സഹകരണ വായ്പകള്‍ക്ക് അധിക പലിശയിളവ്; 'ആശ്വാസ്' മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍

 


അശ്വതി ആര്‍.പിള്ള
 

തിരുവനന്തപുരം: സഹകരണസംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്ന ആശ്വാസ് -2026 പദ്ധതിയില്‍ കൂടുതല്‍ പലിശയിളവുകള്‍ അനുവദിച്ചു. ഇത് സംബന്ധിച്ച  സര്‍ക്കുലര്‍ സഹകരണസംഘം രജിസ്ട്രാര്‍ കെ. ഇമ്പശേഖര്‍ പുറത്തിറക്കി. 

ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ 100ദിന പരിപാടിയായാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശപ്രകാരം 50,000 രൂപ വരെയുള്ള  വായ്പകളില്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയായ വായ്പകള്‍ക്ക് സംഘംതല കമ്മിറ്റിക്ക് പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കാവുന്നതാണ്. അഞ്ച്  വര്‍ഷത്തില്‍ താഴെ കുടിശ്ശികയായ വായ്പകളില്‍ സംഘംതല കമ്മിറ്റിക്ക് പലിശയില്‍ പരമാവധി 50%  വരെ ഇളവ് നല്‍കി വായ്പാക്കണക്ക് അവസാനിപ്പിക്കാവുന്നതാണ്. 

50,000 രൂപയ്ക്ക് മുകളില്‍ 5,00,000 രൂപവരെയുള്ള വായ്പകള്‍ക്ക് സംഘംതല കമ്മിറ്റിക്ക് പലിശയില്‍ പരമാവധി 25% വരെയും താലൂക്ക്തല കമ്മിറ്റിക്ക് 35% വരെയും ജില്ലാതല കമ്മിറ്റിക്ക് 50% വരെയും ഇളവ് നല്‍കാം. 

5,00,000 രൂപയ്ക്ക് മുകളില്‍ 25,00,000 രൂപ വരെയുള്ള വായ്പകളില്‍ 1 വര്‍ഷം കുടിശ്ശികയായ വായ്പകള്‍ക്ക് വായ്പ അനുവദിച്ച സമയത്തുള്ള പലിശ നിരക്കോ നിലവിലുള്ള പലിശ നിരക്കോ ഏതാണോ കുറവ് അതുപ്രകാരം വായ്പാക്കണക്ക് അവസാനിപ്പിക്കാവുന്നതാണ്. 1 വര്‍ഷം മുതല്‍ 3  വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞി നിരക്കില്‍ പലിശ കണക്കാക്കി പലിശയുടെ 10% വരെ ഇളവ് നല്‍കാം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പലിശ കണക്കാക്കി 15% വരെ ഇളവും 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പലിശ കണക്കാക്കി 25% വരെ ഇളവ് നല്‍കാം. 

25,00,000 മുതല്‍ 50,00,000 വരെയുള്ള  1 വര്‍ഷം കുടിശ്ശികയായ വായ്പകള്‍ക്ക് വായ്പ അനുവദിച്ച സമയത്തുള്ള പലിശ നിരക്കോ നിലവിലുള്ള പലിശ നിരക്കോ ഏതാണോ കുറവ് അത് പ്രകാരം വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്. ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കുടിശ്ശികയായ  വായ്പകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പലിശ കണക്കാക്കി പലിശയുടെ 5% വരെ ഇളവ് നല്‍കാം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പലിശ കണക്കാക്കി 10% വരെയും 5 വര്‍ഷം മുതല്‍ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ പലിശ കണക്കാക്കി 15% വരെയും ഇളവ് നല്‍കാം.


ഗുരുതര രോഗം ബാധിച്ചവര്‍ക്കും പരമാവധി ഇളവ് നല്‍കി വായ്പാ ബാധ്യത അവസാനിപ്പിക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. താലൂക്ക് തല സമിതിയില്‍ എം.എല്‍.എമാരെയും ജില്ലാതല സമിതിയില്‍ എം.എല്‍.എമാരെയും എം.പിമാരെയും ഉള്‍പ്പെടുത്തും. സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍ സഹകരണവകുപ്പ് മന്ത്രിയായിരിക്കും. 


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here