമേ അതിന് പ്രാബല്യമുണ്ടാകൂ. രാജ്യസഭയും ലോക്‌സഭയും നിയമം പാസാക്കിയാല്‍ മാത്രം കാര്യമില്ലെന്നും രാജ്യത്തെ 50% സംസ്ഥാനങ്ങളും ഇത് അംഗീകരിക്കണമെന്നും അഥവാ മറ്റ് സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ സംസ്ഥാന വിഷയമായ സാഹചര്യത്തില്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുത്താനും വരാതിരിക്കാനും അധികാരമുണ്ടെന്നും സാജിദ് എം. ആനക്കുഴി വ്യക്തമാക്കി. നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും നടപ്പിലാക്കാതെ പോയതാണ്. അതിന്റെ പ്രധാന കാരണം ഇത് സംസ്ഥാന വിഷയമാണ് എന്നതാണ്. അന്ന് മോഡല്‍ ബൈലോയും ഏകീകൃത നിയമങ്ങളും കൊണ്ടുവന്നെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഓരോ സംസ്ഥാനത്തെയും സഹകരണ നയങ്ങള്‍ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തെയും കാര്‍ഷിക ഭൂപ്രകൃതികള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥ അല്ല കേരളത്തിലേത്. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ സഹകരണമേഖലയില്‍ ഒരു ഏകീകൃത രീതി കൊണ്ടുവരിക എന്നത് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന കാര്യമല്ല. ഇത് നടപ്പിലാക്കുമോ ഇല്ലയോ എന്നത് കാലം തെളിയിക്കേണ്ട വിഷയമാണ് ' - സാജിദ് എം ആനക്കുഴി ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനങ്ങള്‍ ദേശീയ സഹകരണ നയം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്താല്‍ ഈ നിയമം നിലനില്‍ക്കില്ല. നിലനില്‍ക്കണമെങ്കില്‍ സംസ്ഥാനങ്ങളുടെ കൂടി അംഗീകാരം ആവശ്യമാണ്. കേന്ദ്രം ഏകീകൃതമായ പല സഹകരണ നയങ്ങളും കൊണ്ടു വന്നിരുന്നുവെങ്കിലും നടപ്പിലാക്കാതെ പോയതിന്റെ പ്രധാന കാരണം ഇതു തന്നെയാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കേന്ദ്ര സഹകരണ നയം എന്ന് കരുതാതിരിക്കാന്‍ ആവില്ലെന്നും അദ്ദേഹത്തിന്റെ പക്ഷം.
ദേശീയ ഡാറ്റാബേസ്
ഓരോ സംസ്ഥാനത്തെയും ഡാറ്റകള്‍ വ്യത്യസ്തമാണ്. ഡാറ്റാബേസുകള്‍ ബന്ധിപ്പിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്തിലെ ഡാറ്റാബേസിന് അനുസൃതമായി നമ്മുടെ ഡാറ്റകളും മാറ്റേണ്ടിവരും. ഇത് നടപ്പിലാക്കാനാവുന്ന കാര്യമല്ല. ഡാറ്റാബേസുകള്‍ ഏകീകൃത ഡാറ്റാബേസിന് കീഴില്‍ കൊണ്ടു വരിക എന്നതും ഡാറ്റാ ബേസുകള്‍ കൈമാറുക എന്നതും പ്രായോഗികമായ കാര്യമല്ല എന്നതാണ് തന്റെ അഭിപ്രായമെന്നും അതുകൊണ്ടാണ് സംസ്ഥാന വിഷയമായി ഇതിനെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു നില്‍ക്കുന്നതെന്നും സാജിദ് എം. ആനക്കുഴി പറഞ്ഞു.
സഹകരണനയം കേരളത്തിന് നേട്ടമോ ?
ദേശീയ സഹകരണ നയത്തില്‍ കേരളത്തിന് ചില ഗുണങ്ങളുണ്ട്. എന്നാലും കേരളത്തിലെ സഹകരണ നിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ആശങ്കകള്‍ക്ക് വകയുണ്ട്. ഓള്‍ ഇന്ത്യ ഓഹരിയില്‍ 75% നിക്ഷേപങ്ങളും കേരളത്തില്‍നിന്നാണ്. ഒരു ഏകീകൃത രീതി കൊണ്ടുവരുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ സഹകരണ മേഖലയിലും ഉണ്ടാകും. അത് ഒഴിവാക്കുക എന്നത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. കേരളത്തിലെ സഹകരണ സംഘങ്ങളും പ്രവര്‍ത്തനങ്ങളും പോലെയല്ല കര്‍ണ്ണാടകത്തിലും ബീഹാറിലും ആന്ധ്രയിലും ഉള്ളത്. ഘടനകള്‍ വ്യത്യസ്തമാണ്. ത്രീ ടയര്‍ സ്ട്രക്ചര്‍ ആയിരുന്നു നബാര്‍ഡ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ സംസ്ഥാന വിഷയം എന്ന നിലയിലാണ് അത് ടൂ ടയര്‍ ആക്കിമാറ്റിയത്. വീണ്ടും അത് ത്രീ ടയറിലേക്ക് കൊണ്ടുപോവുകയെന്നത് അത്ര പ്രായോഗികമായ കാര്യം അല്ല. നിലവിലുള്ള സമ്പ്രദായം അനുസരിച്ചേ കേരളത്തിന് തുടര്‍ന്നു പോകാന്‍ കഴിയൂ എന്നും സാജിദ് എം. ആനക്കുഴി വ്യക്തമാക്കി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment