ഇരിക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; കേസെടുക്കാന്‍ കോടതി ഉത്തരവ്

കണ്ണൂർ: നിക്ഷേപിച്ച തുക തിരികെ നൽകിയില്ലെന്നും  കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കും  ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം  കോടതിയാണ് ഉത്തരവിട്ടത്. നിക്ഷേപകരായ റിട്ട.  പ്രിൻസിപ്പൽ സി. പത്മനാഭൻ, പി ശ്രീജ എന്നിവർ അഡ്വ. മുഹമ്മദ് രിഫായി  പാമ്പുരുത്തി മുഖേന നൽകിയ പരാതിയിലാണ് ഉത്തരവ്.   ബാങ്ക് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം ആറു പേരെ പ്രതി ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതിയുടെ നിർദ്ദേശം. 


 ചികിത്സാ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ എത്തിയ  നിക്ഷേപകരെ ബാങ്ക് അധികൃതർ തെറ്റിദ്ധരിപ്പിച്ചവെന്നും  സ്ഥിര നിക്ഷേപം  സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റാനും വലിയ നിക്ഷേപങ്ങൾ വിഭജിച്ച്  പലരുടെ പേരിലാക്കാനും  നിർബന്ധിച്ചു എന്നും  ഇപ്രകാരം ചെയ്താൽ ഉടൻ പണം നൽകാമെന്ന് വിശ്വസിപ്പിച്ചെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ലെന്നും  പരാതിയിൽ  ആരോപിക്കുന്നു.


 ബാങ്കിൻ്റെ പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകി കോടികൾ വായ്പ നൽകിയെന്നും ഭരണസമിതിക്ക് താല്പര്യമുള്ളവർക്ക് നൽകിയ വലിയ തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ബാങ്കിലെ സ്വർണ ഉരുപ്പടികൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഒന്നാം പ്രതിയായ സെക്രട്ടറി നിലവിൽ വിദേശത്താണുള്ളത്.  രാജിവെച്ചുപോയ ഭരണസമിതി അംഗങ്ങളിൽ ഒരാൾ നിലവിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട്, ഒരാൾ പഞ്ചായത്തംഗം, മറ്റൊരാൾ ബ്ലോക്ക് പഞ്ചായത്തംഗം, ഒരാൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് എന്നിങ്ങനെ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ ആണ്.   പോലീസിനും  മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here